2030 ആവുമ്പോഴേക്കും മീഥൈന്‍ ഉപയോഗം 30 ശതമാനം കുറയ്ക്കുമെന്ന് ഉറപ്പുനല്‍കി ലോകരാജ്യങ്ങള്‍. ആഗോളതാപനം കുറയ്ക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പായിരിക്കും തീരുമാനമെന്നാണ് വിലിയിരുത്തല്‍. വനനശീകരണം അവസാനിപ്പിക്കുമെന്നും ലോകനേതാക്കള്‍ ഉറപ്പുനല്‍കി. ഗ്ലാസ്ഗോയില്‍ ചേരുന്ന സി.ഒ.പി. 26 ലാണ് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങള്‍
സെപ്റ്റംബറില്‍ യു.എസും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് രൂപംകൊടുത്ത പദ്ധതിക്കാണ് ഗ്ലാസ്ഗോയില്‍ ആഗോള പിന്തുണ ലഭിച്ചത്. 10 വര്‍ഷത്തിനുള്ളില്‍ മീഥൈന്‍ ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കുമെന്ന് നൂറോളം രാജ്യങ്ങള്‍ ഒപ്പുവച്ച പ്രഖ്യാപനം ഉറപ്പുനല്‍കുന്നു. പ്രധാന ഹരിതഗൃഹ വാതകങ്ങളിലൊന്നായ മീഥൈന്‍ നിയന്ത്രിക്കാനുള്ള പദ്ധതി ആഗോളതാപനം തടയുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാകും. നെറ്റ് സീറോ ലക്ഷ്യത്തിലെത്താന്‍ 2050 വരെ കാത്തിരിക്കാനാവില്ലെന്ന് പ്രഖ്യാപനം നടത്തിയ ഇ.യു കമ്മിഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. മീഥൈന്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നതാണ് ആഗോളതാപനം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് ജോ ബൈഡനും പറഞ്ഞു.
വ്യവസായ മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ബൈഡന്‍ പ്രഖ്യാപിച്ചു. വനസംരക്ഷണത്തിനായി യൂറോപ്യന്‍ യൂണിയന്‍ 100 കോടി ഡോളര്‍ വാഗ്ദാനം ചെയ്തു. ആഗോള താപനം തടയുന്നതിനുള്ള പദ്ധതികള്‍ക്കായി അടുത്ത അഞ്ചുവര്‍ഷം 10 ബില്ല്യന്‍ ഡോളര്‍ നല്‍കുമെന്ന് ജപ്പാന്‍ ഉറപ്പുനല്‍കി. ദക്ഷിണാഫ്രിക്കയില്‍ കല്‍ക്കരി ഉപയോഗം ഇല്ലാതാക്കാന്‍ 812 ദശലക്ഷം ഡോളര്‍ ജര്‍മനിയും വാഗ്ദാനംചെയ്തു.













