കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-23

Facebook
Twitter
WhatsApp
Email

നഷ്ടമായി, വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനിടയായ തന്റെ പ്രിയതമ..!

ആ മുഖത്തെ വെള്ളാരങ്കണ്ണുകളിലേക്ക് നോക്കിയതും ഒരുമാത്ര ഹൃദയം നിലച്ച പ്രതീതിയായി വിനയന്‍ തിരുമേനിക്ക്. ദേവുവിന്റെ സ്പര്‍ശ്ശനത്തിലൂടെ ഊര്‍ജ്ജവും ഉണര്‍വ്വും ആര്‍ജ്ജിച്ച ശരീരത്തിലെ മരവിച്ചു കിടന്ന ഹൃദയം പൊടുന്നനെ തുടിച്ചുണര്‍ന്നു. ആകുലതകളുടെയും വയ്യാഴികകളുടേയും അറയ്ക്കുള്ളില്‍ മയങ്ങിക്കിടന്നിരുന്ന ഗതകാലസ്മരണകള്‍ അയാളുടെ മുഖത്ത് മങ്ങിയും തിളങ്ങിയും പ്രതിഫലിച്ചു. ചിന്താശക്തി പോലും നഷ്ടപ്പെട്ട് നിരാശയിലും നഷ്ടബോധത്തിലും മുങ്ങി ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ആ മനുഷ്യന്റെ മനക്കണ്ണില്‍ കാവിലും ഇല്ലപ്പറമ്പിലും കൈകോര്‍ത്ത് നടന്നിരുന്ന യുവമിഥുനങ്ങളുടെ ചിത്രം തെളിഞ്ഞു വന്നു. കുട്ടിത്തം മാറും മുന്‍പേ തന്റെ വേളിയാവേണ്ടി വന്ന കുഞ്ഞാത്തോലിന്റെ കുട്ടിക്കുറുമ്പുകള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. ഒരിക്കലും നിറയരുതെന്നാഗ്രഹിച്ച ആ കണ്ണുകള്‍, അവയുടെ സ്‌നേഹാര്‍ദ്രമായ ആ സാമീപ്യമാണ് കണ്ട് കൊതി തീരും മുന്‍പേ നഷ്ടമായത്. വിനയന് വാര്യരോട് ആദ്യമായി തീര്‍ത്താല്‍ തീരാത്ത പക തോന്നിത്തുടങ്ങി. സ്വതന്ത്ര്യമായി വിഹരിച്ച് നടന്നിരുന്ന ഇണയരയന്നങ്ങളിലൊന്നിനെ അമ്പെയ്തുവീഴ്തിയ വേട്ടക്കാരനാണ് വാര്യര്‍ അയാള്‍ക്കിപ്പോള്‍.

കണ്ണുകളടച്ച് ധ്യാനത്തിലായിരുന്ന കിഴക്കേടത്ത് മൂസ്സ് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശശോഭയിലെന്ന വണ്ണം മിഴികള്‍ ചിമ്മി. മുന്നില്‍ നില്‍ക്കുന്ന രൂപത്തെ തിരിച്ചറിഞ്ഞതും ആ മിഴികളിലെ ഭാവമെന്തെന്ന് അദ്ദേഹം ശ്രദ്ധിച്ചു. പ്രതികാരഭാവമല്ല, അനുകമ്പ കിനിയുന്ന മിഴികളാണെങ്കിലും അവയില്‍ പ്രതികാര ബുദ്ധി ഒളിഞ്ഞിരിക്കുന്നോ എന്നൊരു സംശയം അദ്ദേഹത്തിനു തോന്നാതിരുന്നില്ല. കണ്ണൊന്നുചിമ്മിത്തുറന്നപ്പോള്‍ മുന്നില്‍ ആ രൂപം ഉണ്ടായിരുന്നില്ല. പക്ഷേ, അന്തരീക്ഷത്തില്‍ പാലപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം നിറഞ്ഞുനിന്നിരുന്നു.

നിരാശയോടെ വിനയന്‍ മൂസ്സിനെ നോക്കി. ഒരുമാത്രയൊന്ന് കണ്ടതേയുള്ളൂ, കണ്ണുനിറച്ചും കണ്ടതുമില്ല. വിനയന്റെ മനോഗതം മനസിലാക്കിയെന്നോണം മൂസ്സ് തലയാട്ടി. മനസ് ഭരിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. നല്ലതല്ല, ശരിയല്ല എന്ന് തീര്‍ത്തും ബോധമുണ്ടെങ്കിലും മനസിന്റെ ശാഠ്യങ്ങള്‍ ബുദ്ധിയുടെ ഉപദേശങ്ങളെ കീഴ്‌പ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍. ഐതിഹ്യമാലയിലെ വായിച്ചുമറന്ന ചില യക്ഷികഥകളായിരുന്നു വിനയന്റെ മനസ്സിലപ്പോള്‍ നിറഞ്ഞുനിന്നത്. കീഴ്‌പ്പെടുത്തിയ മാന്ത്രികനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച യക്ഷികള്‍. നിര്‍മ്മല ഇന്നോളം ആരെയും ഉപദ്രവിച്ചിട്ടില്ല. തനിക്കാണെങ്കില്‍ അവളുടെ സാമീപ്യം മാത്രം മതി. ശിഷ്ടജീവിതത്തിനു മറ്റാരുടെയും തുണ വേണ്ട. ആരും അവളെ ഉപദ്രവിക്കാതെയും അവള്‍ ആരെയുമുപദ്രവിക്കാതെയും താന്‍ നോക്കിക്കൊള്ളാം. മറ്റുള്ളവര്‍ക്ക് മുന്നില്‍ അദൃശ്യയായി തന്റെ മരണം വരെ കൂടെ ജീവിക്കാമോ എന്നൊന്ന് ചോദിക്കണം, ഒരുവട്ടം കൂടി അവള്‍ പ്രത്യക്ഷയാവുമെങ്കില്‍. വിനയന്റെ മുഖത്തു നിന്നും അയാളുടെചിന്തകള്‍ മനസ്സിലാക്കിയ മൂസ്സിനു ആ ചിന്തകളുടെ ഹേതു നിസ്വാര്‍ത്ഥപ്രണയമാണെന്ന് മനസ്സിലാവുന്നുണ്ടായിരുന്നു. എന്നിരുന്നാല്‍ക്കൂടി പ്രകൃതിയുടെ നിയമങ്ങള്‍ക്കെതിരായി ഒരു ആത്മാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എത്ര വലിയ വിരോധാഭാസമാണെന്ന് വിനയനെ പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടി വന്നു. നിരാശ നിറഞ്ഞ മുഖത്തോടെ, ഗദ്ഗദം നിറഞ്ഞ സംഭാഷണങ്ങള്‍ക്കൊടുവില്‍ കുഞ്ഞാത്തോലിന്റെ മോക്ഷക്രിയകളില്‍ ഭാഗദൃക്കാവാന്‍ വിനയന്‍ സമ്മതിച്ചു. പിടിച്ചു വയ്ക്കുന്നതല്ല സ്‌നേഹം, വിട്ടുകൊടുക്കലാണ്. ഭൂമിയിലെ വേദനകളില്‍ നിന്നും കുഞ്ഞാത്തോലിന്റെ ആത്മാവിനെ മോചിപ്പിച്ചു മോക്ഷപ്രാപ്തി കൈവരുത്തുക എന്നതില്‍ക്കവിഞ്ഞൊരു സദ്പ്രവൃത്തി ഇല്ല തന്നെ. അയാള്‍ തീരുമാനിച്ചു.

കര്‍മ്മങ്ങള്‍ തുടരാമല്ലോ അല്ലേ? മൂസ്സ് എല്ലാവരോടുമായി ചോദിച്ചു.

‘കുഞ്ഞാത്തോലിനെ ഒരുവട്ടം കൂടി നോവിക്കാന്‍ നോം തയ്യാറല്ല. സൗമ്യമായ പ്രാര്‍ത്ഥനകളില്‍ പ്രീണയായി സ്വയം ഒഴിഞ്ഞുപോവുന്നതരം ചില ആത്മാക്കളുണ്ട്. മനസിലാക്കിയിടത്തോളം കുഞ്ഞാത്തോല്‍ അക്കൂട്ടത്തില്‍പ്പെടുന്നതാണ്. യാതൊരുവിധ ദ്രോഹങ്ങളും ആര്‍ക്കുമേല്‍പ്പിക്കാതെ ലക്ഷ്യപ്രാപ്തിക്കായി മാത്രം ഭൂമിയില്‍ ജീവിക്കുന്ന ചിലര്‍.’ മൂസ് പറഞ്ഞു നിര്‍ത്തി
‘ലക്ഷ്യം പൂര്‍ത്തിയാവുന്നതോടെ ഭൂമി വിട്ട് പോവുന്നവര്‍’ സൂര്യദേവന്‍ തിരുമേനി പൂരിപ്പിച്ചു.

‘അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ലക്ഷ്യപ്രാപ്തി മാത്രം മോഹിക്കുന്നവര്‍. വാര്യരുടെ നാശമാണ് കുഞ്ഞാത്തോലിന്റെ ലക്ഷ്യം. ഒരു ജീവനെ തല്ലിക്കെടുത്തി കുഞ്ഞാത്തോലിന്റെ പ്രതികാരം പൂര്‍ത്തിയാക്കാന്‍ അങ്ങ് അനുവദിക്കുമോ? ഇതാണെന്നെയും ധര്‍മ്മസങ്കടത്തിലാക്കിയത്.’

‘സൂര്യാ….. കര്‍മ്മങ്ങള്‍ തുടരാം. കൃത്യമായ മുന്‍വിധിയോടെയല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സംഭവിക്കാനുള്ളതൊന്നിനെയും തടഞ്ഞിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ കര്‍മ്മഫലമനുഭവിക്കേണ്ടവരാണ് ഈ ഭൂമിയില്‍ ജന്മമെടുക്കുന്ന ഓരോ ജീവജാലങ്ങളും. അക്കാര്യത്തില്‍ ശങ്ക വേണ്ട.’

നിമിഷനേരം കൊണ്ട് ഉച്ചാടനത്തിനായി ഒരുക്കിയിരുന്ന ഹോമദ്രവ്യങ്ങള്‍ പൂജാപന്തലില്‍ നിന്നും ഒഴിവാക്കി പകരം സ്വര്‍ണ്ണത്തളികയും ചിലയിനം പുഷ്പങ്ങളും മറ്റു വസ്തുക്കളും കൈമളും നാരായണനും കൂടി ഏര്‍പ്പാടാക്കി. അണഞ്ഞു തുടങ്ങിയിരുന്ന ഹോമാഗ്‌നിയിലേക്ക് വീണ്ടും നെയ്യും ചന്ദനധൂളികളും സമര്‍പ്പിച്ചു കൈമള്‍ ഹോമകുണ്ഡം ഒരുക്കിയെടുത്തു.

‘ഹേമാഭാമതി മോഹനാമതുല ഭൂഷാലം
കൃതാം പുഷ്പിതൊദ്യാനേ
പീനപയോധരാര്ജിതതനും മന്ദാരദൃക്‌നഗ്‌നികാം
ചതുര്‍ദ്ദിക്ഷുദാസീ
ഗണൈസേവിതാം ഘ്രീം ഭജേസര്വ്വസൗഖ്യപ്രദാം
യക്ഷിണീംതാം.’

ഒരുലക്ഷം ഉരു മൂസ്സ് മന്ത്രജപം നടത്തുമ്പോള്‍ സൂര്യദേവന്‍ തിരുമേനി പതിനായിരം തവണ ഉച്ചമലരി പൂക്കള്‍ ഹോമാഗ്‌നിയിലേക്ക് അര്‍പ്പിക്കണം. ഇപ്പോഴാണ് സൂര്യദേവന്‍ തിരുമേനിക്ക് പൂര്‍ണ്ണമായി മനസ്സിലായത്. യക്ഷിയെ പ്രീതിപ്പെടുത്തി ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്ന പൂജയാണ് മൂസ്സ് ഉദ്ദേശിക്കുന്നത്. ഹോമത്തില്‍ സന്തുഷ്ടയായാല്‍ അഭ്യര്‍ത്ഥിക്കുന്നതെന്തും തന്നനുഗ്രഹിക്കും. അങ്ങനെയെങ്കില്‍ വാര്യരേയും കുടുംബത്തേയും ഉപദ്രവിക്കാതെ ആവാഹനത്തിനു സന്നദ്ധയാവണമെന്നാവാം അദ്ദേഹം കുഞ്ഞാത്തോലിനോട് അപേക്ഷിക്കുക. രവിയുടേയും ഉമയുടേയും മധ്യേ ബോധംകെട്ട് മയങ്ങിക്കിടക്കുന്ന ദേവൂട്ടിയുടെ മുഖത്തെ നിഷ്‌കളങ്കതയില്‍ മിഴിയര്‍പ്പിച്ചു സൂര്യദേവന്‍ തിരുമേനി പൂജ നല്ലവണ്ണം പൂര്‍ത്തിയാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഉച്ചമലരി പുഷ്പങ്ങള്‍ അടങ്ങിയ തളിക അടുത്തേക്ക് വലിച്ചുവച്ച് അര്‍പ്പണത്തിനു തയ്യാറായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *