കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-22

Facebook
Twitter
WhatsApp
Email

മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നെയ്യും ചന്ദനച്ചീളുകളും അഗ്‌നിയില്‍ പതിച്ചതിന്റെ പ്രത്യേകസുഗന്ധം ചുറ്റും പരന്നു. ഉമ ആ ഹോമാഗ്‌നിയില്‍ത്തന്നെ ഏകാഗ്രതയോടെ മനസ്സര്‍പ്പിച്ചു പൂജ സമ്പന്നമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. തിരുമേനി മന്ത്രങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലുംതോറും ചുറ്റും മുഴങ്ങിയ നേര്‍ത്ത തേങ്ങിക്കരച്ചില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതായി അവര്‍ക്കു തോന്നി. കാതോരത്ത് അലയടിച്ച ആ ശബ്ദം അരോചകമായി തുടങ്ങിയപ്പോള്‍ രവി തിരുമേനിയെ നോക്കി.

‘ഇനിയും പല ലക്ഷണങ്ങളും കാണും. ഒന്നും കാര്യമാക്കേണ്ടതില്ല. സമാധാനമായിരിക്കൂ’ കൈമള്‍ രവിയോട് നിര്‍ദ്ദേശിച്ചു.

വിനയന്‍ ചുറ്റുപാടും ശ്രദ്ധിച്ചു. കറുത്തിരുണ്ട് കിടന്ന ആകാശം എന്തോ സംഭവിക്കുവാനുണ്ടെന്ന ദുസ്സൂചന നല്‍കുന്നത് പോലെ. ഇനിയും തടസ്സങ്ങളൊന്നും കൂടാതെ ഹോമം പൂര്‍ത്തിയായി നിര്‍മ്മലക്ക് മോക്ഷം കിട്ടണമെന്ന് ആ ഹൃദയം ആശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞുവിന്റെ ഓര്‍മ്മകള്‍ വല്ലാതെ മഥിക്കുന്നുണ്ട് മനസ്സിനെ. അന്തമില്ലാത്ത ഓര്‍മ്മകളുടെ പ്രവാഹമാണെപ്പോഴും, ഒരുമിച്ച് ജീവിച്ച് കൊതി തീര്‍ന്നില്ല. ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ള ഓര്‍മ്മകള്‍ മിച്ചം വച്ചാണവള്‍ പോയത്. വേപഥുവോടെ അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
സൂര്യദേവന്‍ തിരുമേനി ഉച്ചത്തില്‍ മന്ത്രം ചൊല്ലി ഹോമാഗ്‌നിയിലേക്ക് നെയ്യ് പകര്‍ന്നു. ഉച്ചാടനകര്‍മ്മങ്ങള്‍ ആരംഭിക്കുന്നുവെന്ന സൂചന ലഭിച്ചതും പച്ചപുഷ്പങ്ങള്‍ നിറച്ച തളിക കൈമള്‍ അദ്ദേഹത്തിന്റെ സമീപത്തേക്ക് നീക്കി വച്ചു. ഒപ്പം ഇരുമ്പുപാത്രത്തില്‍ ആട്ടിന്‍ ചോര കലര്‍ത്തിയ വെള്ളവും.

ചേടകായക്ഷിണി മന്ത്രം ജപിച്ച് തിരുമേനി ഒരുപിടി പൂക്കള്‍ വാരിയെടുത്ത് ഹോമാഗ്‌നിയിലേക്കര്‍പ്പിച്ചതും ഹോമപ്പുരയൊന്ന് കുലുങ്ങി. ഒന്നു ഞെട്ടി കണ്ണുതുറന്ന രവി മുകളിലേക്ക് നോക്കിയപ്പോള്‍ ആകാശത്ത് മിന്നിമറഞ്ഞ, മഴവില്ലുപോലെ തോന്നിയ ഒരു വസ്തുവിന്റെ അഗ്‌നിവര്‍ണ്ണത്തിലുള്ള ഒരു തുണ്ട് ഹോമപ്പുരയെ ലക്ഷ്യമാക്കി താഴേക്ക് പതിയ്ക്കുന്നത് കണ്ടു. രവി വിറക്കുന്ന വിരലുകള്‍ അതിലേക്ക് ചൂണ്ടിയതും തിരുമേനി പ്രാര്‍ത്ഥനയോടെ ഒരു നുള്ളു ഭസ്മം ഹോമകുണ്ഡത്തിലേക്ക് എറിഞ്ഞു. പിന്നീടുണ്ടായത് അത്ഭുതത്തോടെ മാത്രമേ രവിക്ക് കണ്ടിരിക്കാനായുള്ളൂ. അതിവേഗതയോടെ താഴേക്ക് വീണുകൊണ്ടിരുന്ന ആ മിന്നല്‍തുണ്ട് കത്തിയമര്‍ന്നൊരു കനല്‍ത്തുണ്ടായി ഹോമപ്പുരയില്‍ നിന്നല്‍പം മാറി നിലം പതിച്ചു. തെല്ലൊരാശ്വാസത്തോടെ രവി തിരുമേനിയെ നോക്കിയ നിമിഷം തന്നെ നിരാശയില്‍ നിന്നുയിര്‍ക്കൊണ്ടതെന്നവണ്ണം മുഴങ്ങിയ ഒരു മുരള്‍ച്ചയില്‍ വാര്യമൊന്ന് നടുങ്ങി. തിരുമേനി വീണ്ടും പച്ചനിറമാര്‍ന്ന പുഷ്പങ്ങള്‍ തീയിലേക്കര്‍പ്പിച്ചതും സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്നത് പോലെ അവ ജ്വലിച്ചു. പൊടുന്നനെ വാര്യത്തെ പടിപ്പുരയിലൊരു വണ്ടി സഡന്‍േ്രബക്കിട്ട ശബ്ദം. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ചെറുപ്പക്കാരന്റെ തോളില്‍ ചാഞ്ഞ് ഒരു വൃദ്ധന്‍ ഹോമപ്പുരയിലേക്ക് കടന്നുവന്നു. അവശനനെങ്കിലും ഗാംഭീര്യവും തേജസും നിറഞ്ഞ മുഖം. ആഗതനെ തിരിച്ചറിഞ്ഞതും സൂര്യദേവന്‍ തിരുമേനി ഭവ്യതയോടെ എഴുന്നേറ്റുനിന്നു. അതിശയത്തോടെ മറ്റുള്ളവരും.

‘അരുത് ദേവാ…. മഹാപാപമാണ്. ഇവിടെ നിര്‍ത്തിക്കൊള്ളൂ.’ കൈമള്‍ നീക്കിയിട്ട കസേരയില്‍ ആയാസപ്പെട്ട് ഇരിക്കുന്നതിനിടെ ആ വൃദ്ധന്‍ ഉരുവിട്ടു.

‘അങ്ങെന്താണീ പറയുന്നത്?’ സൂര്യദേവന്‍ തിരുമേനി ആരാഞ്ഞു.

‘നീ ഗ്രഹിച്ചതെന്തോ, അതു തന്നെ. ഇവിടെയിതു നടക്കാന്‍ പോവുന്നെന്നൊരു തോന്നല്‍ ഇന്നലെ രാത്രി മുതലുണ്ടായി. എനിക്ക് പറ്റിയ തെറ്റ് നിനക്കും പറ്റരുതെന്ന് നിനച്ചു നോം. അതാണ് പുലരുംമുന്‍പേ പുറപ്പെട്ടത്’ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

വിനയനും രവിയും ഉമയും അത്ഭുതത്തോടെ ആഗതനെ നോക്കുന്നത് ശ്രദ്ധിച്ച് സൂര്യദേവന്‍ തിരുമേനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

‘ഇതെന്റെ ഗുരുനാഥന്‍ കിഴക്കേടത്ത് മൂസ്സ്, കേട്ടിട്ടുണ്ടാവും. മഹാമാന്ത്രികനാണ്.’ പിന്നീട് തിരിഞ്ഞ് അദ്ദേഹത്തോടായി ചോദിച്ചു

‘അങ്ങെന്തിനെപറ്റിയാണ് പറയുന്നത് ഗുരുനാഥാ?’

‘ദേവാ… വര്‍ഷങ്ങള്‍ക്ക് മുന്‍പു നാമൊരു പാതകം ചെയ്തു. അമേരിക്കയില്‍ താമസിക്കുന്ന ഗര്‍ഭിണിയായ മകള്‍ക്ക് ഉപദ്രവം ചെയ്യുന്ന ഒരു ബാധയുടെ ഉപദ്രവം തീര്‍ത്തുതരണമെന്നും പറഞ്ഞ് വാര്യര്‍ എന്നെ സമീപിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ നോമാ കര്‍മ്മം ചെയ്തു.’

ഒരു കിതപ്പോടെ മൂസ്സ് പറഞ്ഞു നിര്‍ത്തി. ശ്വാസതടസ്സം മൂലം ആ വൃദ്ധന്റെ നെഞ്ചിന്‍കൂട് ഉയര്‍ന്നുതാണു. കൂടെ വന്ന യുവാവ് കയ്യില്‍ കരുതിയിരുന്ന സഞ്ചിയിലെ ഫ്‌ളാസ്‌ക് തുറന്ന് അദ്ദേഹത്തിന് ചൂടുവെള്ളം പകര്‍ന്നു നല്‍കി. അതൊരിറക്ക് കുടിച്ചതിന് ശേഷം അദ്ദേഹം തുടര്‍ന്നു.

‘അബലയായൊരു പെണ്‍കുട്ടിയുടെ ആത്മാവിനെയാണ് നോവിച്ചതെന്നറിഞ്ഞില്ല. വാര്യരുടെ അപേക്ഷപ്രകാരം അതികഠിനമായ സ്തംഭനകര്‍മ്മം നടത്തി അവളുടെ കൈകള്‍ ഞാന്‍ ബന്ധിച്ചപ്പോള്‍ ആ പാവം കരഞ്ഞപേക്ഷിച്ചിരുന്നു വെറുതെവിടാന്‍. സ്വന്തം കഴിവില്‍ അകമഴിഞ്ഞ് അഹങ്കരിച്ച മൂഢനായ ഞാന്‍ അന്നത് കേട്ടില്ല. ആ കണ്ണീരിന്റെ, ശാപത്തിന്റെ അനന്തരഫലം ഞാന്‍ അനുഭവിച്ചു തുടങ്ങിയപ്പോള്‍ പക്ഷേ എന്റെ നാവ് തളര്‍ന്ന് പോയിരുന്നു. അന്ന് നടന്നതെന്താണെന്ന് ആരോടുമൊന്നും പറയാനാവാതെ കിടപ്പിലായ ഞാന്‍ ഇക്കഴിഞ്ഞ ദിവസമാണ് എണീറ്റത്.’
‘എനിക്കാ തെറ്റ് തിരുത്തണം. മരിക്കുന്നതിന് മുന്‍പ് ആ ഒറ്റയൊരാഗ്രഹം മാത്രമാണുള്ളത്. അറിയാതെയാണെങ്കില്‍ക്കൂടി ആ ആത്മാവിനെ നോവിച്ചതിനെനിക്ക് പ്രായശ്ചിത്തം ചെയ്‌തേ മതിയാവൂ.’

‘തീര്‍ച്ചയായും അങ്ങയുടെ ആഗ്രഹം പോലെയാവട്ടെ.’

‘അങ്ങ് പകര്‍ന്നു നല്‍കിയ വിദ്യകളേ ഈയുള്ളവനും അറിയൂ. ഈ പെണ്‍കുട്ടിയുടെ രക്ഷ അങ്ങയെ ഏല്‍പ്പിച്ചു ഞാനും ഈ കര്‍മ്മങ്ങളില്‍ നിന്നും പിന്‍വാങ്ങുകയാണ്.’ പൂജപ്പന്തലില്‍ നിലത്ത് മയങ്ങിക്കിടക്കുന്ന ദേവുവിനെ ചൂണ്ടി സൂര്യദേവന്‍ തിരുമേനി കൂട്ടിചേര്‍ത്തു.

ദേവുവിനെ ഒരു വട്ടം നിരീക്ഷിച്ച് മൂസ്സ് നീട്ടിയൊന്ന് മൂളി. പിന്നീട്, ആയാസപ്പെട്ട് ഹോമകുണ്ഡത്തിനരികില്‍ പീഠത്തിലിരുന്നു. ഹോമാഗ്‌നിയെ തൊഴുത് മനസുകൊണ്ട് ധ്യാനിച്ച് കൈനീട്ടിയതും ഒരു ഇലക്കീറില്‍ വെളുത്തപുഷ്പങ്ങള്‍ അന്തരീക്ഷത്തിലൂടെ ഒഴുകിവന്നു. ദുര്‍ഗ്ഗാദേവിയെ ധ്യാനിച്ച് അദ്ദേഹം പുഷ്പങ്ങളോരോന്നും അര്‍പ്പിക്കുന്നത് എല്ലാവരും ഭക്തിപൂര്‍വ്വം നോക്കിയിരുന്നു. മന്ത്രജപം നിര്‍ത്തി അദ്ദേഹം ഹോമകുണ്ഡത്തിലേക്ക് നെയ്യ് തര്‍പ്പണം ചെയ്തതും പൊടുന്നനെ അന്തരീക്ഷമാകെ മാറി. ശക്തമായ മിന്നലിന്റെ അകമ്പടിയോടെ ഇടിവെട്ടി, പൊടിപടലങ്ങള്‍ നിറഞ്ഞു. ഒരു നിമിഷത്തിനു ശേഷം എല്ലാമൊന്നു നിശ്ചലമായപ്പോള്‍ കോടമഞ്ഞിലെന്നവണ്ണം തെളിഞ്ഞു വന്ന രൂപത്തിലേക്ക് ഇമ വെട്ടാതെ, ശ്വാസം നിലച്ചതുപോലെ നോക്കിയിരുന്നു പോയി വിനയനും ഉമയും.

About The Author

Leave a Reply

Your email address will not be published. Required fields are marked *