LIMA WORLD LIBRARY

ധൂളി – രമാ പിഷാരടി

ദര്‍പ്പണച്ചില്ലില്‍
പിന്നെ മനസ്സില്‍
ജനല്‍പ്പാളിയിത്തിരി
തുറക്കുന്ന വിടവില്‍
മേശപ്പുറത്തൊക്കെയും
പൊടിയാണ്
ചുറ്റിലും പൊടിയാണ്
പട്ടണക്കാറ്റില്‍
തെറ്റിപ്പിരിഞ്ഞ
ചിന്തയ്ക്കുള്ളില്‍
കെട്ടിട്ട് കുരുക്കിട്ട്
പോകുന്ന ശബ്ദങ്ങളില്‍
പൊടിയുണ്ടാകെ തൂത്ത് തുടച്ചുതുടച്ചിട്ടും
മുഴുവന്‍ പോകാതത്
ചുറ്റിലും പറക്കുന്നു
മുറ്റത്തെ മരച്ചോട്ടില്‍
കൊഴിഞ്ഞ ദലങ്ങളില്‍
പറ്റി നില്‍ക്കുന്നു
ചെങ്കല്‍ച്ചൂളയെ
പുകയ്ക്കുന്നു
ധൂളികള്‍ മിന്നായം
പോല്‍ തീപ്പൊരി
വിളക്കിന്റെയാഴത്തി-
ലല്പം ക്ലാവ് പടര്‍ന്ന്
മങ്ങീടുന്നു
മണ്ണിന്റെ വേരില്‍
വനമുല്ലയില്‍
മദ്ധ്യാഹ്നത്തില്‍
കണ്ണിലേക്കിഴഞ്ഞെത്തും
നിദ്രയില്‍ സുസ്വപ്നത്തില്‍
ശിശിരം തൊടും
മഞ്ഞുതരിയില്‍
മേശപ്പുറത്തിരുണ്ട-
മഷിക്കൂട്ട് നിറഞ്ഞ
പേനത്തുമ്പില്‍
എഴുതാനെടുക്കു-
ന്നൊരോര്‍മ്മയില്‍
തട്ടിത്തൂവിയുടഞ്ഞ്
പോകും ഇറ്റ് കണ്ണീരില്‍
വിധിക്കൂട്ടിലരുകി-
ത്തിളയ്ക്കുന്നൊ-

രഗ്‌നിയില്‍ വാടി ത്തളര്‍ന്നൊടുവില്‍-
മണ്‍പാത്രത്തില്‍
തളിര്‍ക്കും
പ്രതീക്ഷയില്‍
ശ്രുതി തെറ്റുമ്പോള്‍
മനസ്സിത്തിരി നേരം
ശൂന്യതലത്തില്‍
സഞ്ചാരങ്ങള്‍
നടത്തുന്നേരം
അതേ അവധിക്കാലങ്ങള്‍
പോല്‍ ഒന്നുമേ ചെയ്യാനാവതുഴറും
എല്ലാം ഒരേ പോലെ
നിശ്ചലമാകും
ഹൃദയം സ്പന്ദിച്ചു-
കൊണ്ടിരിക്കും
എന്നാല്‍പ്പോലും
മനസ്സ് മഞ്ഞില്‍ മൂടി
അലസം മയങ്ങിടും
പൊടി മൂടിടും
അതില്‍ നിന്നുയിര്‍-
ക്കൊള്ളാനൊരു
വസന്തം വരും വരെ
മായ പോല്‍ പ്രളയത്തിന്‍
തിരയില്‍ മുങ്ങിപ്പൊങ്ങി
പ്രാണന്റെ സഞ്ചാരങ്ങള്‍

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px