LIMA WORLD LIBRARY

2021 ലെ ഓടക്കുഴൽ അവാർഡ് നേടിയ സാറാ ടീച്ചറുടെ “ബുധിനി “യെക്കുറിച്ച് – A.S.Indira

A.S.Indira

2021 ലെ ഓടക്കുഴൽ അവാർഡ് നേടിയ സാറാ ടീച്ചറുടെ
“ബുധിനി “യെക്കുറിച്ച് …
ഭ്രഷ്ട് കല്പിക്കപ്പെട്ട് ,നില്ക്കക്കള്ളിയില്ലാതെ ഓടിയോടി കിതക്കേണ്ടി വന്നവരുടെ ജീവിതം ,കുലവും ,നാടും ,രാജ്യവും ഇല്ലാതായവരുടെ കഥയാണ് ബുധിനി .

അപരിചിതമായ ദേശത്തെയും ജനതയെയും ,സംസ്കാരത്തെയും ആവിഷ്കരിക്കുക എന്ന കനത്ത വെല്ലുവിളിയാണ് സാറാ ജോസഫ് “ബുധിനി ” നോവലിലൂടെ കൃതഹസ്തയോടെ നിർവഹിച്ചത് .
ആരാണ് ബുധിനി ?
ഒരു സാധാരണ സാന്താൾ ഗോത്ര ബാലിക .
പുല്ലാങ്കുഴലിൽ ആനന്ദം കണ്ടെത്തുന്നവൾ ,സാൽമരത്തിൽ കയറുന്നവൾ .
കാട്ടിൽ പോകാൻ ബുധിനി കൊതിച്ചു .കാട്ടിൽ പോയാൽ വഴി തെറ്റും .ഓരോ വഴി തെറ്റലും ഒരു പുതിയ കാട്ടിലേക്കുള്ള വഴിതുറക്കലാണെന്ന് അവൾക്കറിയാം .
കാട്ടിൽ പോയാൽ പുലി നേർക്കുനേർ വരണം .അതിനെ കണ്ട് പേടിച്ച് രക്തമുറയണം .പിന്നെ അതിന് പിടികൊടുക്കാതെ സമർത്ഥമായി രക്ഷപ്പെടണം .ഒരു പാമ്പിനെ അതിന്റെ മാളത്തിൽ ചെന്ന് പിടി കൂടണം ,ഒരു കാട്ടുമുയലിനെ ,കാട്ടുകോഴിയെ വീഴ് താൻ കഴിയണം …ഇതൊക്കെയായിരുന്നു അവളുടെ ബാലസാഹസ മോഹങ്ങൾ .
15 -ആം വയസ്സിൽ അവൾക്ക് സ്വന്തം കാടുകൾ നഷ്ടപ്പെട്ടു .മനുഷ്യപ്പുലികൾ നേർക്കുനേർ വന്ന് ചാടി വീണു .പാമ്പുകൾ അവളെ വട്ടമിട്ടു കൊത്തി .അവൾ എല്ലാവർക്കും ഇരയായി .
ബാബാ നമുക്ക് കാട്ടിൽ പോകണ്ടേ എന്നവൾ ചോദിച്ചു .
അതിന് കാടെവിടുണ്ട് കുട്ടീ എന്നായിരുന്നു അവൾക്ക് കിട്ടിയ മറു ചോദ്യം .
കാട് ഗോർമനെടുത്തു വയലുകളും ഗോർമനെടുത്തു .
1959 ഡിസംബർ 6 പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാഞ്ചേത് അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിക്കുന്നു .അദ്ദേഹത്തെ മാലയിട്ട് സ്വീകരിക്കാൻ ഒരു സാന്താൾ ഗോത്രബാലിക വേണമെന്ന് അധികാരികൾ തീരുമാനിക്കുന്നു .അവർ കണ്ടെത്തിയത് ബുധിനിയെയാണ് .
അവർ ആജ്ഞാപിച്ചതനുസരിച്ചു അവൾ നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചു .
നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം അവളാണ് ഡാം ഉദ്ഘാടനം ചെയ്തത് .
ഉദ്ഘാടനം എന്നാൽ എന്തെന്നോ ,നെഹ്‌റു ആരെന്നോ അവൾക്കറിയില്ല .
പക്ഷേ ,അവൾ നെഹ്‌റുവിനെ വിവാഹം കഴിച്ചു എന്നായിരുന്നു ഗോത്രത്തിൽ പരന്ന വാർത്ത .
തിരിച്ചെത്തി വെള്ളം കുടിക്കാൻ കിണറിനരികിലേക്ക് ചെന്ന അവളെ സ്വന്തം കുലത്തിലുള്ളവർ ആട്ടിയോടിച്ചു .ഗ്രാമസഭ ബത് ലാഹ നടത്തി അവളെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി .ഒരു പെൺകുട്ടിക്ക് ചിന്തിക്കാനാകാത്ത വിധത്തിലുള്ള ഭയാനകമായ അനുഭവങ്ങൾ ആണ് തുടർന്ന് നേരിടേണ്ടി വന്നത് .

ബുധിനി ഒരാളല്ല .രാജ്യമാണ് .
ഭയം പുതച്ചാണു അവൾ ഉറങ്ങിയത് .ഭയമാണ് തലയണയായത് .ഭയമാണ് ശ്വസിച്ചത് .സങ്കടകരമായ കാര്യം അവളുടെ നിരപരാധിത്വം എല്ലാവർക്കും അറിയാം എന്നതാണ് .

” ഞങ്ങളുടെ ആളുകൾക്ക് സ്വന്തമായ ശരി തെറ്റുകളുണ്ട് അത് മറ്റുള്ളവരുടെതിനോട്‌ പൊരുത്തപ്പെട്ടു കൊള്ളണം എന്നില്ല .
നീതിന്യായ വ്യവസ്ഥയും ശിക്ഷാരീതികളുമൊക്കെ വ്യത്യസ്തമാണ് എന്ന ഗോത്ര മൂപ്പന്മാരുടെ ന്യായീകരണ വാദങ്ങൾ പിന്നീട് ഇന്ത്യയിൽ പലരൂപത്തിൽ ആവർത്തിക്കുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാ ണല്ലോ ?
ചരിത്രം മായ്ച്ചു കളഞ്ഞ ജീവിതങ്ങളെ തേടിപ്പിടിച്ചു ലോകരുടെ മുൻപിൽ രേഖപ്പെടുത്തി വെച്ചു എന്ന ധീരകൃത്യമാണ് സാറാജോസഫ് ബുധിനിയിലൂടെ നിർവഹിക്കുന്നത് .
റൂപി മുർമി എന്നത് സാറാ ടീച്ചർ തന്നെയാണ് .
പരിസ്ഥിതി ,ഭരണകൂടം ,ഗോത്രാചാരങ്ങൾ ,പീഡിത സ്ത്രീത്വം എന്നിങ്ങനെ പല മാനങ്ങളിലാണ് ഈ നോവൽ വ്യാപരിക്കുന്നത് .
–കടപ്പാട്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px