മലകള്‍, കാടുകള്‍, കേരനിരകളും
ചിരി പൊഴിച്ചിടും കാട്ടുചോലകള്‍
ഹരിതസുന്ദരം വയലിന്നീണവും
അതിമനോഹരം തീരഭൂവിത്.
നിരയായ്, കാവലായ് സഹ്യസാനുവും
തഴുകി സാന്ത്വനം ചൊല്ലുമാഴിയും
നവ സുഗന്ധമോടെത്തും തെന്നലും
മതിമനോഹരീ ദേവീ, മോഹിനീ.
വിവിധ ദിക്കുകള്‍ തന്നിലെങ്കിലും
മനതിലെപ്പോഴും നിന്നെയോര്‍ത്തിടും
തവ കുരുന്നുകള്‍ക്കെന്നുമെന്നുമേ
അരുളൂ നന്മകള്‍, നേരിന്‍ പാതയും.
മധുരമധുരമാം മൊഴികള്‍ കോമളം
നയനമോഹനം ദൃശ്യഭംഗിയും
പ്രിയതരങ്ങളാം പൈതൃകങ്ങളും
പകരമേതുമേ ചിന്തനീയമോ?
കലകള്‍ നിറയുമീ ലാസ്യനടനവും
തരളമൃദുലമാം ലോലഭാവവും
അറിവിതേകിടും മുഗ്ദ്ധകാന്തിയും
മഹിതേ, ശോഭിതേ, കൈവണങ്ങിടാം.
#മാതൃഭാഷാദിനാശംസകള്‍












