എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടൊക്കെക്കാണ്മതുമഴിമതികൾ
കാശും പണവും കൈനിറച്ചുള്ളോരുടെ
കൈവെള്ളയിലാണല്ലോ നിയമങ്ങളും
വളയ്ക്കും തിരിക്കും ഒടിക്കും നിയമങ്ങൾ
വെള്ളാനക്കൂട്ടത്തിൻനാടിതെന്നും
എള്ളോളം പരമാർത്ഥമില്ലാ, പൊളിവാക്കുകൾ
തള്ളിത്തകർക്കുന്ന നേതാക്കളും.
കള്ളത്തരങ്ങൾക്ക് കോപ്പുകൂട്ടുന്നോർക്കെന്നും
സമരങ്ങളുപജീവനമാർഗ്ഗമല്ലോ
നാലാളറിയാതെ കാര്യം നടക്കുമ്പോൾ
സമരങ്ങൾ പെരുവഴിയിൽ മരിച്ചീടുന്നു.
വെട്ടവുമില്ലാ, വെളിച്ചവുമില്ലാ, വരട്ടുവാദങ്ങളാൽ
നട്ടംതിരിയുന്ന നാട്ടുകാരും
കൂട്ടംപിരിഞ്ഞൊരീ കുഞ്ഞാടുകൾക്കെന്നും
കൂട്ടുകൂടാത്തൊരു നീതിശാസ്ത്രം.
ഭരണകൂടങ്ങൾക്ക് വിടുവേല ചെയ്യുന്നോർ
കരുണ കാട്ടാത്തൊരു കാലങ്ങളും
ഉദരംനിമിത്തം ബഹുകൃതവേഷങ്ങൾ
ഉരഗങ്ങളെപ്പോലെ ആടിടുന്നു.
വ്യാധിപെരുത്തൊരു ഗതിയില്ലാക്കാലത്ത്
ആധി കൊളുത്തുന്ന ഭരണവർഗ്ഗങ്ങളും
നീതിയില്ലാത്തൊരു കെട്ടകാലങ്ങളിൽ
നീതിമാനെങ്ങനെ ജീവിച്ചിടും.
🌺എം.തങ്കച്ചൻ ജോസഫ്.














സമകാലിക ജീവിതത്തിലെ പച്ചയായ ആവിഷ്കാരമാണ് ഈ വാക്കുകൾക്ക്.
എന്നത്തേയും പോലെ മനോഹരമായ എഴുത്ത്!
തൂലികയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🏼❤️
സ്നേഹപൂർവ്വം
ദേവു