നല്ല സൃഷ്ടിയിലൂടെ മാത്രമേ നാം നല്ല സൃഷ്ടികൾ എന്തെന്ന് തിരിച്ചറിയുന്നുള്ളൂ. സാഹിത്യം, ചലച്ചിത്രം, ചിത്രകല എന്നിങ്ങനെ വിവിധ രംഗങ്ങളുടെ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തോ അത് ഗ്രഹിക്കുകയും ഇന്നലെയുടെയും ഇന്നിന്റെയും പഴയതിനെ പിന്തള്ളുകയും നാളെയുടെ രൂപിമങ്ങളെ കണ്ടെത്തുകയും പരീക്ഷണാത്മകമായി, സത്യസന്ധതയോടെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ് സൃഷ്ടികൾ നവീകരിക്കപ്പെടുന്നത്. കലയുടെ സൗന്ദര്യതത്വശാസ്ത്രം പോലും പരിണമിക്കുന്നു. ഇത് മറ്റൊരു തരത്തിൽ പറഞ്ഞാൽ ചരിത്ര നിർമ്മിതി കൂടിയാണ്.
ആസ്വാദന നിലവാരത്തിന്റെ കാര്യത്തിൽ മലയാള പൊതുസമൂഹത്തിന് വലിയ പരിമിതിയുണ്ട്. ഇത് ക്വാണ്ടിറ്റിയും ക്വാളിറ്റിയും തമ്മിലുള്ള പ്രശ്നമാണ്. സർഗാത്മക ചിന്തകൾ എപ്പോഴും ക്വാളിറ്റിയുടെ പാതയിലാണ്. ക്വാണ്ടിറ്റിയെ ലക്ഷ്യമാക്കുന്ന പ്രവണതയ്ക്ക് പെട്ടെന്ന് പ്രചാരം, പണം, പദവി, പുരസ്‌കാരം എന്നിവയൊക്കെ കുറുക്കുവഴികളിലൂടെ നേടാനാവും. പക്ഷേ അതിന് പ്രസക്തിയോ നിലനിൽപ്പോ ഇല്ല. പതിരുകൾ പോലെയാണവ.
പ്രതിസംസ്കാരത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ ചരിത്രാവബോധം നമ്മെ ബാല്യം മുതൽക്കേ സഹായിക്കുന്നു. പഠനവും പരിശ്രമവും സഹനവും തീക്ഷ്ണതയും അർപ്പണവും ആഴത്തിലുള്ള കാഴ്ചയും ഏതൊരാൾക്കും ഏതു രംഗത്തും പുതിയ വഴികൾ തെളിക്കും. ഭൂതകാലം ഓർമ്മിപ്പിക്കുന്നതും അതുതന്നെയാണ്.
നല്ല സൃഷ്ടിയിലേക്കുള്ള ഏകാഗ്രത മെച്ചപ്പെട്ട ചരിത്രാവസ്ഥയ്ക്ക് ഇടം നൽകുകയും ചെയ്യും….
മലയാളത്തിനും ഇംഗ്ളീഷിനും അപ്പുറം ഓരോ രാജ്യങ്ങളിൽ നിന്നുള്ള, വിവിധ ഭാഷകളിലുള്ള സൃഷ്ടികൾ മുന്നോട്ട് പോകുന്നതും നാം അറിയുകയും വേണം. ഇന്ന് ശക്തമായ നിരൂപണം ഇല്ലാത്തതിനാലാണ് വ്യാജനിർമ്മിതികൾ കടന്നുകയറ്റം നടത്തുന്നത്. മോഷണത്തിന് പോലും അവാർഡ് കൊടുക്കുന്ന പ്രവണത നാം കണ്ടുവരുന്നു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. അതിനാൽ നിരൂപണത്തിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. നല്ല നിരൂപകരെ കണ്ടെത്തേണ്ടതുമുണ്ട്. എങ്കിൽ മാത്രമേ നല്ല സൃഷ്ടികൾക്ക് വഴിതെളിയൂ.
സാഹിത്യ പരിചയവും അവബോധവും ഇല്ലാത്തവർ എഴുതി വെയ്ക്കുന്ന മാലിന്യത്തെ ബിംബവൽക്കരിക്കേണ്ടതില്ല. നെല്ലും പതിരും തിരിച്ചറിയാൻ ശേഷിയുള്ള ചെറിയൊരു വിഭാഗം ഇപ്പോഴും മലയാളത്തിനുണ്ട്…
അവരോടൊപ്പം ലിമ വേൾഡ് ലൈബ്രറി പ്രസ്ഥാനം മുന്നേറട്ടെ.! നവീകരണ കാലത്തിന്റെ കവാടങ്ങൾ തുറക്കപ്പെടട്ടെ! ആശംസകൾ!










നല്ല അവതരണം… 👌