ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ ഒന്നിലേറെ സൂര്യന്മാരെ ആകാശത്ത് കണ്ടാലോ? അങ്ങനെയൊരു കാഴ്ച നമ്മുടെ ക്ഷീരപഥത്തിലെ പല ഗ്രഹങ്ങള്‍ക്കും പുതുമയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇപ്പോഴിതാ മൂന്ന് നക്ഷത്രങ്ങളെ വലംവെക്കുന്ന ഗ്രഹങ്ങളേയും കണ്ടെത്തിയിരിക്കുന്നു.
നേരത്തെയും മൂന്ന് നക്ഷത്രങ്ങളുള്ള നക്ഷത്രസമൂഹത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഏതെങ്കിലും ഒരു നക്ഷത്രത്തെയാവും ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുക. എന്നാല്‍ പുതിയ കണ്ടെത്തലില്‍ മൂന്ന് നക്ഷത്രങ്ങളേയും കൂടി വലംവെക്കുന്ന ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത് പ്രപഞ്ചശാസ്ത്രത്തിന്റെ അറിവില്‍ ആദ്യത്തേതാണെന്ന് കൂടി ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്.
ഏതെങ്കിലും ഒറ്റപ്പെട്ട കേന്ദ്രങ്ങളിലല്ല നക്ഷത്രങ്ങള്‍ പിറവിയെടുക്കാറുള്ളത്. ഗുരുത്വബലത്തില്‍ പടുകൂറ്റന്‍ വാതകമേഘങ്ങള്‍ കറങ്ങുകയും ഡിസ്‌ക് രൂപം പ്രാപിക്കുകയും ചെയ്യും. നക്ഷത്രങ്ങള്‍ പിറന്നുവീഴുന്ന ഇത്തരം നെബുലകളില്‍ ഒന്നിലേറെ നക്ഷത്രങ്ങള്‍ ഉണ്ടാവാറുമുണ്ട്. നക്ഷത്രങ്ങള്‍ ജനിച്ചതിന് ശേഷമാണ് ഗ്രഹങ്ങള്‍ ഉണ്ടാവുന്നതും മാതൃനക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നതും.
ഏതാണ്ട് 40-50 ശതമാനം നക്ഷത്രങ്ങള്‍ക്കും ഒരു കൂട്ടാളിയുണ്ടെന്നാണ് കണക്കാക്കുന്നത്. 20 ശതമാനത്തോളം നക്ഷത്രങ്ങള്‍ മൂന്നോ അതിലധികമോ കൂട്ടമായും കാണപ്പെടുകയും ചെയ്യുന്നു. മൂന്ന് നക്ഷത്രങ്ങളുള്ള ട്രൈനറി സിസ്റ്റംസ് എന്ന് വിളിക്കുന്ന 32 നക്ഷത്ര സമൂഹങ്ങളെ ഇതുവരെ നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ജിഡബ്ല്യു ഒറിയോണിസിനെ വ്യത്യസ്ഥമാക്കുന്നത് ഈ മൂന്നു നക്ഷത്രങ്ങളേയും ഒരുമിച്ച് വലംവെക്കുന്ന ഗ്രഹങ്ങളാണ്. ഭൂമിയില്‍ നിന്നും ഏതാണ്ട് 1,300 പ്രകാശവര്‍ഷം അകലെയാണ് ജിഡബ്ലു ഒറിയോണിസിന്റെ സ്ഥാനം കണക്കാക്കപ്പെടുന്നത്.
ജിഡബ്ല്യു ഒറിയോണിസിലെ പ്രോട്ടോപ്ലാനെറ്ററി ഡിസ്‌കില്‍ വിടവുകള്‍ കാണപ്പെടുന്നുണ്ട്. ഇതിനുള്ള വിശദീകരണവും നെവാഡ സര്‍വകലാശാലയിലെ ജെറമി സ്മാള്‍വുഡിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം നല്‍കുന്നുണ്ട്. നക്ഷത്രങ്ങളുടെ പിറവിയെ തുടര്‍ന്നുണ്ടായ ചുഴിക്ക് പ്രോട്ടോപ്ലാനെറ്ററി ഡിസ്‌കിന് പുറത്തേക്ക് പോകാനുള്ള അത്ര ശക്തിയുണ്ടായിരുന്നില്ലെന്നും ഇതേത്തുടര്‍ന്ന് നക്ഷത്രങ്ങളും അനുബന്ധ ഗ്രഹങ്ങളും പ്രോട്ടോപ്ലാനെറ്ററി ഡിസ്‌കില്‍ തന്നെ സങ്കീര്‍ണമായ ഒരു ചുഴിയിലെന്നവണ്ണം കഴിയുന്നുവെന്നുമാണ് ഗവേഷകരുടെ അനുമാനം. ഇത് ചിത്രീകരിച്ചിട്ടുള്ള ഒരു ചെറു വിഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയൽ അസ്ട്രോനൊമിക്കൽ സൊസൈറ്റി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Mysterious World Appears to Be The First Exoplanet Ever Found Orbiting 3 Stars













