ശൂന്യമാമീ സായം സന്ധ്യയില്‍ നീളുമീ വിജനമാം തീരത്തിങ്കല്‍,
നിന്റെയോര്‍മ്മകള്‍ നീരൊഴുക്കായ് നെഞ്ചിലാകെ നിറയുന്നു;
മൗനത്തിന്‍ മറവിയില്‍ മെല്ലെ മധുരം വിരിയുന്ന നേരം,
അകലെയെന്നാലും നീയെന്നില്‍ മുല്ലപ്പൂമണമായി നിറയുന്നു.
അധരത്തിന്‍ അരികില്‍ ഇപ്പോഴും നിന്റെ ചുംബന ചൂട്,
അകലത്തിന്റെ ഇരുളിലും അഗ്‌നിയായി പടരുന്നു;
വിരഹത്തിന്‍ കനല്‍തരിയില്‍ കുളിര്‍ പോലെ നീ തഴുകിയോരു ,
വിരല്‍ സ്പര്‍ശയോര്‍മ്മ വസന്തമായി വിരിയുന്നു.
കണ്ണുകള്‍ പൂട്ടിയാലും നീ തന്ന കാഴ്ചകള്‍ പൂത്തുലയുന്നു,
കാതോരം മന്ദസ്മിതം കാറ്റായ് വന്നു തഴുകുന്നു;
മൗനത്തിനിടയില്‍ നിന്‍ വിളിതന്‍ മൃദുസ്വരം കേള്‍ക്കേ,
മനമാകെ നീയൊരു മാധുര്യമായി വിരിയും.
ശൂന്യത മാത്രം ചോരാതെ ശരണംപോലെ ചുറ്റും നിറയും,
നീയെന്നരകിലില്ലയെങ്കിലും അനുരാഗ മധുരം പകരും;
ഇരവിന്‍ ആഴമേറുമ്പോള്‍ ഇളം കാറ്റായി നീ,
എന്‍ ആത്മാവിന്‍ അരുവിയില്‍ ഓളങ്ങള്‍ തീര്‍ക്കും
എവിടെയാണേലും നീ വരുമെന്നു തന്നോരുറപ്പിലീ
വിരഹം നിറയും രാത്രി പോലും മധുരിക്കും വേദനയല്ലോ.












