അതിദ്രുതം മുഴങ്ങുന്ന മണിയൊച്ചകളുടെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം വാര്യരെ പരിക്ഷീണിതനാക്കി. കിടപ്പുമുറിയുടെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന ഉദയസൂര്യന്റെ രശ്മികളും ആകാശത്തേക്കുയരുന്ന പുകച്ചുരുളുകളും നോക്കികിടക്കെ എന്തൊക്കെയോ ഗുരുതരമായ കാര്യകര്‍മങ്ങള്‍ നടക്കുന്നുണ്ട് എന്നയാളുടെ മനസ്സ് മന്ത്രിച്ചു. സംസാരശേഷി നഷ്ടപ്പെട്ടതിനാല്‍ ഒന്നും ചോദിച്ചറിയാനും കഴിയുന്നില്ല. എങ്കിലും എല്ലാം കുഞ്ഞാത്തോലിനെ ആവാഹിക്കാനുള്ള കര്‍മങ്ങള്‍ ആണെന്ന് അയാള്‍ ഊഹിച്ചു. എല്ലാത്തിനും കാരണം താനാണല്ലോ എന്ന ചിന്ത ആ വൃദ്ധനെ വിഷമിപ്പിച്ചു. മരിക്കാനും പേടിയില്ല. ഏകമകള്‍ പോലും വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു, ഇനിയും ഈ ജന്മം കൊണ്ടെന്തു ഗുണം? നിറഞ്ഞൊഴുകിയ മിഴികള്‍ തുടയ്ക്കാന്‍ പോലും ആവതില്ലാതെ അയാള്‍ തലയിട്ടുരുട്ടി. ചെയ്തുകൂട്ടിയ പാപങ്ങള്‍ ഒരു മാത്രയെങ്കിലൊരു മാത്ര മറക്കാനുള്ള ത്വരയില്‍ അക്കരെക്കാവില്‍ നിന്നും മുഴങ്ങിക്കേട്ട രാമായണ ശീലുകളിലേക്കായി അയാള്‍ കാതോര്‍ത്തു.
‘ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തുവെണ്ണീറായി ചമഞ്ഞു പോയീടിലാം
കണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം’
‘ഒരു നാള്‍ ഈ ശരീരം ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിച്ച് പോകും. അന്യായമായി നേടിയതെല്ലാം ഒരുനാള്‍ നഷ്ടപ്പെടും. പിന്നെന്തിന് വേണ്ടിയാണു മനുഷ്യാ നീ ഈ ക്രൂരതകള്‍ ചെയ്യുന്നത്?’
രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ വരികള്‍. സമ്പത്ത് നേടാനായി ക്രൂരത ചെയ്യുന്നവര്‍ക്ക് താക്കീതായി എന്നവണ്ണം എഴുതപ്പെട്ട അര്‍ഥസമ്പുഷ്ടമായ വരികള്‍.
അല്പം മനോബലം കിട്ടുമെന്ന് കരുതിയാണ് രാമായണം കേള്‍ക്കാന്‍ ഒരുങ്ങിയത്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഏതൊരു കര്‍മമാണ് ചെയ്തിരിക്കുന്നത് ആ കര്‍മഫലം തന്നെ തേടിയെത്തുമെന്നത് നിസംശയം. കര്‍മദോഷങ്ങള്‍ സ്വയം അനുഭവിച്ചു തീര്‍ക്കാം, ഉമയ്ക്കും ദേവുവിനും ദോഷമായൊന്നും ഭവിക്കാതിരുന്നാല്‍ മതി എന്ന് മാത്രമായി അയാളുടെ ആഗ്രഹം.
മന്ത്രജപങ്ങളോടെ ഹോമാഗ്‌നിയിലേക്കു ഉച്ചമലരി പൂവുകള്‍ അര്‍പ്പിച്ചു കൊണ്ടിരുന്ന സൂര്യദേവന്‍ തിരുമേനിക്ക് ശരീരമാകെ ചുട്ടുപൊള്ളുന്ന ഒരനുഭവം. അദ്ദേഹത്തിന്റെ തൊട്ടടുത്ത് പൂജാദ്രവ്യങ്ങള്‍ ഒന്നൊന്നായ് തയ്യാറാക്കി കൊണ്ടിരുന്ന കൈമള്‍ക്കും വലതുകൈയ്യൊന്നു വിറച്ചു. അയാള്‍ സന്ദേഹത്തോടെ ഗുരുനാഥന്റെ നേര്‍ക്കൊന്നു പാളി നോക്കി, ഭംഗം വരാതെ കര്‍മം പൂര്‍ത്തിയാക്കാന്‍ പരദേവതയോടു മനമഴിഞ്ഞു പ്രാര്‍ത്ഥിച്ചു. പൂജയില്‍ പലവിധത്തിലുള്ള തടസങ്ങള്‍ അനുഭവപ്പെട്ടേക്കാം എന്ന് മൂസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നതിനാല്‍ ആരും ഒന്നും കാര്യമാക്കിയില്ല. ഹോമവിധികളില്‍ അന്തര്‍ലീനനായിരുന്നത് കൊണ്ട് കിഴക്കേടത്തു മൂസ് ചുറ്റുപാടുമുള്ള യാതൊന്നും അറിയുന്നുമുണ്ടായിരുന്നില്ല.
ഹോമകുണ്ഡത്തിനു പുറത്തു മുറ്റത്തു ചെറിയൊരു നിഴല്‍ ഇളകുന്നത് രവി ശ്രദ്ധിച്ചിരുന്നു, കാണെക്കാണെ ആ നിഴലിനു വലുപ്പം കൂടി വരുന്നത് അയാള്‍ കൗതുകം കലര്‍ന്ന ഭയത്തോടെ നോക്കിക്കണ്ടു. മറ്റാരും അത് കാണാഞ്ഞതില്‍ ആശ്വാസം കൊള്ളുകയും ചെയ്തു. ദിവസങ്ങളായി ശ്രമിച്ചിട്ടും പലവട്ടം മുടങ്ങിപോയ ഈ കര്‍മങ്ങള്‍ എത്രയും പെട്ടെന്ന് തീരണമെന്നും ഇവിടെ നിന്ന് എത്രയും പെട്ടെന്ന് മടങ്ങിപോവണമെന്നുമുള്ള ചിന്ത അയാളില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. പ്രത്യേകിച്ചും ദേവുവിനെ ഇനിയുമീ അന്തരീക്ഷത്തില്‍ നിര്‍ത്തുന്നതില്‍ അയാള്‍ക്കശേഷം താല്പര്യമില്ല. കുഞ്ഞാത്തോലിനെ ഭയമില്ല, മനസ്സ് നിറയെ അലിവു മാത്രമാണ് ഇപ്പോഴും അവളോട് തോന്നുന്നത്. പക്ഷേ, ദേവുവുമായി എന്തെങ്കിലും മുജ്ജന്മബന്ധം അവള്‍ക്കുണ്ടെന്നു പറയപ്പെടുന്നത് തികച്ചും അരോചകമായിരിക്കുന്നു. ദേവൂട്ടിയ്ക്ക് മറ്റവകാശികള്‍ കൂടി ഉണ്ടെന്ന് വിശ്വസിക്കാന്‍ ആ പിതൃഹൃദയം തയ്യാറല്ല. ഉമയോടുള്ള അകമഴിഞ്ഞ സ്‌നേഹമൊന്നു കൊണ്ടുമാത്രമാണ് ഇതുവരെ ഇവിടെ പിടിച്ചുനിന്നത്. ഇനിയും വയ്യ എന്ന അവസ്ഥയിലായിരിക്കുന്നു.
ഏതോ ക്രൂരജന്തുവിന്റെ മുരള്‍ച്ചയുടെ മട്ടിലൊരു ശബ്ദം തൊട്ടടുത്ത് കേട്ടുതുടങ്ങിയപ്പോള്‍ കിഴക്കേടത്ത് മൂസ് പൂര്‍വ്വാധികം ശക്തിയോടെ മന്ത്രോച്ചാരണം തുടര്‍ന്നു. സൂര്യദേവന്‍ തിരുമേനിയുടെ കരങ്ങളും അതിദ്രുതം പുഷ്പാര്‍ച്ചനയ്ക്കായി ഉയര്‍ന്ന് താണു. കൈമളാവട്ടെ ഹോമകുണ്ഡത്തിലേക്ക് നെയ്യും ചന്ദനമുട്ടികളും പകര്‍ന്നു അതിനെ ആവുന്നത്ര പ്രകാശഭരിതമാക്കി.
ഹോമം ഉച്ചസ്ഥായിയിലെത്തിയ നിമിഷം ദിഗന്തങ്ങളുലയ്ക്കും വണ്ണം മുഴങ്ങിയ ഇടിയൊച്ച കേട്ട് എല്ലാവരുമൊന്ന് ഞെട്ടി. ഒപ്പം തെളിഞ്ഞ തീവ്രമായ മിന്നലിന്റെ പ്രസരത്തില്‍ വാര്യരുടെ മുറിയില്‍ ഈട്ടിത്തടിയില്‍ തീര്‍ത്ത മച്ചിന്റെ ഒരു ഭാഗം വങ്ങിക്കരിഞ്ഞു. എല്ലാം കണ്ടും കേട്ടും തന്റെ വിധി തീരുമാനിക്കപ്പെട്ടുവെന്ന് വാര്യര്‍ക്ക് തോന്നിത്തുടങ്ങി. മുറിയില്‍ ആരുടെയോ സാമീപ്യം അനുഭവപ്പെട്ട വാര്യര്‍ ഭയത്താല്‍ വിളറിവെളുത്ത മുഖത്തോടെ തലചെരിച്ചു നോക്കി. തനിക്കുള്ള മരുന്നുമായി വന്ന നാരായണനെ തൊട്ടടുത്ത് കണ്ടതും ഒരുകൊച്ചുകുട്ടിയുടെ ഭാവാദികളോടെ അയാള്‍ തേങ്ങിക്കരഞ്ഞു. പ്രതാപിയും അഹങ്കാരിയുമായിരുന്ന ആ മനുഷ്യന്റെ പതനം കണ്‍മുന്നില്‍ കണ്ട് നാരായണന് ദുഃഖം തോന്നി.
മൂസ്സിന്റെ മന്ത്രജപം ഏതാണ്ട് പൂര്‍ത്തിയാവാറായിരിക്കുന്നു. ഉച്ചമലരി പൂക്കളും തീര്‍ന്നുതുടങ്ങി. ഇനിയുമൊരു തളിക പൂക്കളെ അവശേഷിച്ചിട്ടുള്ളൂ. അവയും കൂടി ഹോമാഗ്‌നിയിലേക്ക് അര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ കുഞ്ഞാത്തോലിന് കഴിയില്ല. പ്രീതിപ്പെടുത്തി പ്രത്യക്ഷപ്പെടുത്തിയ കര്‍മ്മിയുടെ അപേക്ഷ നിരസിക്കുവാനുമാകില്ല. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ ഹോമം മുടക്കാനെന്നവണ്ണമുള്ള ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നതും. സൂര്യദേവന്‍ തിരുമേനി മനസ്സ് വീണ്ടും ഹോമാഗ്‌നിയില്‍ ഏകാഗ്രമാക്കി.
ചുറ്റുപാടുമുള്ള മരങ്ങളും കോയിക്കല്‍ മനയുടെ അതിര്‍ത്തിയിലെ കരിമ്പനത്തലപ്പുകളും ക്രോധപൂര്‍വം ആടിയുലഞ്ഞു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പക്ഷികള്‍ പേടിച്ചു കലമ്പലോടെ പറന്നുയര്‍ന്നു. തുടരെത്തുടരെ കാണപ്പെട്ട ഇടിമിന്നലിനൊപ്പം അതിശക്തിയാര്‍ന്ന കൊടുങ്കാറ്റും രൂപാന്തരപ്പെട്ടപ്പോള്‍ ഹോമകുണ്ഡത്തിന് സമീപം വെളുത്തൊരുരൂപം തെളിഞ്ഞു വന്നു. വീശിയടിച്ച പൊടിക്കാറ്റല്‍പം ശാന്തമായപ്പോള്‍ രൗദ്രഭാവത്തില്‍ പ്രത്യക്ഷപ്പെട്ട കുഞ്ഞാത്തോലിനെക്കണ്ട് രവിയും ഉമയും വിനയനും ഞെട്ടിത്തരിച്ചു. എത്രയൊക്കെ പ്രീണിപ്പിച്ചാലും സ്വന്തം ലക്ഷ്യത്തില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ തയ്യാറല്ലെന്നൊരു ഭാവം ആ മിഴികളില്‍ വ്യക്തമായിരുന്നു.
About The Author
No related posts.