LIMA WORLD LIBRARY

ജോർദാൻ രാജാവ് മുതൽ ഇമ്രാന്റെ വിശ്വസ്തർ വരെ

ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവ്, യുകെ മുൻപ്രധാനമന്ത്രി ടോണി ബ്ലെയർ, ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്ദ്രേ ബാബിഷ്, കെനിയ പ്രസിഡന്റ് ഉഹൂരു കെന്യാത്ത, ഇക്വഡോർ പ്രസിഡന്റ് ഗീയർമോ ലാസോ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും വിശ്വസ്തർ തുടങ്ങിയവരുടെ നിക്ഷേപങ്ങൾ പാൻഡോറ രേഖകളിൽ പരാമർശിക്കുന്നു.

ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനു യുഎസിലും യുകെയിലും 10 കോടി ഡോളറിന്റെ സമ്പാദ്യമുണ്ട്. ഇവ 2003 നും 2017നുമിടയിൽ രഹസ്യകമ്പനികളിലൂടെ നടത്തിയതാണ്.

യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ ഒരു കമ്പനി  വാങ്ങിയതിലൂടെ 2017 ൽ 88 ലക്ഷം ഡോളറിനു ലണ്ടനിലെ വിക്ടോറിയൻ കാലത്തെ കെട്ടിടം സ്വന്തമാക്കി. ഈ കെട്ടിടത്തിലാണു ബ്ലെയറിന്റെ ഭാര്യയുടെ നിയമസ്ഥാപനം പ്രവർത്തിക്കുന്നത്. ബഹ്റൈനിലെ വ്യവസായ മന്ത്രിയിൽനിന്നാണ് ഈ കെട്ടിടം വാങ്ങിയത്. നേരിട്ടു വാങ്ങാതെ വിദേശക്കമ്പനി വഴി ഇടപാടു നടത്തിയതിനാൽ ബ്ലെയർ 4 ലക്ഷം ഡോളർ നികുതി വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കാബിനറ്റ് മന്ത്രി അടക്കം വിശ്വസ്ത വൃത്തത്തിലെ അംഗങ്ങൾക്കാണു വിദേശനിക്ഷേപങ്ങൾ. ധനമന്ത്രി ഷൗക്കത് ഷയാസ് അഹമ്മദ് തരിനും കുടുംബാംഗങ്ങൾക്കും 4 വിദേശകമ്പനികളുടെ പേരിൽ രഹസ്യനിക്ഷേപങ്ങളുണ്ട്. പാക്ക് സൈനിക മേധാവിമാരുടെ സമ്പാദ്യങ്ങളുടെ വിവരങ്ങളും രേഖകളിലുണ്ട്.

2009 ൽ ഫ്രഞ്ച് റിവിയറയിൽ എസ്റ്റേറ്റ് വാങ്ങാൻ ചെക് പ്രധാനമന്ത്രി ആന്ദ്രേ ബാബിഷ് സ്വന്തം പേരു മറച്ചുവച്ചു  2.2 കോടി ഡോളർ നിക്ഷേപം നടത്തി. ഈ മാസം 8നു ചെക് റിപ്പബ്ലിക്കിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു വെളിപ്പെടുത്തൽ.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുപ്പമുണ്ടായിരുന്ന സ്വെറ്റ്‌ലാന ക്രിവോനോജിഖ് കരിബീയൻ ദ്വീപ് രാജ്യമായ ടോർടോളയിലെ ഒരു കമ്പനി വഴി മൊണാകോയിൽ 2003 ലാണ് അപാർട്മെന്റ് വാങ്ങിയത്. ക്രിവോനോജിഖ് ഒരു പെൺകുഞ്ഞിനു ജന്മം നൽകിയതിനു പിന്നാലെയാണു അപാർട്മെന്റ് വാങ്ങിയത്.

അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും കുടുംബാംഗങ്ങൾക്കും 54.5 കോടി ഡോളറിന്റെ വസ്തുവകങ്ങൾ ബ്രിട്ടനിൽ രഹസ്യസമ്പാദ്യമായിട്ടുണ്ട്. പ്രസിഡന്റിന്റെ 11 വയസ്സുള്ള മകന് ലണ്ടനിൽ ഓഫിസ് സമുച്ചയം അടക്കം കുടുംബത്തിനായി 17 വസ്തുവകകളുണ്ടെന്നു രേഖകൾ പറയുന്നു.

ഇന്ത്യയിൽനിന്ന് 6 നേതാക്കൾ

ഡൽഹി ∙ പാൻഡോറ രേഖകളിലുള്ള 336 രാഷ്ട്രീയ നേതാക്കളിൽ 6 പേർ ഇന്ത്യയിൽനിന്നാണെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ സതീഷ് ശർമ ഒഴികെയുള്ളവരുടെ പേരു പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാനിൽനിന്ന് ഏഴും റഷ്യയിൽനിന്നു 19 നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്.

ഗ്രീക്ക് പുരാണത്തിൽനിന്ന് പാൻഡോറ

പാനമ, പാരഡൈസ് രേഖകളുടെ തുടർച്ചയാണ് പാൻഡോറ രേഖകൾ. ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ടതാണ് ‘പാൻഡോറാസ് ബോക്സ്’ (പാൻഡോറയുടെ പെട്ടി) എന്ന പ്രയോഗം. ഗ്രീക്ക് പുരാണകഥാപാത്രമായ പാൻഡോറ, സീയുസ് ദേവൻ നൽകിയ ‘തിന്മകളുടെ പെട്ടി’ തുറക്കുമ്പോൾ ലോകം ശാപങ്ങളും ദുരിതങ്ങളും കൊണ്ടുനിറയുന്നു. ഇത്രകാലം രഹസ്യമാക്കിവച്ചിരുന്ന രേഖകൾ പുറത്തുവരുമ്പോഴുള്ള പ്രശ്നങ്ങൾ സൂചിപ്പിക്കാനാണു അന്വേഷണ ദൗത്യത്തിനു പാൻഡോറ രേഖകൾ എന്നു പേരിട്ടത്.

English Summary: From Jordan king to aid of Imran Khan, big names in Pandora

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px