വാഷിങ്ടൻ ∙ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ (84) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യത്തെ ആഫ്രോ അമേരിക്കൻ വംശജനും സംയുക്ത സൈനിക മേധാവിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. ശീതയുദ്ധകാലം മുതൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിനു ശേഷമുള്ള ഭീകരവിരുദ്ധ യുദ്ധം വരെ, റിപ്പബ്ലിക്കൻ പാർട്ടിക്കാരായ യുഎസ് പ്രസിഡന്റുമാർക്കു കീഴിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു.
ജമൈക്കൻ കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി 1937 ഏപ്രിൽ 5ന് ന്യൂയോർക്കിലെ ഹാർലമിലാണു ജനനം. 1958 ൽ സൈന്യത്തിൽ ചേർന്നു. വിയറ്റ്നാമിലും ജർമനിയിലും സൈനികസേവനമനുഷ്ഠിച്ചു. റൊണാൾഡ് റെയ്ഗൻ പ്രസിഡന്റായിരുന്നപ്പോൾ, 1987 ൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി. ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് പ്രസിഡന്റായിരുന്നപ്പോൾ, 1989 ൽ 52–ാം വയസ്സിൽ സംയുക്ത സൈനിക മേധാവിയായി. 1991 ലെ ഗൾഫ് യുദ്ധത്തിൽ യുഎസ് സഖ്യവിജയത്തിനു ചുക്കാൻപിടിച്ചു . 2001 ൽ, ജോർജ് ഡബ്ല്യൂ. ബുഷ് പ്രസിഡന്റായിരുന്നപ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി. ആ വർഷം സെപ്റ്റംബറിലായിരുന്നു ന്യൂയോർക്കിലെ ഭീകരാക്രമണം.
English Summary: Colin Powell, First Black US Secretary Of State, Dies Of Covid













