LIMA WORLD LIBRARY

കറുത്ത പൊന്നിന്‌ നല്ല കാലം ; കിലോ 520 രൂപ.

കർഷകർക്ക്‌ ആശ്വാസമായി കുരുമുളകു വിലയിൽ വർധന. പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 520 രൂപയും കോഴിക്കോട്‌ വലിയങ്ങാടിയിലെ മൊത്തവിതരണ കേന്ദ്രത്തിൽ 480 രൂപയും ആയി.  ഒരാഴ്‌ചയ്‌ക്കിടെയാണ്‌ ക്വിന്റലിന്‌ 1400 രൂപ  കൂടി, 48000 രൂപയായത്‌.  ദീപാവലി  പ്രമാണിച്ച്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറിയതാണ്‌ വിലവർധിക്കാൻ കാരണമെന്ന്‌ വലിയങ്ങാടി അനുഷ ട്രേഡേഴ്‌സ്‌ ഉടമ വി ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ലഭ്യതക്കുറവും ഇറക്കുമതി കുറഞ്ഞതും വിലകൂടാൻ കാരണമായി. ഇതിന്‌ മുമ്പ്‌ 2014–-15 കാലത്താണ്‌ കുരുമുളക്‌ ക്വിന്റലിന്‌ ഏറ്റവും ഉയർന്ന വില കിട്ടിയിരുന്നത്‌. അന്ന്‌ 70,000  രൂപ കടന്നിരുന്നു. പൊതുവിപണിയിൽ ഇതിലും കൂടിയിരുന്നു. പിന്നീട്‌   ക്രമേണ താഴ്‌ന്നു. 2021 ജനുവരിവരെ  കിലോയ്‌ക്ക്‌ ശരാശരി  400 രൂപയിൽ താഴെയായി വിപണി വില. ഫെബ്രുവരിയോടെ  മാറ്റംവന്നു. ജൂണിൽ വില 400 പിന്നിട്ടു.

അതേസമയം, കാലാവസ്ഥാ വ്യതിയാനവും ചെടിയ്‌ക്കുണ്ടാകുന്ന  ദ്രുതവാട്ടവും പൊള്ളുരോഗവും കാരണം കർഷകർ പ്രതിസന്ധിയിലാണ്‌.  തിരുവാതിര ഞാറ്റുവേലയിലാണ്‌ കുരുമുളകിന്‌ തിരിയിടുന്നത്‌. എന്നാൽ കാലം തെറ്റി മഴപെയ്‌തതോടെ തിരിയിടുന്നതിന്റെ സമയം തെറ്റിയതോടെ വിളവും കുറഞ്ഞു.  രണ്ട്‌ വർഷം മുമ്പ്‌ ഒരു ക്വിന്റൽ കുരുമുളക്‌  വിറ്റിരുന്നു. എന്നാൽ, ഇപ്പോൾ  പത്ത്‌ കിലോ പോലും തികച്ചെടുക്കാനാകുന്നില്ലെന്ന്‌ കുന്നമംഗലത്തെ കർഷകൻ കൃഷ്‌ണൻകുട്ടി പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px