നാം ഇന്ന് ഏറ്റവും കൂടുതൽ തേടി അലയുന്നത് സ്നേഹത്തിനും മനസ്സമാധാനത്തിനും വേണ്ടിയാണ്. പക്ഷെ, നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത് സ്നേഹരാഹിത്യവും അസമാധാനവുമാണ്. സ്നേഹിക്കുന്നതിനു പകരം സംഘർഷങ്ങളും അക്രമങ്ങളും കൊള്ളയും കൊലപാതകങ്ങളുമൊക്കെയാണ്. ബുദ്ധി കൗശലം കൊണ്ടും സാമ്പത്തിക _ രാഷ്ട്രീയ അധികാരം കൊണ്ടും മനുഷ്യരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് പുതിയ രൂപവും ഭാവവും മനയുകയാണ്.ഇവിടെ സ്നേഹവും സമാധാനവും ഒരു മരീചിക മാത്രമാകുന്നു. സമത്വസുന്ദരമായ സമാധാനത്തിൻ്റെ ഭാവിയെപ്പറ്റിയുള്ള സുന്ദര സ്വപ്നങ്ങൾ പൊലിയുമ്പോൾ നാം മറക്കാതിരിക്കുക; ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സത്യം. അപ്പോൾ നമുക്ക് സ്നേഹത്തിൻ്റെ വ്യക്തികളായിത്തീരാനാവും.വ്യക്തികൾ നന്നാവുമ്പോൾ അവർ കൂടിച്ചേരുന്ന സമൂഹവും നന്നാവും. അകന്നുപോയ ബന്ധങ്ങളെ കൂട്ടിയടിപ്പിക്കാൻ, തകർന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കാൻ, കൊട്ടിയടക്കപ്പെട്ട വാതിലുകൾ തുറന്നിടാൻ നമ്മുടെ ചിന്തകൊണ്ടും സ്നേഹപൂർണമായ സമീപനം കൊണ്ടും ഒരു സമാധാനസമൂഹത്തിന് രൂപവും ഭാവവും നൽകാം. അങ്ങനെ ജീവിത. മന്ത്രം സ്നേഹമന്ത്ര മാക്കി മാറ്റാം.










