LIMA WORLD LIBRARY

കാര്യം നേടി തേരിൽ മടക്കം! – ബീയാർപ്രസാദ്

മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട് പി.ഭാസ്കരൻ എന്ന പ്രതിഭ. എന്നാൽ വെറുമൊരു ഗാനരചയിതാവിൻറെ കള്ളിയിൽ  മാത്രം ഒതുങ്ങുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിൻറേത്.  44 ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.  6 ചലച്ചിത്രങ്ങൾ നിർമ്മിച്ചു.  മൂന്ന് ഡോക്യുമെൻററി കൾ ചെയ്തു. അദ്ദേഹം രാമുകാര്യാട്ടുമായി ചേർന്ന് ചെയ്ത നീലക്കുയിൽ എന്ന ചിത്രം പ്രസിഡണ്ടിൻറെ  അവാർഡ് നേടുകയുണ്ടായി.  മലയാളത്തിലെ ആദ്യത്തെ യഥാതഥ ചിത്രമെന്ന് അതിനെ വിശേഷിപ്പിക്കാം. സംഗീതം കൊണ്ടും  ആഖ്യാന  ഘടനകൊണ്ടും  ദൃശ്യവിന്യാസം കൊണ്ടും   ഒരു നാഴികക്കല്ലായിരുന്നു അത്. 1969 ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ ഗാനമാണ് ” കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ ” എന്ന് തുടങ്ങുന്നത്.  പി. ജയചന്ദ്രൻ ആലപിച്ച വളരെ പ്രസിദ്ധവും മനോഹരവുമായ ഒരു ഗാനമാണിത്. ജി. വിവേകാനന്ദൻറെ ‘കള്ളിച്ചെല്ലമ്മ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഭാസ്കരൻ മാസ്റ്റർ  ഇതേ പേരിലുള്ള സിനിമ സംവിധാനം ചെയ്തത്.

കള്ളി എന്നു ചീത്തപ്പേരു കേൾക്കേണ്ടിവന്ന ചെല്ലമ്മ എന്ന പെൺകുട്ടിയുടെ കഥയാണ് പ്രമേയം. ഷീലയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന്  ഷീലയ്ക്ക് ലഭിച്ചു.  തോടും ആറും കായലും ഒക്കെ നിറഞ്ഞ ഒരു സ്ഥലത്താണ്  കഥ നടക്കുന്നത്. ഒരിക്കൽ ഈ പ്രദേശത്ത് അതിഭയങ്കരമായ വെള്ളപ്പൊക്കം വന്നു. ഡാം തുറന്നു വിട്ടതിനാൽ പാടങ്ങളും വീടുകളുമൊക്കെ വെള്ളത്തിലായി.  ആൾക്കാർ കഷ്ടത്തിലായ സമയത്ത് മോട്ടോർ വെച്ച് പാടങ്ങളിലെ വെള്ളം പറ്റിക്കുന്ന തിനുവേണ്ടി ആ ഗ്രാമത്തിനു പുറത്തു നിന്നു വന്ന ഒരു നസ്രാണി യുവാവാണ് ഇതിലെ നായകൻ. പ്രേംനസീർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെല്ലമ്മ അനാഥബാല്യത്തിൻറെ ഉടമയാണ്. അമ്മയുടെ അവിഹിത ബന്ധത്തിലെ സന്തതിയായിരുന്നു അവൾ. ചെറുപ്പത്തിലേ അമ്മ മരിച്ചു. മരിക്കാൻ നേരം അമ്മ അവളെ ഉപദേശിച്ചത് ‘മോളെ എൻറെ ഗതി ഒരിക്കലും നിനക്കുണ്ടാവരുത് ‘ എന്നാണ്. ‘പ്രണയത്തിൻറെ വിവേക ശൂന്യതയിൽ എനിക്ക് അബദ്ധം പറ്റിപ്പോയി.  നീ ഒരിക്കലും അങ്ങനെ പെട്ടു പോകരുത്’ . അല്ലലറിഞ്ഞു ജീവിച്ചപ്പോഴും അമ്മയുടെ ഉപദേശം അവൾ മറന്നില്ല. ജീവിതം വഴിമുട്ടി മുന്നിൽ നിന്നപ്പോൾ തൻറേടി  ആവേണ്ടിവന്നു അവൾക്ക്. ആ നാട്ടിലെ പുരുഷ പ്രഭുക്കളെ എല്ലാം വെല്ലുവിളിച്ചുകൊണ്ട് അധ്വാനിച്ച് ജീവിക്കുവാൻ തയ്യാറാവുന്നു യൗവനയുക്തയായ ചെല്ലമ്മ.

നാട്ടിലെ പ്രധാന റൗഡിയായ അരസുക്കണ്ണ് മധു അവതരിപ്പിക്കുന്ന കഥാപാത്രമാണ്.  അവൻ ഉൾപ്പടെ പല ആൾക്കാരും  ചെല്ലമ്മയുടെ സൗന്ദര്യത്തെ മോഹിച്ചിട്ടുണ്ട്. അവളോട് പ്രണയാഭ്യർഥന നടത്തിയിട്ടുണ്ട്. വശംവദയാകുമോ എന്ന് അന്വേഷിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ട് അവൾ ജീവിച്ചു. ശക്തമായ ഒരു സ്ത്രീ കഥാപാത്രമായി  ചെല്ലമ്മയെ  സൃഷ്ടിച്ചിരിക്കുകയാണ് ജി. വിവേകാനന്ദൻ. നോവലിൻറെ ശക്തി സൗന്ദര്യങ്ങൾ ഒട്ടും ചോർന്നു പോകാതെ പി. ഭാസ്കരൻ  അവളെ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുകയും ചെയ്തു.

ആ നാട്ടിൽ മോട്ടോർ വെച്ച് വെള്ളം വറ്റിക്കാൻ വന്ന ഈ നസ്രാണി യുവാവ് പലപ്പോഴും ചെല്ലമ്മയെ റൗഡികളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുത്തി യിട്ടുണ്ട്.  അങ്ങനെ ചെല്ലമ്മയുടെ ഒരു സൗമനസ്യം അവൻ പിടിച്ചുപറ്റുകയും ചെയ്തു. അതിൻറെ പേരിൽ അല്പം താല്പര്യം അയാളോട് ചെല്ലമ്മക്കു  തോന്നിയിട്ടുമുണ്ട് .  അവരുടേത് ഒരു പ്രണയബന്ധമായിരുന്നു എന്നു പറയാൻ പറ്റില്ല. പരസ്പരം  തുറന്നു പറഞ്ഞിട്ടില്ലാത്ത ഒരു ബന്ധം. അതു ക്രമേണ വളർന്നു വരികയും ചെയ്തു. ഏതായാലും നാട്ടിലെ വെള്ളമൊക്കെ ഒഴിഞ്ഞു. പണിയെല്ലാം കഴിഞ്ഞ് അയാൾക്ക് തിരിച്ചു പോകേണ്ട സമയമായി. നാട്ടിലെ  ഉത്സവാഘോഷങ്ങൾ തിമർക്കുന്ന രാത്രിയിൽ, വെടിക്കെട്ട് കണ്ടാനന്ദിച്ച് നിന്ന ചെല്ലമ്മയുടെ സമീപത്തേക്ക് യുവാവ് എത്തിച്ചേർന്നു. അവൻ ബലമായി അവളെ ആലിംഗനം ചെയ്യുമ്പോൾ കുതറി മാറുവാൻ അവൾ ശ്രമിച്ചു. പക്ഷേ ഉള്ളിൽ ഒളിച്ചിരുന്ന അനുരാഗം കൊണ്ടാവാം അവൾക്കു വശംവദ ആകേണ്ടി വന്നു. അന്നുരാത്രി അവിടെ കഴിഞ്ഞ അയാൾ അവളോട് പറഞ്ഞു:

‘ വെളുപ്പിനെ എനിക്ക് പോകണം ‘  അവൾ വല്ലാതെയായി.  ഒരിക്കലും പോവില്ല , എന്നും തുണയായി അവൻ ഉണ്ടാകും എന്നവൾ വിചാരിച്ചിരുന്നു. അവൾ കരഞ്ഞപ്പോൾ  അവൻ ആശ്വസിപ്പിച്ചു: ‘ തിരികെ വരും.  നിന്നെ ഞാൻ വിവാഹം കഴിക്കും’  വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് അയാൾ യാത്രയാവുകയും ചെയ്തു. കരഞ്ഞു കിടന്ന ചെല്ലമ്മ പെട്ടെന്നെഴുന്നേറ്റ് ഓടി പുറകെ ചെന്നപ്പോഴേക്കും അയാൾ കടത്തു വെള്ളത്തിൽ കയറി കഴിഞ്ഞു. വെള്ളം വറ്റിക്കാൻ കൊണ്ടുവന്ന മോട്ടോറും പെട്രോമാക്സും വരെ ആ കടത്തു വള്ളത്തിൽ ഉണ്ട്.   വള്ളക്കാരൻ ഊന്നി അകലേക്ക് പോവുകയാണ്

അതി പ്രഭാതത്തിൻറെ വശ്യത നിറഞ്ഞു നിൽക്കുന്ന ദൃശ്യ വിന്യാസങ്ങളിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. കരയിൽ കരഞ്ഞുകൊണ്ട് അയാളെ നോക്കിനിൽക്കുകയാണ് ചെല്ലമ്മ.  അയാളാകട്ടെ ഒരിക്കലും ചെല്ലമ്മയെ തിരിഞ്ഞുനോക്കാതെ  വള്ളത്തിൽ അകന്നുപോകുന്നു. ഈ സന്ദർഭത്തിലാണ് പാട്ട്.

” കരിമുകിൽ കാട്ടിലെ  രജനിതൻ വീട്ടിലെ

കനകാംബരങ്ങൾ വാടി  കടത്തുവള്ളം യാത്രയായി”

കാട് പോലെ കാർമേഘങ്ങൾ നിറഞ്ഞു നിന്നിരുന്ന ഒരു പ്രഭാതമാണ് അത്. അവളുടെ മനസ്സിലെ വേദനകളാകാം കാർമേഘങ്ങളായി കോൾ കൊണ്ട് നിന്നിരുന്നത്.  ആ മേഘക്കാട്ടിലെ രാത്രിയുടെ വീടാണ് അവളുടെ ഉള്ളം. വീട്ടിലെ കനകാംബരപ്പൂക്കൾ വാടിയിരിക്കുന്നു. തമിഴ്നാടൻ സംസ്കാരവും ആയി ബന്ധപ്പെട്ട ഒരു പൂവാണ്  കനകാംബരം . ഓറഞ്ച് നിറമുള്ള പൂക്കൾ തമിഴ് പെൺകൊടികൾ തലമുടിയിൽ അണിയും. കനകാംബരത്തിന് സ്വർണ്ണ നിറമുള്ള ആകാശം എന്നും അർത്ഥമുണ്ട്. പ്രഭാതത്തിൻറെ കനക പ്രകാശം മേഘങ്ങളിൽ പ്രതിഫലിച്ചിരിക്കുന്നു. കറുത്ത മേഘങ്ങളിലെ കനകാംബരങ്ങൾ വാടി വിളറുന്നത് നേരം വെളുക്കുന്നതിനാലാണ്. പ്രഭാതത്തിൽ നായകൻ കടത്തുവള്ളത്തിൽ യാത്രയായപ്പോൾ  അവളുടെ മനസ്സിലെ സൗവർണ്ണ സ്വപ്നങ്ങൾ വിളറി വെളുത്തുപോയി. കിനാവുകളെ നഷ്ടപ്പെടുത്തിക്കൊണ്ട് ആ യുവാവ് വള്ളത്തിൽ  അകന്നുപോവുകയാണ്. കരയിൽ അവൾ മാത്രമായിരിക്കുന്നു. ഇത് നായകനോ നായികയോ പാടുന്ന പാട്ടല്ല.   കവിയുടെയോ സംവിധായകൻറെയോ വീക്ഷണമാണ്. അത് ചെല്ലമ്മയുടെ മനസ്സിനെ വ്യാഖ്യാനിക്കുന്നതാണുതാനും.

“ഇനിയെന്ന് കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി

ചക്രവാളമാകേ നിൻറെ ഗദ്ഗദം മുഴങ്ങിടുന്നു”

കഥാപാത്ര മനസ്സിൻറെ ഗതിവിഗതികളെ പ്രകൃതിയിലേക്ക് സക്രമിപ്പിച്ച് ആവിഷ്കരിക്കുന്നത്  കവികളുടെ കുശലത ആണ്.  കഥാപാത്രം വളരെ സന്തോഷകരമായ മാനസികാവസ്ഥയിൽ നിൽക്കുകയാണെങ്കിൽ അതാ ആകാശം അങ്ങനെ തെളിഞ്ഞു നിൽക്കുന്നു എന്ന് പറയും.  സങ്കടമാണെങ്കിൽ ആകാശം മേഘാവൃതമായിരിക്കുന്നു അല്ലെങ്കിൽ വിളറിയിരിക്കുന്നു എന്നു പറയും .ഇത്  കൽപ്പനകൾ മാത്രമാണ്. കവി ഭാവനയിൽ കഥാപാത്രത്തിൻറെ മാനസികാവസ്ഥ യുമായി പ്രകൃതി പൊരുത്തപ്പെടുന്നു എന്ന ആഖ്യാന രീതിയാണ് അത്. ഇനിയെന്ന് കാണും നമ്മൾ എന്ന് പറഞ്ഞ് തിരമാലകൾ ഒഴുകുകയാണ്.  തിരകളെ കീറിമുറിച്ചുകൊണ്ട്  പോയ വള്ളം തിരിച്ചു വരണമെന്നില്ല പക്ഷേ  അവ ചോദിക്കുകയാണ് ഇനിയെന്നാണ് നമ്മൾ കാണുന്നത് എന്ന്. അവളുടെ മനസ്സാണു തേങ്ങുന്നത്. ചക്രവാളമാകെ അവളുടെ ഏങ്ങലുകൾ മുഴങ്ങുകയാണ്. ഇവിടെയാണ് പ്രകൃതിയേയും പ്രതിഭാസങ്ങളെയും ചുറ്റുപാടുകളെയും കവിയുടെ മനോ ധർമ്മത്തിന് അനുഗുണമായി അവതരിപ്പിക്കുന്ന കാവ്യരചനാ സമ്പ്രദായത്തിൻറെ വിജയം.

” കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ

മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരിൽ”

പ്രഭാതമായി എന്ന്  ആദ്യവരിയിൽ സൂചനയുണ്ട്. അസ്തമിക്കുന്ന രാത്രിയെ  ഓർത്ത്, ആ മധു മാസത്തിലെ ചന്ദ്രലേഖ മടങ്ങുമ്പോൾ തേങ്ങിക്കരയുകയാണ് രാക്കിളികൾ. അവളുടെ മനസ്സാണ് രാക്കിളികൾ. കഴിഞ്ഞുപോയത് തേൻ നിറഞ്ഞ ഒരു വസന്തകാല മായിരുന്നു. ചന്ദ്രക്കല പള്ളിത്തേരിൽ മടങ്ങുന്നു. വെളുപ്പാൻ കാലം വരെ രാത്രിയെ നേർത്ത നിലാവിൽ പുതപ്പിച്ച് കെട്ടിപ്പിടിച്ചിരുന്ന  ചന്ദ്രക്കല  പ്രഭാതത്തിൽ  മടങ്ങുന്നു. പള്ളിത്തേര് രാജകീയ രഥമാണ്. വള്ളത്തിൽ അകന്നു പോകുന്ന നായകനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആ വള്ളവുമായുള്ള സാദൃശ്യമാകാം ചന്ദ്രക്കലയെന്ന കല്പനയ്ക്കു പ്രേരകമായത്. രാത്രിയെ കുളിർപ്പിച്ച്  ആഘോഷമായി തൻറെ  സ്വാർത്ഥം നേടിക്കഴിഞ്ഞ്  തൃപ്തിയോടെ മടങ്ങുകയാണ് ചന്ദ്രലേഖ. അവൾ തേങ്ങലോടെ കാത്തിരിക്കുകയും. നഷ്ടബോധങ്ങളുടെ  ഭാവനാ വിഷാദങ്ങളിലേക്ക് നടന്നടുക്കുന്ന  അവളുടെ മനോവ്യാപാരങ്ങളാണ് പ്രകൃതിയിലൂടെ കവി ആവിഷ്കരിക്കുന്നത് . ഇങ്ങനെ മൂന്ന് ഈരടികൾ മാത്രമേ ഗാനത്തിനുള്ളു.

രാഘവൻമാസ്റ്റർ ശരിക്കും സംഗീതത്തിൻറെ മറുകരയിലെ വിസ്മയമാണ്. കർണാടക സംഗീതത്തിൻറെ നിറഞ്ഞ പ്രയോക്താവായി നമ്മൾ ദക്ഷിണാ മൂർത്തിസ്വാമിയെയാണ് എപ്പോഴും പറയുക.  കർണാടക രാഗങ്ങളെ വളരെയധികം മനോഹരമായി ഗാനങ്ങളിൽ ഉൾക്കൊള്ളിച്ച ആളാണ് ദക്ഷിണാമൂർത്തി. രാഘവൻ മാസ്റ്റർ ഈ  മണ്ണിൻറെ മണമുള്ള നാടൻ പാട്ടുകളുടെ ശീലുകൾ ഗാനങ്ങളിലേക്ക് ഇണക്കിച്ചേർത്ത സംഗീതജ്ഞനും. യഥാർത്ഥത്തിൽ സ്വാമിയേക്കാൾ കർണാടക സംഗീതം പഠിച്ചതും അതിൽ അവഗാഹമുണ്ടായിരുന്നതും രാഘവൻ മാസ്റ്റർക്കായിരുന്നു. പക്ഷേ പ്രയോഗരീതി രണ്ടുപേരിലും  രണ്ടായിരുന്നു.  കർണാടക സംഗീതം  ഉന്നതമായ നിലവാരത്തിൽ  അഭ്യസിച്ചു കഴിഞ്ഞതിനു ശേഷം  അതിൻറെ ശാസ്ത്രീയ പ്രയോഗ വൈദഗ്ദ്ധ്യത്തേക്കാൾ കാൽപ്പനികമായ സൗന്ദര്യ ഭാവങ്ങൾ  നിറഞ്ഞ  നാടോടിത്തത്തിലും ലഹരിപിടിപ്പിക്കുന്ന അതിൻറെ ഈണങ്ങളിലും താളങ്ങളിലുമാണ് രാഘവൻ മാഷ് ആകൃഷ്ടനായത്.  ദക്ഷിണാമൂർത്തി സ്വാമി  കർണാടക രാഗങ്ങളെ ഭാവബന്ധുരമായി ഗാനങ്ങളിലേക്ക് സന്നിവേശിപ്പിച്ചു. നാടോടിപ്പാട്ടുകളുടെ പ്രയോക്താവായി രാഘവൻ മാഷിനെയും നമ്മൾ കണ്ടു. രണ്ടുപേരുടെയും വ്യക്തിത്വവും സഹജസ്വഭാവവും രണ്ടായിരുന്നതുകൊണ്ട് വ്യതിരിക്തമായ രണ്ടു ശൈലികളുടെ ഉടമകളായിത്തീർന്നു അവർ. മോഹനം എന്ന രാഗത്തിലാണ് ഈ ഗാനം രാഘവൻ മാസ്റ്റർ ചിട്ട ചെയ്തിരിക്കുന്നത്.  മോഹനം പ്രഭാത രാഗമാണ്. പക്ഷേ ഭൂപാളം പോലെയുള്ള അതി പ്രഭാത കാലത്തിൽ നിന്ന് മാറി കുറച്ചുകൂടി വെയിൽ തെളിഞ്ഞു കഴിഞ്ഞിട്ടുള്ള ഒരു പ്രഭാതത്തിലാണ് മോഹനരാഗം ഉദ്ദേശിക്കുന്നത്. മോഹനം സന്തോഷത്തിൻറെ രാഗമാണ്. പക്ഷേ പലഘട്ടങ്ങളിലും കഴിഞ്ഞുപോയ സന്തോഷത്തെ ഓർമിപ്പിക്കും വിധത്തിൽ ശോകാത്മകമായി പ്രയോഗിക്കാറുണ്ട്. അതിനുദാഹരണങ്ങൾ മലയാള സിനിമയിൽ തന്നെ നിരവധി ഉണ്ട്. മോഹനരാഗത്തിന് ആരാധകർ ലോകമെമ്പാടുമുണ്ട്. ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ആസ്വദിക്കപ്പെടുന്ന രാഗം മോഹനം ആയിരിക്കും. ആരെയും മോഹിപ്പിക്കുന്നത് എന്നാണല്ലോ അതിന്റെ പേര്.  നഷ്ടപ്പെട്ട ഒരു സൗവർണ്ണ സന്തോഷത്തെ വിഷാദ ഭാവത്തോടെ ആവിഷ്കരിക്കുവാൻ മോഹനത്തിന് സാധ്യതയുണ്ടെന്ന് ഈ ഗാനത്തിലൂടെ രാഘവൻമാഷ് തെളിയിക്കുന്നു.

പാട്ടിൻറെ ആമുഖമായി ഉപയോഗിക്കുന്ന ഗ്രൂപ്പ് വയലിൻ വരികളുടെ അന്തർധാരയായിവന്ന് ലയിക്കുന്ന രണ്ടാം തലമാണ്. പല്ലവിയിൽ വരികളുടെ ഇടകളിൽ മാത്രം  കയറി പോകുന്ന വയലിൻ, വരി ആവർത്തിക്കുമ്പോൾ  ഉടനീളം പിൻതുടരുന്നു.  ഗാനമേള വേദിയിൽ ഈ പാട്ട് അവതരിപ്പിക്കുമ്പോൾവയലിൻ ഗ്രൂപ്പ് കാർ  ഈ സെക്കൻഡ്സ് വായിക്കുന്നതിൻറെ സൗന്ദര്യം പലപ്പോഴും ആകർഷിച്ചിട്ടുണ്ട്. പില്ക്കാലങ്ങളിൽ അത്ര പ്രയോഗത്തിൽ ഇല്ലാതായിത്തീർന്നതും മടിയിൽ വെച്ചു വായിക്കുന്നതുമായ രണ്ടു ചെറിയ ഡ്രംസാണ് ബോങ്കോസ്‌. പാട്ടിനിടയിലെ പശ്ചാത്തല സംഗീതത്തിൽ ഇത് ഉപയോഗിച്ചിരിക്കുന്നു.   വരികൾ പാടുമ്പോൾ തബലയാണ് പന്തുടരുന്നത്. കായലിൻറെയും ജലതരംഗത്തിൻറെയും സാന്നിദ്ധ്യത്തെ ദ്യോതിപ്പിക്കുന്ന  ചില പ്രത്യേക ശബ്ദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ചിരട്ടയുടെ പുറത്ത് മുത്തുകൾ വെച്ചിട്ടുള്ള ഒരു വാദ്യം  കട കട എന്നു  മുഴക്കമില്ലാത്ത ശബ്ദമുണ്ടാക്കും. വള്ളത്തിൽ തുഴ  മുട്ടുന്നതും  കഴുക്കോൽ വശങ്ങളിൽ ഉരുമ്മുന്നതിൻറെയും ശബ്ദത്തെ അതുതോന്നിപ്പിക്കും.  പല പാട്ടുകളിലും കായലിനെയും വെള്ളത്തെയും സൂചിപ്പിക്കേണ്ടുന്ന ഘട്ടങ്ങളിൽ   മുൻപും സംഗീതസംവിധായകർ  ഈ ശബ്ദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ചരണത്തിലെ രണ്ടാമത്തെ ബിജിഎം വരുമ്പോൾ അവിടെ ഷഹനായി  ഉപയോഗിക്കുന്നു. ശോകഭാവമുണർത്തുന്ന  ശബ്ദമാണതിന്. നമ്മുടെ കുറുംകുഴൽ പോലെയുള്ള ചെറിയ റീഡ് വെച്ചു വായിക്കുന്ന വാദ്യോപകരണമാണത്. ഉസ്താദ് ബിസ്മില്ലാഖാൻ പ്രശസ്തമാക്കിയ വാദ്യം.

ആമുഖ സംഗീതത്തിൽ ഷഹനായി ഉപയോഗിക്കുന്നുണ്ടെങ്കിലും പിന്നീടത് രണ്ടാമത്തെ ബിജിയത്തിലേക്കു  കരുതിവയ്ക്കുകയാണ്. ഇടയ്ക്കുള്ള ലിങ്കുകളിൽ  ഗ്രൂപ്പ് വയലിൻ ഉപയോഗിച്ചിരിക്കുന്നു.  ചെറിയ പുല്ലാംകുഴലാണ് പിന്നീട് സജീവമാകുന്നത്.  ഒരു ഭാവത്തെ ആവിഷ്കരിക്കുന്നതിന് പശ്ചാത്തല സംഗീതത്തിന് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു രാഘവൻ മാസ്റ്റർ കാണിച്ചു തരുന്നു. കരിമുകിൽ കാട്ടിലെ എന്ന ഈ പാട്ട് മനോഹരമായി ദൃശ്യവൽക്കരിക്കുന്നതിലും ഭാസ്കരൻ മാസ്റ്റർ മികവു കാട്ടുന്നു. വള്ളത്തിൽ അകന്നുപോകുന്ന നായകൻ ഒന്നു തിരിഞ്ഞുനോക്കാൻ കരയിൽ നിൽക്കുന്ന ചെല്ലമ്മ ആഗ്രഹിക്കുന്നു. അവൾ തൻറെ  പ്രണയിനി ആയിരുന്നു, അല്ലെങ്കിൽ ഇംഗിതങ്ങൾക്ക് അനുകൂലയായിരുന്നു  എന്നൊന്നും ഓർമ്മിക്കാതെ  താൻ കൊണ്ടുവന്ന  മോട്ടോറും പെട്രോമാക്സും കയറ്റിവെച്ച് നിർദ്ദയം അകന്നു പോകുന്ന നായകനെ ചിത്രീകരിക്കുന്നു. ഭാസ്കരൻ മാസ്റ്ററുടെ ഈ ഗാനരചനയും സംവിധാനമികവും  ചിത്രത്തെ മനോഹരമാക്കുന്നു. ജെ സി ഡാനിയൽ അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ പിന്നീട് ആദരിക്കുകയുണ്ടായി. പി ജയചന്ദ്രൻ എന്ന പിന്നണിഗായകൻറെ ആലാപനമാണ് ഗാനത്തെ തിളക്കമുള്ളതാക്കുന്നത്. യേശുദാസും ജയചന്ദ്രനും രണ്ടു ദീപനാളങ്ങൾ പോലെ ജ്വലിച്ചു നിന്നിരുന്ന ആ യൗവ്വനകാലഘട്ടം നമുക്ക് വളരെയേറെ ഇഷ്ടമാണ്. മലയാളസിനിമയിൽ രണ്ടുപേരും വളരെ വ്യത്യസ്തമായ സഞ്ചാര പഥങ്ങളിലൂടെ അവരുടെ മനോധർമ്മത്തിലൂന്നിയാണ് മുന്നോട്ടുപോകുന്നത്. ഒരാൾ മറ്റൊരാളെ അനുകരിക്കാനോ ശൈലിയെ കടം കൊള്ളാനോ തയ്യാറല്ല.  ശബ്ദത്തിൻറെ  സാധ്യതകളും  ഭാവസ്ഫുരണശേഷിയും സൂക്ഷ്മതയിൽ പ്രയോഗിക്കുന്നവരാണവർ. ജയചന്ദ്രൻറെ പാട്ടുകൾ മാത്രം കേൾക്കുന്ന  നിരവധി ആരാധകരുണ്ട്. യൗവനാരംഭത്തിലെ ആ മനോഹരമായ ശബ്ദസൗന്ദര്യത്തിന് ഉദാഹരണമായി ‘കരിമുകിൽ കാട്ടിലെ’എന്ന പാട്ടിനെ ആരാധകർ എടുത്തു കാണിക്കാറുണ്ട്. വിഷാദത്തിൻറെ നേർത്ത മുനകൾ മനസ്സിലേക്ക് ആഴ്ത്തി കൊണ്ട് ഈ പാട്ട് കാലാതിവർത്തിയായി നിലകൊള്ളുന്നു.

[മലയാളത്തിലെ അനർഘ രത്നങ്ങളായ മുപ്പതു ചലച്ചിത്ര ഗാനങ്ങളുടെ ആസ്വാദന അവലോകനങ്ങളുമായി ഉടൻ പുറത്തിറങ്ങുന്ന പുസ്തകത്തിൽ നിന്ന്]\

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px