ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ടി.എസ് ഏലിയട്ട് ഖേദവും ആശങ്കയും പ്രകടിപ്പിച്ചുകൊണ്ട് എഴുതി: “സാമാന്യജനങ്ങൾ സ്വന്തം കാലഘട്ടത്തോട് മാത്രം വിധേയത പുലർത്തുന്നു.അവർ ജീവിച്ചിരിക്കുന്നവരുടെ കൃതികൾ മാത്രം വായിക്കുന്നു. ഭൂതകാലങ്ങളിൽനിന്ന് ആളുകൾ ഇത്രയേറെ അകന്നുനില്ക്കുന്ന സങ്കുചിതമായ കാലഘട്ടം വേറെയില്ല.” മൺമറഞ്ഞ പൂർവ്വികരുടെ വലിയ മനസ്സുകൾ ജീവിതത്തെ എങ്ങനെ കണ്ടു, അറിഞ്ഞു എന്ന അറിവിനോടുള്ള വിമുഖത ; ക്ലാസിക് കൃതികളിലുള്ള താത്പര്യക്കുറവ്, സാംസ്കാരികമായ അപചയത്തെ കുറിക്കുന്നു എന്ന് സാരം. ശാശ്വതമൂല്യാവഹങ്ങളും ഭദ്രശില്പങ്ങളും കാലദേശഭേദമെന്യേ സർവ്വ ജനങ്ങളും ആദരിക്കുന്നതുമായ സാഹിത്യകൃതികളുടെ മൗലികസ്വഭാവത്തെയാണ് ക്ലാസിസം എന്ന പദംകൊണ്ട് കുറിക്കുന്നത്. ജീവിതാനുകരണ പരത, മൂല്യവിഷയകമായ ആധികാരികത, വ്യവസ്ഥിതത്വം, സ്പഷ്ടത, ഗൗരവാഹമായ ലാളിത്യം, രൂപഭാവങ്ങളുടെ കൂറിണക്കം തുടങ്ങിയവയെല്ലാം ക്ലാസിക് സാഹിത്യത്തിന്റെ ധർമ്മങ്ങളാണ്. പൗരാണികരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ മുഖ്യമായ പഠന വസ്തു മനുഷ്യൻ തന്നെയാണ്. പറയാനുള്ളത് നല്ല രീതിയിൽ പറയുന്നതിനാൽ പൗരാണികകൃതികൾ എത്ര പരിവൃത്തി വേണമെങ്കിലും കേൾക്കാമെന്നതാണ് ക്ലാസിക്കുകളുടെ ഒരു മുഖ്യധർമ്മമായി വാൾട്ടർ പേറ്റർക്ക് തോന്നുന്നത്. ഷില്ലർ, ഷ്ളൈഗൽ സഹോദരൻമാർ തുടങ്ങിയ ജർമ്മൻ നിരൂപകർ ക്ലാസിക് കലയെ സൗന്ദര്യമായും,റൊമാന്റിക് കലയെ ഊർജ്ജമായും കാണുന്നു. മഹാകവി ഗോയ്ഥേയ്ക്ക് ക്ലാസിക് കല ആരോഗ്യ പൂർണ്ണവും, റൊമാന്റിക് കല രോഗാധീനവുമാണ്.
ഭാവ രൂപങ്ങളുടെ ബന്ധത്തെ കലയുടെ വൈശിഷ്ട്യത്തിന് മാനദണ്ഡമാക്കുന്ന ഹെഗൽ, ക്ലാസിക് കലയുടെ മുഖ്യസ്വഭാവമായി കാണുന്നത് സർഗ്ഗ കർത്താവിന്റെ അന്തർഭാവത്തെ പൂർണ്ണമായി ഉൾക്കൊണ്ട് പ്രകാശിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള,ഭാവരൂപങ്ങളുടെ സമതുലിതാവസ്ഥയാണ്.
വാല്മീകി, വ്യാസൻ ,ഹോമർ, സൊ ഫോക്ലീസ്, എയ് സികലസ്, ഷേക്സ്പീയർ, കാളിദാസൻ, ദാന്തെ തുടങ്ങിയ മഹാമതികളുടെ കൃതികളെപ്പോലെ ക്ലാസിക്കുകളായി വിവിധ ഭാഷകളിൽ, പല ശാഖകളിൽ ദെസ്തയേവ്സ്കി, ടോൾസ്റ്റോയ്, തോമസ് മൻ തുടങ്ങിയവരുടെയും ആധുനികരുടെയും കൃതികളും പ്രതിഷ്ഠ നേടിയിട്ടുണ്ട്.
പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റും ,സാഹിത്യ വിമർശകനുമായ ഇറ്റാലോ കാൽവിനോ ക്ലാസിക്കുകളെ താഴെക്കാണുന്ന വിധം നിർവ്വചിച്ചിരിക്കുന്നത് ഇന്ന് സാർവലൗകികമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
I. ധാരാളം വായിക്കുന്ന ആളുകൾ, “ഞാൻ വീണ്ടും വായിക്കുകയാണ് ” എന്നല്ലാതെ ,” ഞാൻ വായിക്കുകയാണ് ” എന്ന് ഏതിനെ ക്കുറിച്ച് പറയാതിരിക്കുന്നുവോ അതാണ് ക്ലാസിക് കൃതി.
2. ആളുകൾ വായിച്ച്, ഇഷ്ടപ്പെട്ട് ,സൂക്ഷിക്കുന്ന കൃതി.
3. വ്യക്തിയുടെയും സമൂഹത്തിന്റെയും അബോധ മനസ്സിൽ പ്രഛന്നമായിരിക്കുന്നതും സ്മൃതിയിൽ നിന്നൊരിക്കലും നിഷ്കാസിതമാകാതിരിക്കുന്നതും സവിശേഷ സ്വാധീനശക്തി ചെലുത്തുന്നതുമായ കൃതി.
4. സ്വയം മാറ്റമില്ലാതിരിക്കെത്തന്നെ ,വായനക്കാരുടെ പക്വതയ്‌ക്കൊത്ത് പുതിയ കണ്ടെത്തലിലേക്കുള്ള സമുദ്രയാനമായി, ആദ്യപാരായണ മായി, തോന്നിപ്പിക്കുന്ന കൃതി.
5. പറയാനുള്ളത് ഒരിക്കലും പറഞ്ഞു തീർത്തിട്ടില്ലാത്ത കൃതി.
ഈ അനുഭവങ്ങളുണ്ടാകണമെങ്കിൽ ക്ലാസിക്കുകളുമായി മനസാ ബന്ധപ്പെടണം. വെറും കടമ എന്ന നിലയിലോ, ആദരത്താലോ അല്ല വായിക്കേണ്ടത്. വായന പ്രേമ പൂർവ്വമാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തു കടക്കുമ്പോഴാണ് മമതയോടെയുള്ള തെരഞ്ഞെടുപ്പ് നടക്കുക. പതുക്കെപ്പതുക്കെ നാം ക്ലാസിക്കുകളുമായി താദാ മ്യം പ്രാപിക്കുന്നു. അങ്ങനെ നമുക്ക് പ്രപഞ്ച തുല്യമായി, രക്ഷാകവചമായി, മല്ലാർമെ പറയുന്നത് പോലെ ഗ്രന്ഥസർവ്വസ്വമായി (Total Book ) ത്തീരുന്ന കൃതി. നമുക്ക് യോജിക്കാനാവാത്ത ആശയാദികളുൾക്കൊള്ളുന്ന കൃതിയെയും നാം ഇഷ്ടപ്പെടാം.( കാൽവിനോവിന് റൂസ്സോയുടെ കൃതികളോട് ഇത്തരത്തിലുള്ള ഇഷ്ടമാണുണ്ടായിരുന്നത്.)
(Why read the classics – The Literature Machine – ltalo Calvino )
ക്ലാസ്സിക് വായിക്കുന്നതെന്തിനാണ്? നാം ജീവിക്കുന്ന കാലത്തെ ആഴത്തിലറിയാൻ പറ്റിയ കൃതികൾ വായിച്ചാൽ പോരെ?
സാഹചര്യം ഒരു പൊരുത്തവുമില്ലാത്ത താത്കാലിക താത്പര്യങ്ങളുടെ നിയന്ത്രണത്തിലായിരിക്കെത്തന്നെ, ഒരു പാശ്ചാത്തല ഊർജ്ജസ്രോതസ്സായി വർത്തിക്കുന്ന ഒന്നാണ് ഒരു ക്ലാസിക് കൃതി.
നാം ആരാണെന്നും എവിടെയാണു് നിൽക്കുന്നതെന്നും അറിയാൻ സഹായിക്കുന്നു ഒരു ക്ലാസിക് കൃതി.
ഇതിന്റെ മഹത്ത്വത്തേയും, അതുൾക്കൊള്ളുന്ന ജീവിതാനുഭവത്തിന്റെ അർത്ഥ വൈപുല്യങ്ങളെയും വ്യാപതികളെയും, സാംസ്കാരികമായ അതിന്റെ പ്രഭാവത്തെയും ഇത്ര അഗാധമായി മറ്റാരും നിരീക്ഷിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നറിയുമ്പോഴാണ് അത്യുജ്വല ധിഷണാശാലിയായ ഈ ചിന്തകനും, സാഹിത്യകാരനുമായ ഇറ്റലിക്കാരന്റെ നിരീക്ഷണത്തിന്റെ നിസ്തുലത നമുക്ക് ശരിക്കും
ബോദ്ധ്യപ്പെടുക.











