നവജാത ശിശുവിനെ മാറോടു ചേര്‍ത്തു
പൂവു പോലുള്ള,
പട്ടു പോലെ മിനുസമുള്ള
പിഞ്ചു കവിളത്തു ചുണ്ടുകള്‍ ചേര്‍ത്തു
മുത്തം കൊടുക്കാന്‍ ശ്രമിക്കുന്നു
അമ്മ..
തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍
ചുണ്ടടുപ്പിക്കുന്നു പിന്‍വലിക്കുന്നു..
കുഞ്ഞുറക്കത്തില്‍ വാവ ഞെട്ടിയാലോ,
മിനു മിനുത്ത, അതി മൃദുലമാം ആ ലോല കപോലം
അമ്മ തന്‍ അധര സ്പര്‍ശത്താല്‍ നൊന്തു പോയാലോ…
അമ്മയ്ക്കു സന്ദേഹമാണു…
പൊന്നു കുഞ്ഞാവട്ടെ അമ്മേടെ ചൂടുപറ്റി
സുഖമായ് അങ്ങനെ ചായുറങ്ങുന്നു …
ഉറക്കത്തില്‍ സ്വപ്നങ്ങള്‍ മുന്നില്‍
ചിത്ര ശലഭങ്ങളെപ്പോല്‍ വന്നു
പാറിപ്പറക്കുന്നുണ്ടാവാം..
കാരണം പിഞ്ചിളം ചുണ്ടില്‍ പാല്‍ നുര വന്നു പതയുന്ന പോലെ
ഇടക്കിടെ മന്ദസ്മിതം വന്നു തത്തിക്കളി ക്കുന്നു, മിന്നി മറയുന്നു…
കുഞ്ഞു സ്വപ്നത്തില്‍ മാലാഖമാര്‍ വന്നു മേലെ നിരന്നു
കൊഞ്ചിക്കളിപ്പിക്കും പോലെയോ
ഇക്കിളി കൂട്ടുന്ന പോലെയോ കുഞ്ഞിനു തോന്നുന്നുണ്ടാവാം…
അതു കണ്ടു അമ്മക്കുള്ളില്‍ ഒരാനന്ദ പ്പാലാഴി ഒഴുകുന്ന പോലെ
അവാച്യമാമോരനുഭൂതി വന്നു തുള്ളി ത്തുളുമ്പുന്നു…
അതു വരേക്കും കടന്നു പോന്ന നോവും പിടച്ചിലും നൊമ്പരവും
നിമിഷ നേരം കൊണ്ടു, ആ പിഞ്ചു മുഖ മൊന്നു കണ്ടൊരു മാത്രയില്‍
എല്ലാമെല്ലാം മറന്നു പോയി..
അതു പോയ ജന്മത്തിലെങ്ങോ കണ്ടു
മറന്നൊരു
അവ്യക്ത സ്വപ്നം പോല്‍ മാഞ്ഞു പോയി …
പകരം മുഗ്ദ്ധമാമൊരു പൊല്‍ക്കണി വന്നു
ഉള്ളിന്റെയുള്ളില്‍ നിറയുന്ന പോലെ..
നവമൊരു ലോകം അമ്മയ്ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നു ….












