LIMA WORLD LIBRARY

മനുഷ്യ ചർമ്മകോശങ്ങളിൽ നിന്നും ഭ്രൂണ സമാന ഘടനകൾ

മൊണാഷ് സർവ്വകലാശാലയിലെ ബയോമെഡിസിൻ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ ഗവേഷകനായ പ്രൊഫ. ജോസ് പോളോ (Jose Polo) യുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് വിസ്മയ നേട്ടം കൈയെത്തിപ്പിടിച്ചിരിക്കുന്നത്. നേച്ചർ ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചർമ്മകോശങ്ങളെ മനുഷ്യഭ്രൂണ വികാസത്തിന്റെ ആദ്യഘട്ടമായ ബ്ലാസ്റ്റോസിസ്റ്റിന് സമാനമായ ഘടനകളാക്കി മാറ്റാൻ സാധിച്ചതിലൂടെ ഭ്രൂണവികാസത്തിന്റെ ആദ്യ ഘട്ടത്തിലെ അതിസൂക്ഷ്മ തലങ്ങളിലേക്ക് വെളിച്ചം വീശാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. 5 മുതൽ 9 വരെ ദിവസങ്ങൾ മാത്രം വളർച്ചയുള്ള മനുഷ്യഭ്രൂണങ്ങളെയാണ് ബ്ലാസ്റ്റോസിസ്റ്റ് (blastoids) എന്നു വിളിക്കുന്നത്. ഇപ്പോൾ പരീക്ഷണശാലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഭ്രൂണസമാന ഘടനകളെ ഐബ്ലാസ്റ്റോയ്‌ഡ് (iBlastoids) എന്നാണ് ഗവേഷകർ വിളിക്കുന്നത്.

മൊണാഷ് സർവ്വകലാശാലയിലെ ബയോമെഡിസിൻ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ ഗവേഷകനായ പ്രൊഫ. ജോസ് പോളോ (Jose Polo)യും സഹഗവേഷകരും
ന്യൂക്ലിയാർ റീപ്രോഗ്രാമിങ് എന്ന സങ്കേതത്തിലൂടെയാണ് ഗവേഷകർ മനുഷ്യ ചർമ്മകോശങ്ങളെ ഐബ്ലാസ്റ്റോയ്ഡ് ആക്കി മാറ്റിയത്. യഥാർഥ മനുഷ്യ ബ്ലാസ്റ്റോസിസ്റ്റ് കോശങ്ങളുടെ രൂപവും ഘടനയുമൊക്കെയുണ്ട് ഐബ്ലാസ്റ്റോയ്‌ഡിന്. എപ്പിബ്ലാസ്റ്റ് പോലുള്ള കോശങ്ങൾ, അതിനെ പൊതിഞ്ഞുകൊണ്ട് ട്രൊഫെക്റ്റൊഡേം പോലുള്ള കോശങ്ങൾ, ബ്ലാസ്റ്റോകോളിനു സമാനമായ ഭാഗം ഇതൊക്കെയുണ്ടെങ്കിലും എല്ലാ അർഥത്തിലും ബ്ലാസ്റ്റോസിസ്റ്റിനു സമാനമല്ല ഐബ്ലാസ്റ്റോയ്ഡ്. ബ്ലാസ്റ്റോസിസ്റ്റ് ആദ്യഘട്ടത്തിൽ അണ്ഡകോശത്തിൽ നിന്നു രൂപപ്പെടുന്ന സോണ പെല്ലുസിഡ എന്ന ആവരണത്തിനുള്ളിലാണ് കാണപ്പെടുക. എന്നാൽ ഐബ്ലാസ്റ്റോയ്ഡ് രൂപപ്പെട്ടത് ചർമ്മകോശങ്ങളിൽ നിന്നായതുകൊണ്ട് ഈ ഭാഗം ഇല്ല. ടെക്സാസ് സർവ്വകലാശാല (Texas Southwestern Medical Center in Dallas), ചൈനയിലെ കുമിങ് ബയോമെഡിക്കൽ സർവ്വകലാശാല (Kunming Medical University) എന്നിവിടങ്ങളിലെ ഗവേഷകരും ഏതാണ്ട് സമാനമായ ഗവേഷണ റിപ്പോർട്ട് നേച്ചറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2

ബയോമെഡിക്കൽ രംഗത്ത് ഇത്തരം ഭ്രൂണസമാന ഘടനകളുടെ സാധ്യതകൾ ഏറെ വലുതാണെന്ന് ഈ രംഗത്തെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഗവേഷണങ്ങളിൽ മനുഷ്യഭ്രൂണങ്ങളും വിവിധ ജന്തുക്കളുടെ ഭ്രൂണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. മനുഷ്യ ഭ്രൂണവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഇനിയും ചുരുൾ നിവരാത്ത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന നേട്ടം. ജീവന്റെ പുതിയ വിസ്മയങ്ങളാണ് ശാസ്ത്രജ്ഞരുടെ കൈപ്പിടിയിൽ ഒതുങ്ങാൻ പോവുന്നതെന്നു സാരം. വന്ധ്യത, ഗർഭം അലസൽ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പുതിയ വഴിത്തിരിവുണ്ടാകാനും ഈ ഗവേഷണം സഹായിക്കും.ഐവിഎഫ് രംഗത്തും ഇത് പുതിയ കുതിച്ചുചാട്ടമുണ്ടാക്കും. അതുപോലെ ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിൽ വിഷപദാർഥങ്ങളും വൈറസ്സുകളുമൊക്കെ എങ്ങനെ അതിനെ ബാധിക്കുന്നു അന്നു വിശദമായി പഠിക്കാനുള്ള ബയോമെഡിക്കൽ മോഡലായും ഇതിനു പ്രാധാന്യമുണ്ട്.

ഗവേഷണാർഥം പരീക്ഷണശാലയിൽ മനുഷ്യഭ്രൂണങ്ങൾ സൃഷ്ടിക്കുമ്പോൾ 14 ദിവസത്തിൽക്കൂടുതൽ അവ വളർത്താനോ ലാബിൽ സൂക്ഷിക്കാനോ പാടില്ല എന്ന് കർശന നിർദ്ദേശമുണ്ട് പല രാജ്യങ്ങളിലും. ഐബ്ലാസ്റ്റോയ്ഡ് യഥാർഥ ബ്ലാസ്റ്റോസിസ്റ്റ് അല്ലെങ്കിലും ഈ നിയമത്തിനനുസൃതമായാണ് തങ്ങളുടെ ഗവേഷണമെന്ന് പ്രഫ.പോളോയും സഹപ്രവർത്തകരും പറയുന്നു. ഇത് പരീക്ഷണശാലയിൽ 11 ദിവസം വളരാനേ അനുവദിച്ചുള്ളൂ.

മനുഷ്യഭ്രൂണങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണങ്ങൾ എപ്പോഴും വിവാദങ്ങളുടെ കൊടുങ്കാറ്റാണ് ഉയർത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ധാർമ്മിക നൈതിക പ്രശ്നങ്ങളും ഏറെയാണ്. മനുഷ്യക്ലോണിങ്, ഡിസൈനർ ശിശുക്കളുടെ സൃഷ്ടി, ഭ്രൂണാവസ്ഥയിലെ ജനിതക പരിഷ്ക്കരണം തുടങ്ങി ഒട്ടേറെ ആശങ്കകൾ ഇതിനു പിന്നിലുണ്ട്. പ്രകൃതിനിയമങ്ങളെ വെല്ലുവിളിക്കുന്നു എന്ന തരത്തിലുള്ള എതിർപ്പുകൾ വേറെ. ഇത്തരം ഭ്രൂണസമാന ഘടനകളുടെ സൃഷ്ടിയുമായി ബന്ധപ്പെട്ടും ഭ്രൂണാവസ്ഥയിലെ ജീൻ തെറാപ്പിയുമായി ബന്ധപ്പെട്ടും പുതിയ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോകോളുമൊക്കെ വന്നേക്കാം എന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

https://youtu.be/Hys1_4qJcME

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px