കൊച്ചി: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു.
കമ്മീഷന് അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി.വി. ഫ്രാന്‍സിസ് എന്നിവരും ചെയര്മാൻ ജസ്റ്റീസ് ജെ.ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു.
സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, മെമ്പര്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, പറോക്ക് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ നിവേദനം മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സാന്നിധ്യത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ താഴത്ത് ജസ്റ്റീസ് ജെ.ബി. കോശിക്കു സമര്‍പ്പിച്ചു. തൃശൂര്‍ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന പറോക്ക് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠന റിപ്പോര്‍ട്ടും കമ്മീഷന് സമര്‍പ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ദിവ്യകാരുണ്യ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റർ ഗ്രേസ് പെരുമ്പനാനി, ഡോ. മേരി റെജിന, പ്രഫ. കെ.പി. മാണി, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. സൈജോ തൈക്കാട്ടില്‍, ഫാ. സാജന് മാറോക്കി, ബിബിന്‍ അലക്സ് എന്നിവരോടൊപ്പം സഭാകാര്യാലയത്തിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങില്‍ പങ്കെടുത്തു.
സഭയുടെ നിവേദനം പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ നേതൃത്വത്തിലാണു തയാറാക്കിയത്. കേരളത്തിലെ രൂപതകളില്‍ പറോക്ക് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലും വിവിധ രൂപതകളില്‍നിന്നു ലഭിച്ച വിവരങ്ങളും പ്രാദേശിക പ്രശ്നങ്ങളും പ്രതിസന്ധികളും ശാസ്ത്രീയമായി അപഗ്രഥിച്ചുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഡോ. ചാക്കോ കാളാംപറമ്പില്‍, ഡോ. മേരി റെജീന, അഡ്വ. ജോജി ചിറയില്‍, ബിബിന്‍ അലക്സ്, ഫാ. നോബിള്‍ പാറയ്ക്കല്‍, ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവരാണ് സീറോ മലബാര്‍ സഭയ്ക്കുവേണ്ടി നിവേദനം തയാറാക്കിയത്.
പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് കേരളത്തിലെ സീറോ മലബാര്‍ രൂപതകളിലെ ഏഴായിരത്തോളം കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സ്ഥിതിവിവര കണക്കുകളുടെയും കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ള കേരള മൈഗ്രേഷന്‍ സര്‍വേയുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ്.
ഈ രണ്ട് പഠനങ്ങളും സഭാംഗങ്ങളുടെ ആസ്തി, സാമ്പത്തിക നിലവാരം, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ പങ്കാളിത്തം എന്നിവയിലെ പിന്നാക്കാവസ്ഥയും ഇതു മൂലമുണ്ടായിട്ടുള്ള സാമൂഹ്യ പിന്നാക്കാവസ്ഥയും വെളിപ്പെടുത്തുന്നതാണ്. വിവിധ മേഖലകളിലെ പ്രതിസന്ധികളും ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.













