ന്യൂഡൽഹി ∙ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച ആദ്യ ആന്റിവൈറൽ ഗുളികയ്ക്കു യുകെയിൽ അംഗീകാരം. ‘മോൽനുപിരാവിർ’ എന്ന മരുന്ന് യുഎസിലെ മെർക് ആൻഡ് കമ്പനി (എംഎസ്ഡി), റിഡ്ജ്ബാക്ക് ബയോതെറപ്യൂട്ടിക്സ് എന്നിവ ചേർന്നാണു വികസിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചാലുടൻ, 5 ദിവസം 2 നേരം വീതം കഴിച്ചാൽ ആശുപത്രി ചികിത്സയുടെ ആവശ്യവും മരണസാധ്യതയും പകുതിയായി കുറയുമെന്നു നിർമാതാക്കൾ പറയുന്നു. 5 ദിവസത്തെ മരുന്നിന്റെ വില 52,000 രൂപ.
യുകെയിൽ ഉടൻ വിതരണം തുടങ്ങും. അംഗീകാരം നൽകുന്ന കാര്യം യുഎസ് 30നു പരിഗണിക്കും. 90% ഫലപ്രാപ്തി അവകാശപ്പെട്ടു ഫൈസർ കമ്പനി വികസിപ്പിച്ച മരുന്നിനും യുഎസിന്റെ അനുമതി തേടിയിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്കരോഗം, ശ്വാസകോശരോഗം തുടങ്ങിയവയുള്ളവർക്കാകും യുകെയിൽ തുടക്കത്തിൽ മരുന്ന് നൽകുക; അതും നേരിയ, ഇടത്തരം കോവിഡ് ബാധയുള്ളവർക്കു മാത്രം. കൂടുതൽ ഫലപ്രാപ്തി ഉറപ്പിച്ചശേഷമേ വൻതോതിൽ ലഭ്യമാക്കൂ.
ശരീരകോശങ്ങളിലെത്തി വൈറസിനെ പെരുകാൻ സഹായിക്കുന്ന എൻസൈമിന്റെ ഘടന മാറ്റുകയാണു മരുന്ന് ചെയ്യുക. അതേസമയം, കോശത്തെ നേരിട്ടു ബാധിക്കുമെന്നതിനാൽ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. ദീർഘകാല ഉപയോഗം ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നു നിർമാതാക്കൾ പറയുന്നു. ഡെൽറ്റ ഉൾപ്പെടെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഫലപ്രദമാണെന്നും അവകാശപ്പെടുന്നു.
English Summary: Britain becomes first country to approve Merck’s oral covid pill Molnupiravir













