LIMA WORLD LIBRARY

സ്വാസ്ഥ്യാസ്വാസ്ഥ്യം: -ശ്രീനിവാസ് ആർ ചിറയത്ത്മഠം

പുരാതനകാലത്ത് വളരേക്കുറച്ച് നിത്യോപയോഗ ഉപകരണങ്ങളേ, കണ്ടുപിടിച്ചതായിട്ടുണ്ടായിരുന്നുള്ളൂ.
എന്നാലിന്നോ, ഏതൊരു കാര്യത്തിനും യന്ത്രംതന്നെ.
എന്തിനേറേപ്പറയണം, ഒരുകാലത്ത് അസാങ്കൽപ്പികം പോലുമായിരുന്ന പലതും ഇന്ന് അനുഭവത്തിലാണ്!

ഇന്ന്, സാമാന്യമെല്ലാവീടുകളിലും ഗ്യാസ് ഉപലബ്ധമാണ്.

ദാരിദ്ര്യരേഖക്കുതാഴെ ജീവിക്കുന്നവരുടെ വീടുകളിൽപ്പോലും മണ്ണെണ്ണ അടുപ്പെങ്കിലും കാണാം.

അങ്ങിനെ, കാടായകാടുംതേടി മരം വെട്ടി വിറകുകീറിയുണക്കിക്കത്തിച്ച് ആഹാരം പാകം ചെയ്യേണ്ട അദ്ധ്വാനവും തന്മൂലം വമിക്കുന്ന പുകയും ഒഴിവായിക്കിട്ടിയെന്നു മാത്രമല്ലാ, പക്ഷെ ധാരാളം സമയവും ലാഭമായി.

അങ്ങിനെ, യാന്ത്രികയുഗം ഉദയം ചെയ്തിട്ടും, അതിന്റെ ആദ്യകാലത്ത് കുറച്ചെല്ലാം മനുഷ്യയത്നംകൂടാതെ, അവയെ പ്രവർത്തിപ്പിക്കുക അസാദ്ധ്യമായിരുന്നെങ്കിൽ ഇന്നോ, കേവലം സ്വിച്ചമർത്തുകയോ, തിരിക്കുകയോ മാത്രം ചെയ്താൽ മതിയെന്ന നിലയുമെത്തി!

പിന്നെ, മറ്റേതൊരു കാര്യത്തിനും, അതാതു കടകൾ സന്ദർശിച്ചാൽ, എല്ലാ തയ്യാറുൽപ്പന്നങ്ങളും, പൊതിയഴിച്ച് നേരെ വായിലിടാൻതക്കവണ്ണം,  കൈയിൽത്തന്നെ കിട്ടുന്നു; ഇതിൽപ്പരമെന്തുവേണം?

പണ്ട്, ഒട്ടധികം കുടുംബങ്ങളിലും – അലക്കാൻ എത്രകണ്ട് വസ്ത്രങ്ങളുണ്ടെങ്കിലും – കൈകൾകൊണ്ടാണല്ലോ തുണികൾ കെഴുകി, ഉണങ്ങാൻ വെയിലത്തിട്ടിരുന്നത്!

പക്ഷെ ഇന്നോ, അലക്കുയന്ത്രത്തിന്റെ സ്വിച്ച് ഒന്നമർത്തുകയോ തിരിക്കുകയോ ചെയ്താൽമതി; അലക്കലുമായി, ഉണക്കലുമായി!
ഏറിയകൂറ്, അധോ-മദ്ധ്യ വരുമാനക്കാർപോലും, ഇക്കാലത്ത് ‘വാഷിങ് മെഷീൻ’ ഉപയോഗിക്കുന്നവരാണ്!

പണ്ട് ഉരലും ഉലക്കയും ഉപയോഗിച്ച്, നെല്ലും ഗോതമ്പുംമറ്റും ഉമികളഞ്ഞെടുത്തിരുന്നെങ്കിൽ, ഇന്ന് തെരുതെരെ യാന്ത്രികമായി, അരിയും മറ്റിതര ധാന്യാദികളും, കടകളിൽ ചാക്കുചാക്കായി അട്ടിയിട്ടണിനിരക്കുന്നു. ദൂരഭാഷിണിബട്ടണുകളമർത്തിയാൽ, സൂപ്പർബാസാറുകളിൽനിന്നുംമറ്റും, ഏതു പലചരക്കുസാമാനവും വീട്ടിനകത്തെ സംഭരണികളിൽ നിറയുന്നു!

പണ്ട് മനുഷ്യർ മൈലുകളോളം നടക്കാറുണ്ടായിരുന്നു; ചെറു പിള്ളേർ പോലും.

വിണ്ണിലോ, പ്രകാശവേഗതയേപ്പോലും വെല്ലുവിളിക്കുന്ന ‘കോൺകോർഡ്’ വിമാനയാത്രയും!
ലഞ്ച് മുംബൈയിലും ഡിന്നർ ലണ്ടനിലും എന്ന നിലവരേയെത്തി, കാര്യങ്ങിന്ന്!
ഇങ്ങുനാം വസിക്കുന്ന ഭൂമിയിലെ മണ്ണിൽപ്പോലും കാലുകളൂന്നേണ്ട ആവശ്യമില്ലാത്തവിധം  ജീവിതം.
മേൽചൊന്ന ഒദാഹരണങ്ങൾമാത്രം മതി, നമുക്ക് അന്നത്തേയും ഇന്നത്തേയും സ്ഥിതിഗതിവിശേഷങ്ങൾ വിശകലനം ചെയ്ത്, ഗുണദോഷങ്ങൾ താരതമ്യപ്പെടുത്തുവാൻ.

ആഹാരപാചകസൗകര്യം:
പണ്ടത്തെ, വിറകുസംഭരണോദ്യമം ഇന്നൊട്ടൊഴുവായതിനാൽ, സമയം ലാഭിക്കാനും കഴിയുന്നു.

തുണിയലക്കൽ:

ഇക്കാലത്ത്, കൈയും മെയ്യും മിനങ്ങേണ്ടിവരുന്നില്ല.

സൂപ്പർ മാർക്കറ്റുകൾ:

എല്ലാ ആഹാരപദാർത്ഥങ്ങളും, നിമിഷനേരത്തിൽ, വീട്ടിലെത്തുന്നു.

വേഗത:

യന്ത്രവത്ക്കരണത്തോടെ, ‘അകല’ത്തിന്റെ അർത്ഥംതന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നവയുഗം.

അദ്ധ്വാനവിമുക്തിയാണ്, മേൽവിവരിച്ച ഉദാഹരണങ്ങളിൽ നിന്ന് ലാഭമായി, പ്രഥമദൃഷ്ട്യാ, കാണുന്നത്.

പക്ഷെ, സൃഷ്ടികർത്താവുകൂടിയായ പ്രകൃതീദേവി, മാനവരിത്രയും പുരോഗമിക്കുന്നതിനുമുമ്പും, വിവിധ ജീവിതോപയോഗ കാര്യങ്ങൾക്കായുള്ള ദൗത്യങ്ങൾക്കിടയിൽ, അതൊരു ശരീരവ്യായാമോപാധിപോലുമാകാൻവേണ്ടി, മുൻകണ്ടറിഞ്ഞുകൊണ്ടുതന്നേയാണ്, ഉപഭോഗവസ്തുക്കൾ ഉപയുക്തമാക്കുവാനായുള്ള അത്തരം പ്രയത്നപൂർവസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നത്!

ഇന്നുള്ള പൊതുജന ആരോഗ്യ നിലവാരം പരിശോധിച്ചാലറിയാം, പ്രകൃതിദേവതയോ അതോ മനുഷ്യനോ ശരി എന്ന കാര്യം!

അക്കാലത്ത്, ശരാശരി മനുഷ്യൻ ഒരു മുപ്പത്തഞ്ചു-നാൽപ്പതു വയസ്സുകഴിഞ്ഞാൽ, ആരോഗ്യകാര്യത്തിൽ, മുതുമുത്തപ്പന്മാരേപ്പോലെ, അകാലവൃദ്ധരാകാറുണ്ടായിരുന്നില്ല!
പുരാതന മർത്യർ, വയസ്സ് എഴുപതു കഴിഞ്ഞാലും, നട്ടെല്ലു നിവർത്തി നടക്കുന്നവരായിരുന്നു!
കാരണം വളരെ ലളിതം; അക്കാലത്ത്, ഇക്കാലത്തെ പല അദ്ധ്വാനരഹിതോപാധികളേയുംകുറിച്ച്, സങ്കൽപ്പിക്കാൻപോലും ആകുമായിരുന്നില്ല!
അത്തരമൊരു സംവിധാനം നിലവിലുണ്ടായിരുന്നത്, പ്രകൃതിഹിതമനുസരിച്ച്, സ്വന്തം ജോലികൾ സ്വയം ചെയ്യേണ്ടത്, സ്വാശ്രയശേഷിയെന്നതിലുപരി, ആരോഗ്യശേഷിയേമാനിച്ചാണ്.
ഏതൊരായുധവും, മറ്റിതര ഉപകരണങ്ങളുംതന്നെ, ഉപയോഗിക്കാതിരിക്കിൽ, ക്രമേണ ബലക്ഷയത്തിന് വിധേയമാകുന്നു.
ഈ പ്രകൃതിനിയമം, ജീവജാലാദികൾക്കും ബാധകമാണ്.
ഈ വസ്തുത മനസ്സിലാക്കിത്തുടങ്ങിയതോടെ, മനുഷ്യർ തങ്ങളുടെ നവലോക സുഖസൗകര്യാദികൾ വെടിയാൻ മേലെന്നിരിക്കിലും, കൃത്രിമ ദേഹോദ്ധ്വാനോപാധികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിത്തുടങ്ങി.
തദ്ഫലമായാണ്, ഇന്നെവിടേനോക്കിയാലും, പ്രത്യേകിച്ച് നഗരഭാഗങ്ങളിൽ, കായിക-വ്യായാമാദി സൗകര്യകേന്ദ്രങ്ങൾ, മുഴത്തിനുമുഴമെന്നകണക്കിൽ, സ്ഥാപിച്ചുകാണുന്നത്.
ഇതിന്, സൗകര്യമില്ലാത്തവരോ, സാനുയോജ്യം, സ്വപരിസരങ്ങളിൽ ഓട്ടവും ചാട്ടവും മറ്റും നടത്തിത്തുടങ്ങി.

മുംബൈ മഹാനഗരിയിലും മറ്റുമുള്ള കമ്പനായാപ്പീസുകളിൽ എട്ടു-പത്തു മണിക്കൂറെല്ലാം, കേവലം അടിമകളെന്നകണക്കിൽ, മാനസികമായും ശാരീരികമായും ബന്ധിക്കപ്പെട്ടെന്ന കണക്കിൽ, എന്നുമെപ്പോഴും, ചില പ്രത്യേക ശരീരാവയവങ്ങൾ മാത്രം ചലിപ്പിക്കേണ്ടിവരുന്ന, ജോലിചെയ്യാൻ നിർബന്ധിതരാകുന്നു;

തദ്വാര, കായികാനാരോഗ്യത്തോടൊപ്പം, മാനസികമായും, പ്രതികൂലമായി ബാധിക്കപ്പെട്ട്, സന്ധ്യ മയങ്ങും വരെ, വീടെത്തവെ, കുടുംബാംഗങ്ങളുടെ പ്രതീക്ഷക്കനുസരിച്ച്, പ്രസന്നവദനരായിരിക്കേണ്ടതിനു പകരം, ക്രൂരമുഖരായി, കണ്ടതിലും കാണാത്തതിലുമെന്നപോലെ പരസ്പരം കുറ്റം ചാരി, വീണ്ടും പീഡിതരാകുന്നു!
ഇത് കുട്ടികളുടേയും മാനസികവളർച്ചയെ, സാരമായി, ബാധിക്കുന്നു!
പല നവദമ്പതികൾപോലും പ്രത്ര്യുദ്പ്പാദനശേഷിയില്ലാത്തവരായി പരിണമിക്കുന്നു!

സാമ്പത്തിക വളർച്ചയിൽമാത്രം ഊന്നിക്കൊണ്ടുള്ള ജീവിതങ്ങളിങ്ങിനെ, മന: ശാന്തിയുള്ളതും ആരോഗ്യപരവുമായ ജീവിതമാണ് മുഖ്യലക്ഷ്യമെന്ന യഥാർത്ഥവസ്തുതയെ വിസ്മൃതിയിലാഴ്ത്തി, സാമാന്യ കുടുംബജീവിതച്ചിലവുകൾക്കായിമാത്രം പണം സമ്പാദിക്കാനുള്ള അത്യന്താപേക്ഷിതമായ ഉദ്ദേശശുദ്ധിയേയും, സ്വന്തമാരോഗ്യതാത്പര്യത്തേപ്പോലും മറികടന്ന്, കൂടുതൽ കൂടുതൽ മുതൽക്കൂട്ടിനായി, സകലപ്രശ്നങ്ങളേയും അതിജീവിച്ച്, അടിസ്ഥാന ജീവിതതാൽപ്പര്യങ്ങൾക്ക് അതർഹിക്കുന്ന മുൻഗണനപോലും കൊടുക്കാൻ സാധിക്കാത്തവിധം, യജമാനർക്ക് താണുവണങ്ങി, സമയാസമയത്ത്, ജോലി ചെയ്യേണ്ടിവരുന്ന ഒരുതരം വിരോധാഭാസപ്രതിഭാസമാണ്, നല്ലൊരു പങ്ക് ആളുകളുടേയും ജീവിതചരിത്രത്തിൽ കാണുക!

ഇങ്ങിനെ, സ്വാസ്ഥ്യതക്ക് പ്രാധാന്യം കൽപ്പിക്കാതേയുള്ള സമ്പാദ്യശ്രമം, കായിക, മാനസിക ആരോഗ്യത്തെ മാത്രമല്ല, കുടുംബ – സമുദായാദി ബന്ധങ്ങളേപ്പോലും താറുമാറാക്കുന്നു!

ഇത്തരം വിരോധാഭാസപ്രതിഭാസങ്ങൾ കണക്കിലെടുത്തു കൊണ്ടാകണം, ഇന്ന് പല കമ്പനിയിത്യാദി ആപ്പീസുകളിലും, മറ്റിതരസ്ഥാപനങ്ങളിലുംതന്നെ, പ്രത്യേകിച്ച് വിദേശീയരുടെ ഉടമസ്ഥതയിലുള്ളവയിൽ യോഗാഭ്യാസം, ഇതര കായികാഭ്യാസം എന്നിവയ്ക്കുവേണ്ടി ഉപാധികൾ ഏർപ്പെടുത്തിക്കാണുന്നത്.

പക്ഷെ, ഇതൊരു നേരിയ ശതമാനം സ്ഥാപനങ്ങളിലേ ലഭ്യമായുള്ളൂ.
വ്യാവസായിക പുരോഗമനം മാത്രം കണക്കിലെടുത്ത് രാഷ്ട്രങ്ങൾ മുന്നോട്ടു കുതിക്കാൻ ആഗ്രഹിച്ചാൽ, അതിന്റെ പരിണതഫലം, അശാന്തി മാത്രമായിരിക്കും!
ധനംകൊണ്ടുമാത്രം ആർക്കും സമ്പന്നനാകാൻ കഴിയില്ല; എന്തെന്നാൽ, ‘സമ്പത്ത്’, ‘ധനം’ എന്നീ പദങ്ങൾ, ‘പണ’ത്തിനേ മാത്രംസൂചിപ്പിക്കുന്നതല്ലല്ലോ!
ആരോഗ്യം, സംതൃപ്തി, എന്നിത്യാദി ‘സമ്പത്തു’കളുടെ അഭാവത്തിൽ, കേവലം പണം കൊണ്ടുമാത്രം എന്തു നേടാൻ!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px