രതിസാഗരത്തിന്റെ വേലിയേറ്റങ്ങളിൽ തീരത്തടിയുന്ന മുത്താണനാഥൻ
ഹൃദയങ്ങളിൽനിന്നു കാതങ്ങളകലെയായ് ആർത്തുപടരുന്ന കാടാണനാഥൻ
അപമാനമേറ്റം കരുത്തായ് വളർത്തിയ കരിവീട്ടിയാണവൻ കാറ്റിലുലയാത്തവൻ
അമ്മതന്നുമ്മയും താരാട്ടിനീണവും ജന്മംമുതൽക്കിന്നും കിട്ടാത്തമാനവൻ
സങ്കടങ്ങൾതീർത്ത പാത്രങ്ങളിൽനിന്നു കണ്ണുനീരുപ്പിനാലന്നം രുചിച്ചവൻ
ജന്മജന്മാന്തര ബന്ധങ്ങളാലുള്ള സ്വർഗ്ഗവാതിൽപ്പടി കൊട്ടിയടച്ചവൻ
അതിജീവനത്തിന്റെയാശാകിരണങ്ങൾ കയ്യെത്തിയൊറ്റയ്ക്കു സമ്പാദ്യമാക്കിയോൻ
സ്വപ്നങ്ങളെ വേട്ടയാടിത്തളരുമ്പോൾ കൈപിടിക്കാനാരും കൂടെയില്ലാത്തവൻ
ഓണവും വിഷുവും വിശേഷങ്ങളൊക്കെയും ബന്ധങ്ങളില്ലാതെ ഏകനായുണ്ടവൻ
അമ്മത്തലോടലിനേറെക്കൊതിച്ചവൻ അച്ഛനെത്തേടിയൊരു കാറ്റായലഞ്ഞവൻ
പെങ്ങളില്ലായ്മയിലേറ്റം തപിച്ചവൻ
കൂടപ്പിറപ്പിനായ് കൊതിയോടിരുന്നവൻ
മേൽവിലാസങ്ങളലങ്കരിക്കുന്നൊരു വേദിയിലാരോരുമില്ലാത്തൊരൊറ്റയാൻ
ഒറ്റപ്പെടലിന്റെയുഷ്‌ണത്തുരുത്തിലും ഇത്തിളുപോലെന്നും പറ്റിപ്പിടിച്ചവൻ
വേരറ്റുപോയൊരാ കർമ്മകാണ്ഡത്തിന്റെ ഏടുകൾ തേടിയേറേയലഞ്ഞവൻ
പ്രതിസന്ധി മാരിയായ് പെയ്യുന്നകാലത്തും ചുവടൽപ്പമിടറാതെ തലയുയർത്തുന്നവൻ
സഹതാപമല്ല സഹോദരതുല്യനായ് ചേർത്തുനിർത്തീടുക സഹജീവിയാണവൻ













