LIMA WORLD LIBRARY

മുഖ്യമന്ത്രി ഇടപെടുന്നു; മുല്ലപെരിയാറിലെ വിവാദമായ മരം മുറി ഉത്തരവിന്‍റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം

മുല്ലപെരിയാറിലെ വിവാദമായ മരം മുറി ഉത്തരവ് സംബന്ധിച്ച എല്ലാ നിയമ വശങ്ങളും പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സുപ്രിം കോടതി ഉത്തരവ്, അതിന്റെ അടിസ്ഥാനത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന്റെ മിനിറ്റ്സ് എന്നിവയും മരം മുറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവും നിയമ വിദഗ്ധർ പരിശോധിക്കും. ഇതിന് ശേഷമാകും ഉത്തരവ് അന്തിമമായി റദ്ദു ചെയ്യുകയോ മറ്റ് നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്യുക. ഇനി ഇക്കാര്യത്തിൽ വീഴ്ച പാടില്ലെന്നും നിയമാനുസൃതം മാത്രമെ തുടർ നടപടികൾ പാടുള്ളൂ എന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാറില്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ നൽകിയ വിവാദ അനുമതി മരവിപ്പിച്ചു. ഉദ്യോഗസ്ഥതല  വീഴ്ചയെന്നും അന്വേഷണശേഷം നടപടിയെടുക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം വന– ജല സെക്രട്ടറിതലയോഗത്തിലെ തീരുമാനമെന്ന് വനംവകുപ്പ് മേധാവി വിശദീകരണം നൽകി. തമിഴ്നാടിന്റെ ആവശ്യപ്രകാരം മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് സമീപത്തുളള 15 മരങ്ങള്‍ മുറിക്കാനുളള  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതിയാണ് മരവിപ്പിച്ചത്.

രാഷ്ടീയ കൂടിയാലോചന ഇല്ലാതെ എടുത്ത തീരുമാനം അന്വേഷിക്കും. തുടര്‍നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ബേബി ഡാം ബലപ്പെടുത്താനുളള നീക്കം പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിന് തുരങ്കം വയ്ക്കുമെന്ന വന്‍വിവാദങ്ങള്‍ക്കിടെയാണ് ഉത്തരവ് മരവിപ്പിച്ചത്. രാവിലെ തീരുമാനം അറിഞ്ഞില്ലെന്ന് വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണ് തീരുമാനം തിരുത്തിയത്. ഇതിനിടെ മരംമുറി ഉത്തരവ് ഉദ്യോഗസ്ഥതലയോഗ തീരുമാന പ്രകാരമെന്ന് വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് നൽകി.

ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം, സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വിശദീകരണം പൂര്‍ണമായും അംഗീകരിക്കാതെ സര്‍ക്കാര്‍, യോഗമിനിട്സ് ഹാജരാക്കാന്‍ നിര്‍ദേശം നൽകി. അന്തര്‍സംസ്ഥാന നദീജല തര്‍ക്കം സംബന്ധിച്ച സുപ്രധാന തീരുമാനം മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയാതെ എങ്ങനെയെടുക്കുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിനിടെ സുപ്രീം കോടതി നിര്‍ദേശം, വിവാദ ഉത്തരവ്,  യോഗമിനിട്സ് എന്നിവ നിയമ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രം തുടര്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ലക്ഷക്കണക്കിന് ആളുകളുടെ ജീവനേയും സ്വത്തിനേയും ബാധിക്കുന്ന വളരെ വൈകാരികമായൊരു വിഷയത്തില്‍ ഗുരുതരമായ ആശയക്കുഴപ്പമുണ്ടായി എന്നത്  വ്യക്തമാണ്. ഉദ്യോഗസ്ഥ ഭരണമാണോ സംസ്ഥാനത്തെന്ന കടുത്ത വിമര്‍ശനം സര്‍ക്കാരിനെ കാത്തിരിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടുത്തമാസം തമിഴ്നാട് – കേരള മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്താനിരിക്കെ ഈവിവാദം സൗഹൃദാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നതും ആശങ്കയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px