ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയിലൂടെയും മറ്റ് സംരംഭങ്ങളിലൂടെയും നേടിയ വരുമാനത്തിന് ആനുപാതികമായി സർക്കാരിലേക്ക് നികുതി അടയ്ക്കാത്തതിന് ഇലോൺ മസ്‌ക് ആരോപണങ്ങൾക്ക് വിധേയനായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് ട്വിറ്ററിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ മറുപടി നൽകിയത്. ഈ വർഷം നൽകുന്ന മൊത്തം നികുതിയുടെ കണക്കുകളും മസ്ക് വെളിപ്പെടുത്തി.
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ആയ മസ്ക് ഈ വർഷം 1100 കോടി ഡോളറിലധികം (ഏകദേശം 83,000 കോടി രൂപ) നികുതി നൽകുമെന്നാണ് വെളിപ്പെടുത്തിയത്. മസ്കിന്റെ ട്വീറ്റിലെ കണക്കുകൾ ശരിയാണെങ്കിൽ ഇത് ഒരാളിൽ നിന്ന് ഒരു വർഷം യുഎസ് ഇന്റേണൽ റവന്യൂ സർവീസിന് ലഭിക്കുന്ന ഏറ്റവും വലിയ നികുതിയായിരിക്കാം.
‘ആശ്ചര്യപ്പെടുന്നവർക്ക്, ഈ വർഷം ഞാൻ 1100 കോടി ഡോളറിലധികം നികുതി നൽകും’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. മസ്കും മസാച്യുസെറ്റ്‌സ് സെനറ്റർ എലിസബത്ത് വാറനും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയായാണ് നികുതി സംബന്ധിച്ച ട്വീറ്റ് വരുന്നത്. മസ്‌ക് ഉചിതമായ നികുതി അടയ്ക്കുന്നില്ലെന്ന് എലിസബത്ത് വാറൻ നേരത്തെ ആരോപിച്ചിരുന്നു.
വാറന്റെ ട്വീറ്റ് വന്നതോടെ ഇതിനോട് പ്രതികരിച്ചുള്ള മസ്കിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു, ‘ഈ വർഷം ചരിത്രത്തിലെ ഏതൊരു അമേരിക്കക്കാരനേക്കാളും കൂടുതൽ നികുതി നൽകും’. ഇതോടെ മസ്‌കിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാനുള്ള വാറന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. 2021 ലെ ടൈം മാഗസിന്റെ പഴ്‌സൺ ഓഫ് ദ ഇയർ ആയും ഇലോൺ മസ്‌കിനെ തിരഞ്ഞെടുത്തിരുന്നു.













