ഞാൻ യേശുവിനെ പ്രണയിക്കുന്നു
ഇത് എൻ്റെ കവിതയല്ല,
കവിതയും അല്ല..
സ്നേഹ പ്രപഞ്ചത്തിൻ്റെ നിർമാതാവ്,
ഒരു പഴയ മരപ്പണിക്കാരൻ്റെ
കീശയിൽ നിന്നും മോഷ്ടിച്ചത്.
ഞാൻ യേശുവിനെ പ്രണയിക്കുന്നു,
ഇന്ന്
ഉച്ചയ്ക്ക്
അവനെന്നെ കടൽത്തിരകൾക്ക്
മുകളിലൂടെ നടത്തിച്ചു…
മഗ്ദലനയെ പോലെ
അവനെന്നെ ചേർത്തു പിടിച്ചു…
ഒരു ചുംബന വറ്റ് കൊണ്ട്
എന്നിലെ അയ്യായിരം പേരെ ഊട്ടി…
ഒറ്റ സ്പർശം കൊണ്ട്
ഞൊണ്ടിയായ എന്നെ നൃത്തം ചെയ്യിച്ചു…
ഒറ്റ നോട്ടം കൊണ്ട്
ജലാശയത്തിലെ നീരിനെ
മധുരമേറും വീഞ്ഞാക്കി..
ഒരു പുഞ്ചിരി കൊണ്ട്
എൻ്റെ ഞരമ്പഴുക്കിനെ
ചുവന്ന പ്രകാശമാക്കി..
ഒറ്റധ്യാനത്താൽ
ചെളിയിൽ പുളഞ്ഞ മീനിന്
ചിറകു വെച്ച് കൊടുത്തു…
ബത് ലഹേമിൻ്റെ ആകാശത്ത്
തെളിഞ്ഞ മൂന്ന്
നക്ഷത്രങ്ങളിൽ ഒന്ന്
പറിച്ചെടുത്ത്
എൻ്റെ നെറ്റിയിൽ ഒട്ടിച്ചു…
സ്നാനപ്പെട്ട എൻ്റെ നെഞ്ചിലേക്ക്
ആയിരങ്ങൾ ഒഴുകി വന്നു.
അവരെ ചേർത്തണച്ചപ്പോൾ
കാലിത്തൊഴുത്ത് പറഞ്ഞു
“സ്നേഹം ഒരു കുരിശു പിറവി ആകുന്നു”.
*
ഞാൻ ഗലീലി കുന്നിലേക്ക് നടന്നു.
ദൈവരാജ്യം നിർമിക്കുവാൻ
ഒരു പിടി മണ്ണ് അവനപ്പോൾ എൻ്റെ കയ്യിലേക്ക് തന്നു.
ഞാൻ മണ്ണ് കുഴ ച്ചു.
അവൻ വെള്ളം നനച്ചു…
അത് ക്രമേണ ചുവന്നു….
ഞാൻ വേദനയോടെ
കണ്ണടച്ചു…
*
എനിക്ക്,
നേരത്തെ അറിയാമായിരുന്നു…
മൂന്നാം നാൾ അവൻ ഉണരുമെന്ന്..
റബ്ബോനീ, എന്ന് വിസ്മയപ്പെട്ട് കൊണ്ടു
ചുറ്റുമണയുന്ന ആട്ടിൻകൂട്ടങ്ങളെ
ആണിയടയാളമുള്ള
കൈവെള്ളയിൽ വെച്ച്,
കടൽപ്പരപ്പിലൂടെ നടക്കുമെന്ന്…
ഒരു പിടി ഉപ്പ് കൊണ്ട്,
സ്വർഗ്ഗരാജ്യം നിർമിക്കുമെന്ന്..
ഇതെൻ്റെ കവിതയല്ല.
ഞാനവനെ പ്രണയിക്കുന്നു.













