ന്യൂയോർക്ക് ∙ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ് ടെലിസ്കോപ് ഇന്ന് വൈകിട്ട് 5.50ന് ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു യാത്ര തിരിക്കും. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അരിയാനെ 5 റോക്കറ്റാണ് ജയിംസ് വെബ്ബിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലിസ്കോപ്പാണ് ജയിംസ് വെബ്. ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും.
ജയിംസ് വെബ്
∙ഭാരം– 7000 കിലോ
∙ചെലവ്– 1000 കോടി യുഎസ് ഡോളർ
∙കാലാവധി– 10 വർഷം
∙പ്രധാന കണ്ണാടിയുടെ വ്യാസം–6.6 മീറ്റർ
സ്ഥിതി ചെയ്യുക എവിടെ?
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാകും ടെലിസ്കോപ് സ്ഥിതി ചെയ്യുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം 4 മടങ്ങ് അകലത്തിൽ. ഹബ്ബിൾ സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് വെറും 570 കിലോമീറ്റർ മാത്രം ദൂരെയാണ്.
∙ഹബ്ബിളിനെക്കാൾ കരുത്ത്
31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.

ലക്ഷ്യങ്ങൾ
∙ 1350 കോടി വർഷം മുൻപുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക
∙ തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം
∙ മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവൻ നിലനിൽക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക.
∙ നെപ്റ്റ്യൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം
പ്രവർത്തനം എങ്ങനെ?
2 കണ്ണാടികൾ ടെലികോപ്പിലുണ്ട്. വലുപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്തു സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കൻഡറി മിറർ) കേന്ദ്രീകരിക്കും. ഇതിനെ അപഗ്രഥിച്ച് ടെലിസ്കോപ്പിലെ ഉപകരണങ്ങൾ ചിത്രങ്ങളെടുക്കും. ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള മറ ടെലിസ്കോപ്പിനെ സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷിക്കും.
∙ സങ്കീർണമായ വിക്ഷേപണം
പരാജയസാധ്യതയുള്ള 300 ൽ അധികം പ്രവർത്തനങ്ങൾ വിക്ഷേപണത്തിനും പൂർണരൂപത്തിൽ വിടരുന്നതിനും ഇടയിലുണ്ട്. ഇവയിലൊന്ന് പരാജയപ്പെട്ടാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാർ പരിഹരിക്കാൻ കഴിയില്ല. 2021 ലെ പ്രധാന ലോക സംഭവങ്ങൾ അറിയാൻ വിഡിയോ കാണാം:
English Summary: James Webb Space Telescope ready to make history













