LIMA WORLD LIBRARY

കാട്ടില്‍ എവിടെയും കടുവയെ കാണാനില്ല, കാല്‍പ്പാടുകള്‍ ഇല്ല, ക്യാമറയില്‍ ചിത്രങ്ങളില്ല

മാനന്തവാടി: നാളുകളായി കുറുക്കന്‍മൂലയേയും പരിസരപ്രദേശങ്ങളെയും വിറപ്പിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും വിഫലം. തോല്‌പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളില്‍ സര്‍വ സന്നാഹം ഉപയോഗിച്ച് തിരഞ്ഞെങ്കിലും കടുവയുടെ സാന്നിധ്യംപോലും സ്ഥിരീകരിക്കാനായില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നു. വെള്ളിയാഴ്ച മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി ഉള്‍ക്കാടിളക്കി തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിരുന്നു തിരച്ചില്‍.

രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ടുവരെ തുടര്‍ന്നു. വനത്തില്‍ കടുവ സഞ്ചരിച്ച വഴിയില്‍ കഴുത്തിലെ മുറിവില്‍ നിന്ന് ഇറ്റിയ ചോരയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വനമേഖലയില്‍ എവിടെയെങ്കിലും കടുവ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് തിരയുന്നത്. എന്നാല്‍ മുമ്പത്തെപ്പോലെ കാട്ടിനുള്ളില്‍ കടുവ കിടന്നതിന്റെയോ, നടന്നതിന്റെയോ പാടുകളൊന്നും കണ്ടെത്താനായില്ല.

വനത്തിലടക്കം ക്യാമറകള്‍ വെച്ചിട്ടും ചിത്രങ്ങള്‍ കിട്ടിയില്ല. കടുവയുടെ സഞ്ചാരപാത കണ്ടെത്താനായാണ് റിയല്‍ ടൈം സി.സി.ടി.വി. ഉള്‍പ്പെടെ 68 ക്യാമകള്‍ വിവിധ ഭാഗങ്ങളിലായി വെച്ചത്. എന്നാല്‍ ഇതിലൊന്നും ചിത്രങ്ങള്‍ പതിഞ്ഞില്ല. കടുവയുടെ ചിത്രം കിട്ടിയാല്‍ ആ പ്രദേശത്ത് ട്രക്കിങ് ടീം തിരച്ചില്‍ നടത്തും. ദിവസങ്ങള്‍ക്കുമുമ്പ് മുട്ടങ്കരയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും ഇത് വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന കടുവയുടേതാണോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. വയല്‍പ്രദേശത്ത് മാത്രമാണ് കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത്. അതിനാല്‍ കടുവ ഏതുഭാഗത്തുനിന്ന് മുട്ടങ്കരയിലേക്ക് വന്നു എങ്ങോട്ടുപോയി എന്ന കാര്യങ്ങളൊന്നും വ്യക്തമായില്ല. കാല്‍പ്പാടുകള്‍ പിന്തുര്‍ന്നുള്ള തിരച്ചില്‍ സാധ്യമാകാതെ വന്നതോടെയാണ് ക്യാമറകള്‍ കൂടുതല്‍വെച്ചത്. നേരത്തെ കുറുക്കന്‍മൂലയിലും പരിസരപ്രദേശങ്ങളിലും വെച്ച ക്യാമറയില്‍നിന്നാണ് കഴുത്തിന് പരിക്കേറ്റ കടുവയുടെ ചിത്രം കിട്ടിയത്.

തുടര്‍ച്ചയായുള്ള തിരച്ചിലിലും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ മയക്കുവെടിവെച്ച് പിടികൂടാമെന്നുള്ള പ്രതീക്ഷയും മങ്ങി. മയക്കുവെടി വെക്കാനായി മൂന്നു സംഘങ്ങള്‍ ഉണ്ടെങ്കിലും കടുവയെ കണ്ടുകിട്ടാത്തത് കാരണം ഓരോദിവസത്തെ തിരച്ചിലും വിഫലമാവുകയാണ്. ചെറൂരിലും പുതിയിടത്തും മാത്രമാണ് പ്രദേശവാസികള്‍ കടുവയെ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിലൊന്നും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ബേഗൂര്‍ വനമേഖലയിലെ കാട്ടിക്കുളംഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അന്ന് കടുവ ഉടന്‍ പിടിയിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തൊട്ടടുത്തദിവസം മുതല്‍ കടുവ വീണ്ടും ഒളിച്ചുകളി തുടര്‍ന്നു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.

നവംബര്‍ 28-നാണ് കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവാപ്പേടി തുടങ്ങുന്നത്. 27 ദിവസത്തിനിടെ 17 വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു. 16-ന് പുതിയിടത്ത് നിന്ന് മൂരിക്കുട്ടനെയും ആടിനെയും പിടിച്ചശേഷം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചില്ല എന്നതാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം. കഴുത്തിന് മുറിവേറ്റ കടുവയ്ക്ക് കാട്ടില്‍ ഇരതേടാന്‍ പറ്റാതെ വന്നതോടെയാണ് നാട്ടിലിറങ്ങാന്‍ തുടങ്ങിയത്. കാട്ടില്‍ തീറ്റ കിട്ടിയില്ലെങ്കില്‍ കടുവ ഇനിയും നാട്ടിലിറങ്ങുമോയെന്ന ആശങ്കയുമുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px