സ്റ്റോക്കോം ∙ ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ച ഡേവിഡ് ജൂലിയസിന്റെയും ആർഡെം പാറ്റപൂഷ്യന്റെയും പ്രധാന പഠനം താപനില, സ്പർശനം, വേദന തുടങ്ങിയവ മൂലമുള്ള ശാരീരിക അനുഭൂതികളെ നാഡീകോശങ്ങൾ വൈദ്യുത സന്ദേശങ്ങളായി മാറ്റുന്നതെങ്ങനെയെന്നായിരുന്നു. ഭാവിയിൽ വേദനയുടെ ചികിത്സയിൽ ഉൾപ്പെടെ ഈ കണ്ടെത്തൽ നിർണായകമാകുമെന്നാണു കരുതുന്നത്.
മുളക് തിന്നുമ്പോൾ എരിയുന്നതെന്തുകൊണ്ട്? മുളകിൽ അടങ്ങിയിരിക്കുന്ന ജൈവരാസവസ്തുവായ കാപ്സൈസിനാണു കാരണം. എന്നാൽ, ഇത് ശരീരത്തിലെത്തുമ്പോൾ മുതൽ എരിവ് അനുഭവപ്പെടുന്നതു വരെയുള്ള പ്രവർത്തനപാത അജ്ഞാതമായിരുന്നു. എരിവായിരുന്നു ഡോ. ഡേവിഡ് ജൂലിയസിന്റെ പഠനവിഷയം.
കാപ്സൈസിൻ ശരീരത്തിലെത്തുമ്പോൾ അതിനെ തിരിച്ചറിയുന്ന നാഡീകോശങ്ങളിലെ ‘റിസപ്റ്റർ’ തന്മാത്രയെ വിവിധ പരീക്ഷണങ്ങളിലൂടെ അദ്ദേഹം കണ്ടെത്തി. ‘ടിആർപിവി1’ എന്ന് അറിയപ്പെടുന്ന തന്മാത്ര ഉയർന്ന താപനില, വേദന തുടങ്ങിയവയും തിരിച്ചറിയും.
ജൂലിയസിനൊപ്പം ഡോ. ആർഡെം പാറ്റപൂഷ്യനും ചേർന്നുള്ള ഗവേഷണത്തിൽ തണുപ്പ് കണ്ടെത്തുന്ന ടിആർപിഎം8 എന്ന റിസപ്റ്റർ തന്മാത്രയെയും കണ്ടെത്തി. സ്പർശനത്തിന്റെ അനുഭൂതിക്കു കാരണമാകുന്ന ‘പിഐഇസെഡ്ഒ1’, ‘പിഐഇസെഡ്ഒ2’ എന്നീ റിസപ്റ്റർ തന്മാത്രകളെ പിന്നീട് പാറ്റപൂഷ്യൻ സ്വന്തം നിലയിൽ തിരിച്ചറിഞ്ഞു.
ചൂട്, തണുപ്പ്, സ്പർശനം, വേദന തുടങ്ങിയ അനുഭവങ്ങൾ വൈദ്യുത സന്ദേശങ്ങളായി നാഡീകോശങ്ങൾ മാറ്റുന്നതെങ്ങനെയെന്നത് ജീവശാസ്ത്രത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്നായിരുന്നു. ഇതിനുള്ള ഉത്തരങ്ങൾ കൂടിയാണ് റിസപ്റ്റർ തന്മാത്രകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ഇരു ശാസ്ത്രജ്ഞരും നൽകിയത്.
English Summary: David Julius, Ardem Patapoutian win 2021 Nobel Prize in Medicine for discoveries of receptors for temperature and touch













