കുട്ടികള്‍ക്ക് കോവിഡ് വാക്സീന്‍ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്ക്കരിക്കും. കോവിഡ് കേസുകള്‍ കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറ്റിയറുപതിലധികമായി. ബൂസ്റ്റര്‍ ഡോസ് വിതരണം ഉടന്‍വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വ്യാപനം തടയാന്‍ ദിവസം തോറും സ്ഥിതി നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. മരുന്നും, ഒാക്സിജനും, വെന്‍റിലേറ്റര്‍ സൗകര്യവും സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഒമിക്രോണിനെ നേരിടാന്‍ രാജ്യം സജ്ജമാണ്. 80 ശതമാനം ഒമിക്രോണ്‍ കേസുകളും ലക്ഷണങ്ങള്‍ ഇല്ലാത്തവയാണ്. ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ വാക്സീനുകള്‍ക്ക് എത്രത്തോളം കഴിയുമെന്നത് പരിശോധിച്ചുവരികയാണ്. അര്‍ഹതയുള്ളവരില്‍ 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചു. 58ശതമാനം പേര്‍ രണ്ടുഡോസും സ്വീകരിച്ചു. രണ്ട് പുതിയ വാക്സീനുകള്‍ക്കു കൂടി അനുമതി പരിഗണനയിലാണ്.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത, ബംഗലൂരു എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പ്രീ ബുക്കിങ് നിര്‍ബന്ധമാക്കി. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ പകുതിയോളം പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാവരുടെയും സാമ്പിളുകള്‍ ജനിതക ശ്രേണികരണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.













