LIMA WORLD LIBRARY

ആഗോളതാപനം പിടിച്ചുനിർത്താൻ നടപടികളുടെ വേഗം കൂട്ടണം

ഗ്ലാസ്ഗോ (സ്കോട്​ലൻഡ്) ∙ ആഗോള താപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടൻ ആണ് കരട് തയാറാക്കിയത്. മറ്റു രാജ്യങ്ങളുടെ സമ്മതം കൂടി ലഭിച്ച ശേഷം ഔദ്യോഗികമായി പുറത്തിറക്കും.

2100 ആകുമ്പോൾ 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെങ്കിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ വേഗത്തിലും ആഴത്തിലും ഉള്ള നടപടികൾ വേണ്ടിവരുമെന്ന് കരട് വ്യക്തമാക്കുന്നു. ഇതിനായി കാർബൺ പുറന്തള്ളൽ 2030 ആകുമ്പോഴേക്കും 2010നെ അപേക്ഷിച്ച് 45% കുറയ്ക്കണം. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷ്യം നേടണം. കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും തിരിച്ച് അന്തരീക്ഷത്തിൽനിന്നു മാറ്റുന്നതിന്റെയും തോത് സമമാക്കുന്നതാണ് നെറ്റ് സീറോ.

കൽക്കരി ഉൾപ്പെടെയുള്ള ഫോസിൽ അധിഷ്ഠിത ഇന്ധനങ്ങൾക്കു നൽകുന്ന സബ്സിഡി ഇല്ലാതാക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഈ നിർദേശത്തോട് നേരത്തേതന്നെ വിയോജിപ്പ് അറിയിച്ചിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്ത 10,000 കോടി ഡോളർ ലഭ്യമാക്കിയിട്ടില്ല എന്ന കാര്യവും ഇതിനായി നടത്തുന്ന സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്ന ഇന്ത്യയുടെ നിർദേശവും കരടിൽ ഇടംപിടിച്ചു.

English Summary: Glasgow Climate Change Conference; Global warming

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px