ലണ്ടൻ ∙ ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്കു സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി സിഖുകാരിയായ ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥ ഹർപ്രീത് ചണ്ടി (32) കരസ്ഥമാക്കി.
അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച് 40 ദിവസം കൊണ്ട് 1127 കിലോമീറ്റർ താണ്ടിയാണ് ഹർപ്രീത് ദക്ഷിണധ്രുവത്തിലെത്തിയത്. മൈനസ് 50 ഡിഗ്രി വരെയുള്ള കൊടുംതണുപ്പും മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിലുള്ള കാറ്റും മറികടന്നാണ് ലക്ഷ്യമെത്തിയതെന്ന് ഹർപ്രീത് ബ്ലോഗിലൂടെ അറിയിച്ചു.
നവംബർ 24 ന് അന്റാർട്ടിക്കയിലെ ഹെർക്കുലിസിൽ വിമാനത്തിൽ പാരഷൂട്ടിൽ ഇറങ്ങിയ പ്രീത് ദിവസം 11 മണിക്കൂറോളം മഞ്ഞിലൂടെ സ്കീയിങ് നടത്തിയാണ് മുന്നോട്ടു നീങ്ങിയത്. രാത്രി ടെന്റ് തയാറാക്കി താമസിച്ചു. ഐസ് ഉരുക്കിയാണ് കുടിവെള്ളം സംഘടിപ്പിച്ചത്. പോർക്ക് പാസ്ത പോലുള്ള ഭക്ഷണവും തയാറാക്കി. പഞ്ചാബി ഭാംഗ്റ പാട്ടുകളും ഓഡിയോ ബുക്കുകളും ഏകാന്തയാത്രയിൽ വിനോദോപാധികളായി.
‘പോളർ ്രപീത്’ എന്നു വിളിപ്പേരുള്ള ഹർപ്രീത് ഫിസിയോതെറപ്പിസ്റ്റാണ്. ലണ്ടനിലാണ് പ്രവർത്തിക്കുന്നത്. അന്റാർട്ടിക്കയിൽനിന്നു തിരിച്ചെത്തിയാലുടൻ പ്രതിശ്രുത വരൻ ഡേവിഡ് ജർമാനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ്.
English Summary: Captain Harpreet Chandi becomes first indian origin woman to trek solo to south pole













