LIMA WORLD LIBRARY

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്ത്യയെ ഞെട്ടിച്ച കോളിൻ പവൽ; ‘വിമുഖനായ യോദ്ധാവ്’

വാഷിങ്ടൻ∙ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള കോളിൻ പവലിന് പാക്കിസ്ഥാനോടുള്ള സമീപനത്തിൽ പൊതുവെ ഇന്ത്യ അനുകൂല നിലപാടായിരുന്നു. എന്നാ‍ൽ, 2004ൽ പാക്കിസ്ഥാനെ നാറ്റോ ഇതരസഖ്യകക്ഷിയായി അദ്ദേഹം പ്രഖ്യാപിച്ചത് ഇന്ത്യയെ ഞെട്ടിച്ചു. അതിനു തൊട്ടുമുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം ബോധപൂർവം മറച്ചുവച്ചതി‍ൽ വിദേശകാര്യ വകുപ്പിന് അതൃപ്തിയുണ്ടായി.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ചു പാക്കിസ്ഥാനെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹയുമായി മോസ്കോയിൽ നടന്ന ചർച്ചയിൽ പവൽ ഉറപ്പു നൽകിയിരുന്നു. പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതു പടിപടിയായി മാത്രം മതിയെന്ന ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തതാണ്.

ലോകത്തെ പിടിച്ചുലച്ച സംഘർഷകാലങ്ങളിൽ അമേരിക്കൻ സൈനികതലപ്പത്തും സ്റ്റേറ്റ് സെക്രട്ടറിയായി ഭരണത്തലപ്പത്തും ഉലയാതെ തുടർന്ന പവൽ യുഎസ് പ്രസിഡന്റുമാരുടെ എക്കാലത്തെയും പ്രിയങ്കരനുമായിരുന്നു. ആദരവും സ്നേഹവും അത്രയേറെയുണ്ടായിരുന്നതിനാലാണ് ഒന്നല്ല, രണ്ടു തവണ പവൽ പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡം നേടിയതെന്ന്, അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറിയാക്കി ചരിത്രം കുറിച്ച ജോർജ് ബുഷ് ജൂനിയർ അനുസ്മരിച്ചു.

താൻ മരിക്കുമ്പോൾ, എല്ലാ ചരമക്കുറിപ്പുകളിലെയും ഒരു വലിയ ഖണ്ഡം ശപിക്കപ്പെട്ട ആ ‘ഇറാഖ് പ്രസംഗ’ത്തെക്കുറിച്ച് ആയിരിക്കുമെന്ന് ‘ഇറ്റ് വർക്ഡ് ഫോർ മി’ എന്ന സ്മരണകളിൽ പവൽ പശ്ചാത്താപത്തോടെ എഴുതിയിട്ടുണ്ട്. ഇറാഖിനെ ‌കീഴ്പ്പെടുത്താനായി യുദ്ധകാഹളം മുഴക്കി ഇറങ്ങിപ്പുറപ്പെടാൻ ബുഷ് ജൂനിയറിനു ‘തെളിവു’ നൽകിയ പ്രസംഗവും സംഭവബഹുലമായ ആ കാലവും ആജീവനാന്തം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.

ഗൾഫ് യുദ്ധവിജയത്തിനു ശേഷം ജനപ്രീതിയുയർന്ന പവൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു വരെ പലരും കരുതിയിരുന്നു. പക്ഷേ രാഷ്ട്രീയം തനിക്കു പറ്റില്ലെന്ന് തീർത്തു പറഞ്ഞു പിന്മാറി. റിപ്പബ്ലിക്കൻ നിലപാടുകളിൽ നിരാശനായപ്പോഴാണ് ബറാക് ഒബാമ പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഡമോക്രാറ്റ് ചേരിയിലേക്കു ചുവടുമാറിയത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നാലു പതിറ്റാണ്ടു നീണ്ട സൈനിക സേവനത്തിനു ശേഷമാണു പവൽ വിരമിച്ചത്. എന്നാൽ, യുദ്ധത്തിനു പകരം നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്ന നയം മുന്നോട്ടു വച്ച്, ‘വിമുഖനായ യോദ്ധാവ്’ എന്ന വിശേഷണവും അദ്ദേഹം സ്വന്തമാക്കി. അമേരിക്കാസ് പ്രോമിസ്’ എന്ന ജീവകാരുണ്യ സംഘടനയ്ക്കു രൂപം നൽകി.
ആൽമ വിവിയൻ പവലാണു ഭാര്യ. മൈക്കൽ, ലിൻഡ, ആൻമേരി എന്നിവർ മക്കൾ. കോവിഡ് ബാധിച്ച് വാഷിങ്ടനു സമീപം മേരിലാൻഡിലെ വാൾട്ടർ റീഡ് നാഷനൽ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന പവൽ നേരത്തേ വാക്സീൻ സ്വീകരിച്ചിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

English Summary: Remembering Colin Powell, the former US Secretary Of State

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px