“അച്ഛാ, കിച്ചുവിനെ വീട്ടിൽ തന്നെ എഴുത്തിനു ഇരുത്താം.
അല്ലാതെ എന്തു ചെയ്യും.അച്ചുവിന്റെ പുസ്തകം വീട്ടിൽ തന്നെ പൂജക്ക് വെയ്ക്കാം …….”
കവിത മോടെ ഫോൺ വന്നപ്പോൾ രാവിലത്തെ നടപ്പ് കഴിഞ്ഞു പത്ര വായനയിൽ ആയിരുന്നു…..
മഹാമാരി മഹാനവമി ആഘോഷങ്ങൾ വരെ മാറ്റി മറിച്ചു.
പേപ്പർ വായന നിർത്തി ഓരോന്ന് ആലോചിച്ച് ഇരുന്നു.
പൂജവെയിപ്പും പൂജയെടുപ്പും കുട്ടിക്കാലത്തു വലിയ അഘോഷങ്ങൾ ആയിരുന്നു.
പുസ്തകങ്ങൾ പൂജക്ക് വച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾ എല്ലാം ഉത്സവലഹരിയിൽ ആണ്….
എന്തിൽ നിന്നോ മോചനം കിട്ടിയ പോലെ.
എഴാo ക്ലാസ്സ് വരെ പുസ്തകങ്ങൾ പൂജക്ക് വെച്ചിരുന്നത് മല്ലിയിൽ ജനാർദ്ധൻ സ്രായി ആശാന്റെ പള്ളിയിൽ ആയിരുന്നു.
പുസ്തകങ്ങൾ പൂജക്ക് വച്ചു കഴിഞ്ഞാൽ എനിക്കോരൊ സംശയങ്ങൾ ഓടി എത്തും.
“പുസ്തകം വച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും വായിക്കരുതോ …..?
“പാഠപുസ്തകം അല്ലാതെ വേറെന്തങ്കിലും വായിച്ചാൽ കുഴപ്പം ഉണ്ടോ….?
സംശയങ്ങൾ കേട്ട അമ്മച്ചി പറഞ്ഞു ചിരിച്ചു…..”അല്ലേൽ എപ്പോഴും വായന അല്ലെ….?
ഒന്നും വായിക്കരുത് എന്ന് ശടിച്ചു. വായിക്കാതിരിക്കാൻ
കഴിഞ്ഞില്ല…
അറയുടെ മുന്നിൽ ഇട്ടിരുന്ന കലണ്ടർ നോക്കി ക്രിസ്തുമസ് എന്നാണ് എന്നു കണ്ടു പിടിച്ചു..
ഉമ്മർമുക്കിലെ ഉമ്മർമുതലാളിയുടെ കടയിൽ പഞ്ചസാര വാങ്ങാൻ പോയപ്പോൾ ഗോപാലകൃഷ്ണ
ടാക്കിസിന്റെ സിനിമ പരസ്യം പല ആവർത്തി വായിച്ചു….
ജംഗ്‌ഷനിൽ നിർത്തിയിട്ട
K. C. T ബസ്സിലെ ഫലകം —
കായംകുളം
പുല്ലുകുളങ്ങര വഴി
ഹരിപ്പാട്
അച്ഛനു സിഗരറ്റും ബീഡിയും വാങ്ങാൻ പോയപ്പോൾ ഉപ്പുപ്പി
പക്കാരൻ നായരുടെ കടയിലെ ചാർമിനാർ സിഗരറ്റിടെയും
കാജാബീഡിയുടെയും പരസ്യങ്ങൾ…….
അകത്തെ മുറിയിൽ ഇരുന്നു ആരും കാണാതെ പേപ്പർ കട്ടിങ്ങുകൾ ഒട്ടിച്ച ബുക്ക്…..
അങ്ങനെ പലതും വായിച്ചു…..
വായിച്ചത് തെറ്റായോ…
എന്തോ ഒരു ഭയം.
വിദ്യരാംഭദിവസം ആശാൻപള്ളിയിൽ പോകുമ്പോൾ കൂട്ടുകാരൻ ശുദ്ധോധനനോട് കാര്യങ്ങൾ പറഞ്ഞു.
“നീ എന്താ കാട്ടിയത്…. പൂജവച്ചു കഴിഞ്ഞു വായിച്ചാൽ സരസ്വതിദേവി കോപിക്കും….. പഠിച്ചതൊക്കെ മറക്കും…. നീ എന്തു മഠയനാണ്….”
വല്ലാതെ ഞെട്ടി. ശുദ്ധോധനൻ സ്കൂളിലേ പ്രധാനഅദ്ധ്യാപകൻ നാണുസാറിന്റെ മകനാണ്. അവൻ പറയുന്നത് സത്യമാണോ…. സരസ്വതി ദേവി കോപിക്കുമോ…. അക്ഷരങ്ങൾ മറക്കുമോ……?
ആശാൻപള്ളി അടുക്കുന്തോറും ഭയം കൂടി.
പള്ളിയിൽ ചെന്നപ്പോൾ കൊച്ചുകുട്ടികളുടെ എഴുത്തിനിരുത്ത് നടക്കുന്നു.
” സരസ്വതി നമസ്തഭ്യം
വരദേ കാമരുപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ ”
ആശാൻ നീട്ടി ചൊല്ലുന്നു.
കുട്ടികളുടെ കരച്ചിലും കൂടെ കേൾക്കാം.
പൂജഎടുപ്പിനുള്ള തയാറെടുപ്പ് നടക്കുമ്പോൾ ഭയം പിന്നെയും കൂടി.
മുന്നിലുള്ള മണലിൽ “അ ”മുതൽ ”ജ്ഞ”വരെയുള്ള അക്ഷരങ്ങൾ എഴുതിയപ്പോൾ കൈ വിറക്കുന്നോ എന്ന സംശയം.
തടിച്ച കാല്പാദം പൊക്കി അറയിൽ കയറി പൂജ വെച്ച പുസ്തക കെട്ടുകൾ ഒന്നൊന്നായി എടുത്തു പേര് വിളിച്ച് തരാൻ തുടങ്ങി….
ആശാന്റെ കയ്യിൽ നിന്ന് ചണ നൂൽ കൊണ്ടുകെട്ടി ഭദ്രമായി വെച്ചിരുന്ന എന്റെ പുസ്തകകേട്ട് വാങ്ങിച്ചപ്പോഴും ആശാന്റെ പാദനമസ്കാരം ചെയ്തപ്പോഴും കൈകൾ നന്നായി വിറച്ചു…
എന്റെ വിഷമം കണ്ടുപിടിച്ച
ഭവാനി ആശാട്ടിയോടെ കാര്യങ്ങൾ പറഞ്ഞു……
ആശാട്ടിയുടെ വാക്കുകൾ ഇന്നും മനസ്സിൽ നിന്നു പോയിട്ടില്ല…….
” കുഞ്ഞുമോനെ, അക്ഷരം നമ്മളെ ചതിക്കില്ല. മോൻ എപ്പോൾ വേണമെങ്കിലും വായിച്ചോ….. അക്ഷരം നിന്നെ രക്ഷിക്കും. ”
ശരിയാണ് അക്ഷരം എന്നെ ഇപ്പോഴും കൈവിട്ടിട്ടില്ല … ചതിച്ചിട്ടില്ല….📚📚🖊️🖋️📖📖📚✒️🖊️📚📚📚













