സ്റ്റോക്കോം ∙ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം യുഎസിലെ 3 ഗവേഷകർ പങ്കിട്ടു. ഡേവിഡ് കാഡ്, ജോഷ്വ ആങ്റിസ്റ്റ്, ഹിതോ ഇംബൻസ് എന്നിവർക്കാണു പുരസ്കാരം. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ ഘടകങ്ങൾ തൊഴിൽ വിപണിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു നടത്തിയ നൂതന പഠനങ്ങൾക്കാണ് അംഗീകാരം.
സമൂഹത്തിലെ ആകസ്മിക ബന്ധങ്ങളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ‘സ്വാഭാവിക പരീക്ഷണങ്ങൾ’ ഉപയോഗിച്ചതു സാമ്പത്തിക ശാസ്ത്രത്തിലെ ഗവേഷണങ്ങളെ പൂർണമായി മാറ്റിത്തീർത്തെന്നു സ്വീഡിഷ് അക്കാദമി നിരീക്ഷിച്ചു.
തൊഴിൽ സാമ്പത്തിക പഠനങ്ങൾക്ക്, കലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാഡിനാണു സമ്മാനത്തുകയുടെ പകുതി. ഇദ്ദേഹം കാനഡ സ്വദേശിയാണ്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജോഷ്വ ആങ്റിസ്റ്റും സ്റ്റാൻഫഡ് സർവകലാശാലയിലെ ഹിതോ ഇംബൻസ് ബാക്കിത്തുക പങ്കിടും. ജോഷ്വ നെതർലൻഡ്സിലാണു ജനിച്ചത്. ആകസ്മിക ബന്ധങ്ങൾ വിശകലനം ചെയ്യാനുള്ള ശാസ്ത്രീയ ചട്ടക്കൂട് വികസിപ്പിച്ചതിനാണ് ഇവർക്ക് അംഗീകാരം.
യഥാർഥ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള അനുഭവവിവരങ്ങളിലൂടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ വിശകലനം ചെയ്യുന്നതിനെയാണ് സ്വാഭാവിക പരീക്ഷണങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്.
ഉയർന്ന മിനിമം വേതനത്തിന്റെ ഫലങ്ങൾ സംബന്ധിച്ച് 1990 കളിൽ ന്യൂജഴ്സിയിലെയും പെൻസിൽവേനിയയിലെയും റസ്റ്ററന്റുകളിലാണു കാഡ് പഠനം നടത്തിയത്.
മണിക്കൂർ അടിസ്ഥാനത്തിലുള്ള മിനിമം വേതന വർധന തൊഴിൽമേഖലയെ ബാധിച്ചില്ലെന്ന് അദ്ദേഹം കണ്ടെത്തി. മിനിമം കൂലി വർധിപ്പിച്ചാൽ തൊഴിലവസരം കുറയുമെന്ന പരമ്പരാഗത ധാരണകളെയാണ് ഈ കണ്ടെത്തൽ നിരാകരിച്ചത്. കുടിയേറ്റം സ്വദേശികളുടെ വേതനം കുറയ്ക്കാൻ ഇടയാക്കുമെന്ന പൊതുധാരണയും അടിസ്ഥാനരഹിതമാണെന്ന് കാഡിന്റെ പഠനം കണ്ടെത്തി.
കുടിയേറ്റം മൂലം സ്വദേശികളുടെ വരുമാനം മെച്ചപ്പെടുമെന്നും കുടിയേറ്റക്കാർക്കു മികച്ചജോലി കിട്ടാനുള്ള സാധ്യത കുറയുകയാണു ചെയ്യുകയെന്നും അദ്ദേഹം നിരീക്ഷിച്ചു.
ആകസ്മികമായ ബന്ധങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് സാമ്പത്തികശാസ്ത്രജ്ഞർക്ക് കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള രീതിശാസ്ത്രപരമായ തടസ്സങ്ങൾ പരിഹരിക്കുകയാണ് ആങ്റിസ്റ്റും ഇംബൻസും ചെയ്തത്.
English Summary: Nobel prize economics













