ഭൂമിയുമായി കൂട്ടിയിടിക്കാന്‍ വരുന്ന ഛിന്നഗ്രഹത്തെ ആണവ സ്‌ഫോടനം വഴി തകര്‍ക്കാനാവുമെന്ന അവകാശവാദവുമായി ഒരു കൂട്ടം ഗവേഷകര്‍. ഛിന്നഗ്രഹത്തിന് നേരെ നടത്തുന്ന ആണവ സ്‌ഫോടനം വഴി അപകടകരമല്ലാത്ത ചെറു പാറകളായി ഇവയെ ചിതറിക്കാനാകുമെന്നാണ് അവകാശവാദം. ആക്ട ആസ്ട്രോനോട്ടിക്ക ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനത്തിന്റെ ഭാഗമായി ഒരു മെഗാടണ്‍ ശേഷിയുള്ള അണുബോംബ് 100 മീറ്റര്‍ വ്യാസമുള്ള ഒരു ഛിന്നഗ്രഹത്തില്‍ പതിച്ചാല്‍ സംഭവിക്കുന്നതിനെക്കുറിച്ച് ഗവേഷകര്‍ കണക്കുകൂട്ടി. ഇതിനൊപ്പം അഞ്ച് വ്യത്യസ്ത വലുപ്പങ്ങളിലുള്ള ഉല്‍ക്കകളില്‍ ഭൂമിയില്‍ കൂട്ടിയിടിക്കുന്നതിനേക്കാള്‍ ഒരു ആഴ്ച മുതല്‍ ആറ് മാസം വരെയുള്ള കാലയളവുകളില്‍ ആണവസ്‌ഫോടനം നടത്തിയാല്‍ എന്തു സംഭവിക്കുമെന്നും പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ പരിശോധിച്ചു.
‘ഛിന്നഗ്രഹങ്ങളെ തകര്‍ക്കാന്‍ അണുബോംബുകള്‍ക്ക് സാധിക്കുമോ എന്നുറപ്പിക്കാനുള്ള പരീക്ഷണ മോഡലുകളുടെ നിര്‍മാണം തുടരും. പ്രത്യേകിച്ചും ആണവസ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ളത്’ എന്നാണ് ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ഭൗതികശാസ്ത്രജ്ഞന്‍ മേഗന്‍ ബ്രൂക്ക് സ്യാല്‍ പറഞ്ഞത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറും ഗവേഷകരെ ഈ പഠനത്തില്‍ സഹായിച്ചിട്ടുണ്ട്. ആണവസ്‌ഫോടനത്തെ തുടര്‍ന്ന് ചെറു കഷണങ്ങളായി ചിതറുന്ന ഛിന്ന ഗ്രഹത്തിന്റെ ഭാഗങ്ങള്‍ ഭൂമിയിലെ എവിടെയെല്ലാം വീഴും, അവക്കെത്ര വലുപ്പമുണ്ടാകും എന്നതടക്കമുള്ള വിവരങ്ങള്‍ കണക്കുകൂട്ടാന്‍ ഈ സോഫ്റ്റ്‌വെയര്‍ സഹായിച്ചിട്ടുണ്ട്.
ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് രണ്ട് മാസം മുൻപ് ഛിന്നഗ്രഹത്തെ ആണവസ്‌ഫോടനം വഴി തകര്‍ത്താല്‍ യഥാര്‍ഥ വലുപ്പത്തിന്റെ 0.1 ശതമാനം മാത്രം വലുപ്പമുള്ള ചെറു പാറകളായി ഇവ ചിതറിപ്പോകുമെന്നാണ് കരുതപ്പെടുന്നത്. വലുപ്പം കൂടുതലുള്ള ഛിന്നഗ്രഹമാണെങ്കില്‍ ആറ് മാസം മുൻപ് ആണവസ്‌ഫോടനം നടത്താനായാല്‍ പരമാവധി വെറും ഒരു ശതമാനം മാത്രം വലുപ്പമുള്ള പാറകളായി ഇവ മാറുമെന്നും ഭൂമിക്കുള്ള ഭീഷണി ഒഴിവാകുമെന്നും പഠനം പറയുന്നു.
ഗവേഷണഫലം അനുകൂലമെങ്കിലും ഉല്‍ക്കകളിലും ഛിന്നഗ്രഹങ്ങളിലും ആണവസ്‌ഫോടനം നടത്തുക എന്നത് അറ്റകൈ പ്രയോഗമായി മാത്രമേ ഇപ്പോഴും ശാസ്ത്ര ലോകം കരുതുന്നുള്ളൂ. ഛിന്നഗ്രഹങ്ങളുടെ ഗതി മാറ്റുകയെന്നതാണ് ഇപ്പോഴും പ്രധാന രക്ഷാമാര്‍ഗമായി അവതരിപ്പിക്കപ്പെടുന്നത്. നിരവധി ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതാണ് ഇതിന്റെ ഫലപ്രാപ്തിയെന്നതാണ് ഈ മാര്‍ഗത്തിന്റെ പ്രധാന മേന്മ. ഏതെങ്കിലും ഛിന്നഗ്രഹത്തിന്റെ അപകട സാധ്യത നേരത്തെ തന്നെ കണ്ടെത്താനായാല്‍ അവയുടെ ഗതി മാറ്റുകയെന്നത് തന്നെയാണ് ഫലപ്രദമായി കരുതപ്പെടുന്നത്.
അപ്രതീക്ഷിതമായ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ പ്ലാനെറ്ററി ഡിഫന്‍സ് സംവിധാനത്തില്‍ നിക്ഷേപിക്കാന്‍ നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഇതിനകം തന്നെ തയാറായിട്ടുണ്ട്. പരമാവധി നേരത്തെ ഛിന്നഗ്രഹങ്ങളുടെ അപകട സാധ്യത തിരിച്ചറിയുന്നതിന് തന്നെയാണ് ബഹിരാകാശ ഏജന്‍സികള്‍ മുന്‍തൂക്കം നല്‍കുന്നത്.
English Summary: Nuking an Asteroid to Prevent Armageddon Could Actually Work, Study Shows













