രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില സമീപഭാവിയില്‍ താഴുന്നതിനുള്ള സാധ്യത മങ്ങുന്നു. എണ്ണ ഉപഭോഗ രാജ്യങ്ങളുടെ ആവശ്യം നിരസിച്ച് ഉല്‍പാദനം നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രം വര്‍ധിപ്പിച്ചാല്‍ മതിയെന്ന് ഒപെക് തീരുമാനിച്ചു. ഇതനുസരിച്ച് അടുത്ത മാസം മുതല്‍ പ്രതിദിനം 4 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കും
ഉയര്‍ന്നു നില്‍ക്കുന്ന അസംസ്കൃത എണ്ണവിലവില കാരണം പ്രതിസന്ധിയിലായ ഇന്ത്യയടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളുടെ സമ്മര്‍ദ്ദം തള്ളിയാണ് ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടെന്ന ഒപെകിന്‍റെ തീരുമാനം വന്നിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം അടുത്ത മാസം മുതല്‍ ഓരോ ദിവസവും 4 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കും. ഈ അളവ് കൂട്ടണമെന്ന ആവശ്യം ഒപെക് നിരസിച്ചു. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ഇതേ നിലവാരത്തിലായിരിക്കും ഉല്‍പാദനമെന്നും ഒപെക് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എണ്ണവില കുറയാനുള്ള സാധ്യത മങ്ങി. എണ്ണ ഉപഭോഗം കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഉയരുമെന്നതിനാല്‍ ഉല്‍പാദനം കൂട്ടണമെന്നായിരുന്നു എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം.
അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും എണ്ണയുടെ ആവശ്യം കുറയാന്‍ സാധ്യതയുള്ളതിനാലാണ് ഉല്‍പാദനം കൂട്ടാത്തതെന്നാണ് ഒപെകിന്‍റെ ന്യായം. നിലവില്‍ 99 ദശലക്ഷം ബാരലാണ് പ്രതിദിന ആഗോള ഉപഭോഗം. ഇത് കോവിഡിന് മുന്‍പുള്ള 100 ദശലക്ഷം ബാരലെന്ന നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. എണ്ണ ലഭ്യത കൂടാതിരിക്കുകയും ഉപഭോഗം ഉയരുകയും ചെയ്താല്‍ വില ഇനിയും കൂടും.













