ഹാ! ചക്രങ്ങൾ ഇങ്ങനെ
പലവുരു തിരിഞ്ഞും
തേഞ്ഞും
ഉൾത്തുടിപ്പിന്റെ
മൃദുലദളങ്ങളിൽ വ്രണങ്ങൾ
തീർത്തും
മനസ്സിൻ മോഹചിത്രങ്ങളിൽ
കരിമഴ
പെയ്യിച്ചും
വാരിപ്പുതച്ച സ്വപ്നങ്ങൾ തൻ
തൊലിയടർത്തിയും
പച്ചമാംസക്കഷണങ്ങളിൽ
രക്തച്ചാലുകൾ
വെട്ടിയും
കൂരിരുട്ടിൽ ദംഷ്ട്രകൾ
നീട്ടി മാന്തിപ്പറിച്ചും
പകൽവെളിച്ചത്തിൽ പല്ലിൽ
ചുണ്ണാമ്പു നീറ്റി
വെളുപ്പിച്ചും
കാറ്റത്തു തൂങ്ങിയ കിളിക്കൂടിനെ
ചുമ്മാ തട്ടിത്തെറുപ്പിച്ചും
അടയിരുന്ന കിളിയെ നോക്കി
കോക്രിച്ചും
താഴെവീണു ചിതറിയ മഞ്ഞക്കരുക്കളെ
കാർക്കിച്ചും
ജീവിതപന്ഥാവിൽ
പിന്നെയും ചില ചിത്രങ്ങൾ
വരക്കുന്നു…
ചില വെറും ക്ളീഷേ ചിത്രങ്ങൾ…
അല്ലെങ്കിൽ,
ഈ ജീവിതമെപ്പോഴാ
ക്ളീഷേ അല്ലാത്തത്?
മുഖംമൂടി വെക്കുമ്പോഴോ?
അഴിക്കുമ്പോഴോ?
പിന്നെയും ചില
ക്ളീഷേ വാക്കുകൾ….
ചക്രങ്ങളെപ്പോലെ,
ഹാ!! കേഴും ചകോരങ്ങൾ പോലെ











