മനസുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക എന്ന സന്ദേശവുമായി ദുബായ് രാജ്യാന്തര എക്സ്പോ വേദി തുറന്നു. സംഗീതവും ദൃശ്യചാരുതയും കൈകോർത്ത രാവിൽ എക്സ്പോ ഉദ്ഘാടനം ചെയ്തതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു അൽ വാസൽ പ്ളാസയിലെ ഉദ്ഘാടന ചടങ്ങുകൾ.
മഹാമാരിയുടെ കാലത്ത് ലോകത്തെ ഏറ്റവും വലിയ ഒത്തുചേരലാണ് ദുബായ് എക്സ്പോ. 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് ദുബായ് എക്സ്പോയെ വ്യത്യസ്തമാക്കുന്നത്. കോവിഡ് കാലത്ത് യുഎഇ സ്വീകരിച്ച നടപടികളാണ് എക്സ്പോ യാഥാർഥ്യമാക്കിയത്. കോവിഡിനു മുൻപുള്ള കാലത്തേക്ക് മടങ്ങാതെ കോവിഡാന്തര കാലത്തേക്കുള്ള സുരക്ഷിതമായ യാത്രയാണ് യുഎഇ യാഥാർഥ്യമാക്കുന്നത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന എക്സ്പോ കോവിഡ് കാരണമാണ് ഈ വർഷത്തേക്ക് മാറ്റിയത്. പക്ഷേ, എക്സ്പോയുടെ ലക്ഷ്യങ്ങളിൽ മാത്രം ദുബായ് ഒരുമാറ്റവും വരുത്തിയിട്ടില്ല.
ലോകത്തെ ഒരുമിപ്പിക്കുന്നതിനുള്ള വേദിയാണ് ദുബായ് എക്സ്പോ. പ്രതീക്ഷയോടെ, ശുഭാപ്തിവിശ്വാസത്തോടെ ഒരുമിച്ചുകൂടുന്നതിനായി ഒരിടമാണ് മനുഷ്യർ ഈ കാലഘട്ടത്തിൽ തിരയുന്നത്. നിങ്ങളുടെ ഏതുതാൽപര്യത്തിനുമനുസരിച്ചുള്ള കാര്യങ്ങളും എക്സ്പോയിലുണ്ടാകും
ദുബായ് അൽ മക്തും വിമാനത്താവളത്തിനു സമീപം മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വിസ്മയക്കാഴ്ചകൾക്ക് വേദിയായി മാറിയിരിക്കുന്നത്. 6.8 ബില്യൺ ഡോളർ നിർമാണങ്ങൾക്കായി ചെലവഴിച്ചു. സസ്റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പർച്യൂണിറ്റി എന്നിങ്ങനെ മൂന്നു മേഖലകളിലായാണ് എക്സ്പോ വേദി ക്രമീകരിച്ചിരിക്കുന്നത്. രണ്ടരക്കോടി സന്ദർശകരെയാണ് ആറുമാസങ്ങളിലായി പ്രതീക്ഷിക്കുന്നത്. നിർമിത ബുദ്ധിയും ബഹിരാകാശ ഗവേഷണവുമടക്കം വിവിധ മേഖലകളിലെ വാണിജ്യവ്യാപാരസാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വേദികൂടിയായിരിക്കും ദുബായ് എക്സ്പോ.













