LIMA WORLD LIBRARY

ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്കു പാളി; പാക്കിസ്ഥാനു തകർപ്പൻ ജയം

ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടം കൂടാതെ മറികടന്നു. ഓപ്പണർമാരായ ബാബർ അസം 68 റൺസോടെയും മുഹമ്മദ് റിസ്‌വാൻ 78 റൺസോടെയും പുറത്താകാതെ നിന്നു. ഇരുവരുടേയും മികച്ച പ്രകടനമാണ് പാക്കിസ്ഥാനു സ്വപ്നതുല്യമായ ജയം സമ്മാനിച്ചത്. ഏതു ടീമും കൊതിക്കുന്ന തുടക്കം തന്നെയാണ് പാക്കിസ്ഥാനു തുണയായത്. ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബോളർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോല്‍ക്കുന്നത് ആദ്യമായിട്ടാണ്.

നേരത്തെ ടോസ് നഷ്പ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റു നഷ്ടത്തിൽ 151 റൺസെടുത്തു. 49 പന്തുകളിൽ നിന്നും 57 റൺസെടുത്ത വിരാട് കോലിയും 30 പന്തുകളിൽ നിന്നും 39 റൺസെടുത്ത റിഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു. ട്വന്റി–20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ കോലിയെ പുറത്താക്കുന്നത് ആദ്യമായിട്ടാണ്. തുടക്കം പാളിയെങ്കിലും ഇന്ത്യയ്ക്ക് ആശ്വാസമാകുന്നതായിരുന്നു ക്യാപ്റ്റൻ വിരാട് കോലിയും ഋഷഭ് പന്തും ഒരുമിച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട്. അർധസെഞ്ചുറി കൂട്ടുകെട്ടുമായി കോലിയും പന്തും മിന്നിയതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി.

ഋഷഭ് പന്ത് 30 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 39 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ രോഹിത് ശർമ (0), കെ.എൽ. രാഹുൽ (3), സൂര്യകുമാർ യാദവ് (11) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരെ വെറും ആറു റൺസിനിടെ പുറത്താക്കി പാക്കിസ്ഥാൻ ഞെട്ടിച്ചു. വൈസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ രോഹിത് ശർമ ഗോൾഡൻ ഡക്കായപ്പോൾ, ഐപിഎലിൽ മിന്നുന്ന ഫോമിലായിരുന്ന സഹ ഓപ്പണർ കെ.എൽ. രാഹുൽ മൂന്നു റൺസെടുത്ത് പുറത്തായി. പാക്കിസ്ഥാന്റെ പേസ് ബോളർ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.

തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ രോഹിത് ശർമയെ എൽബിയിൽ കുരുക്കി ഗോൾഡ‍ൻ ഡക്കാക്കിയാണ് അഫ്രീദി ആദ്യം ഇന്ത്യയെ ഞെട്ടിച്ചത്. ഐപിഎലിൽ മികച്ച ഫോമിലായിരുന്ന രാഹുലിന്റെ ഊഴമായിരുന്നു അടുത്തത്. തന്റെ രണ്ടാം വരവിലെ ആദ്യ പന്തിൽത്തന്നെ രാഹുലിന്റെ പ്രതിരോധം തകർത്ത അഫ്രീദി സ്റ്റംപ് പിഴുതു. എട്ടു പന്ത് നേരിട്ട് മൂന്നു റൺസുമായി രാഹുലിനു മടക്കം. ഇതോടെ രണ്ടിന് ആറു റൺസ് എന്ന നിലയിലായി ഇന്ത്യ.

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഷഹീൻ അഫ്രീദിക്കെതിരെ സിക്സടിച്ച് തിരിച്ചടിക്ക് തുടക്കമിട്ടതാണ്. എന്നാൽ, എട്ടു പന്തിൽ 11 റൺസെടുത്തതിനു പിന്നാലെ സൂര്യയും പുറത്തായി. ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് റിസ്‌വാനു ക്യാച്ച്. ഇതിനു ശേഷമായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിനെ നേരേ നിർത്തിയ വിരാട് കോലി – ഋഷഭ് പന്ത് കൂട്ടുകെട്ട്. അതീവ ശ്രദ്ധയോടെ തുടക്കമിട്ട ഇരുവരും ആടിയുലഞ്ഞ ഇന്ത്യൻ ബാറ്റിങ്ങിനെ നേരെയാക്കി. ഇടയ്ക്ക് ഋഷഭ് പന്തിനെതിരായ അപ്പീൽ അംപയർ തള്ളിയതിനെ തുടർന്ന് പാക്കിസ്ഥാൻ റിവ്യൂ എടുത്തെങ്കിലും ഫലമുണ്ടായില്ല.

നിലയുറപ്പിച്ചു കഴിഞ്ഞതോടെ പന്ത് ആക്രമണത്തിലേക്കു തിരിഞ്ഞു. ഹസൻ അലിക്കെതിരെ ഒരു ഓവറിൽ ഇരട്ട സിക്സ് നേടി താരം വരവറിയിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഷതാബ് ഖാനെതിരെ സിക്സറിനുള്ള ശ്രമം പാളി പന്ത് പുറത്തായി. 30 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 39 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px