മുല്ലപ്പെരിയാറിലെ മരം മുറി പ്രശ്നം പ്രതിപക്ഷം ഇന്ന് നിയമസഭയിലുന്നയിക്കും. വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചെങ്കിലും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കും. ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകുന്നതും തമിഴ്നാടുമായുള്ള ചർച്ചകൾ വഴിമുട്ടാതെ നോക്കുന്നതും സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എടുത്തു ചാടിയുണ്ടായ നടപടിയെന്നു പറഞ്ഞു മുല്ലപ്പെരിയാർ മരംമുറി ഉത്തരവിനെക്കുറിച്ച് സർക്കാരിന് പറഞ്ഞൊഴിയാനാവില്ല. ഇരു സംസ്ഥാനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനം എങ്ങിനെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരും അറിയാതെ കൈക്കൊണ്ടു എന്നതാവും പ്രതിപക്ഷം നിയമസഭയിൽ ഉയർത്തുന്ന പ്രധാന ചോദ്യം. സർക്കാരിൽ കൂട്ടുത്തരവാദിത്വം ഇല്ല, മന്ത്രിമാർക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ല എന്നും പ്രതിപക്ഷം ഊന്നിപ്പറയും.
സുപ്രീം കോടതി നിർദേശവും അനുബന്ധ നടപടികളും സർക്കാർ വിശദീകരിക്കും. ഉത്തരവ് മരവിപ്പിച്ചു എന്നതും പ്രധാന വാദമായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്തലിന് ഒത്താശ ചെയ്യും വഴി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിൻ്റെ ആവശ്യം ബലികഴിച്ചു എന്നതിനും സർക്കാർ ഉത്തരം നൽകേണ്ടി വരും. നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും എന്നും തമിഴ്നാടുമായുള്ള ചർച്ചകൾക്കുള്ള പ്രാധാന്യം വിശദീകരിച്ചാകും സർക്കാർ നിലപാട് വ്യക്തമാക്കുക. ഉത്തരവ് പൂർണമായി റദ്ദാക്കുമോ അതോ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമോ എന്നതും സർക്കാർ നിയമസഭയിൽ പറയാനാണ് സാധ്യത. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുക.













