LIMA WORLD LIBRARY

കവി എസ് രമേശന്‍ അന്തരിച്ചു

കൊച്ചി:  കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് (വ്യാഴം) പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു.

1996 മുതൽ 2001 വരെ സാംസ്കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

എസ്.എൻ. കോളേജ് പ്രൊഫസറായിരുന്ന ഡോ. ടി.പി. ലീലയാണ് ഭാര്യ.

ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവർ മക്കൾ.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതി തുടങ്ങി.ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ എന്നിവയാണ് കൃതികള്‍.

ചെറുകാട് അവാർഡ്, ശക്തി അവാർഡ്‌, എ പി കളക്കാട്‌ പുരസ്കാരം, മുലൂർ അവാർഡ്‌. ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, ഫൊക്കാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് സർവീസിൽ 1981ൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം  2007ൽ അഡീഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണർ തസ്തികയിൽ നിന്നാണ് വിരമിച്ചത്.

അതിനുമുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി ചെയ്തിരുന്നു.

1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം.

പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ് ജോസഫ് എൽ പി സ്ക്കൂൾ, വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്ക്കൂൾ വിദ്യാഭ്യാസം.

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പ്രീഡിഗ്രീ വിദ്യാഭ്യാസം. 1970 മുതൽ1975 വരെ എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ, എംഎ പഠനം. ഈ കാലയളവിൽ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു.

1975 മുതൽ എറണാകുളം ഗവന്മെന്റ് ലോ കോളേജിൽ നിയമ പഠനം പൂര്‍ത്തിയാക്കി.

കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൌണ്‍സില്‍ രൂപീകരണം, കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തനം, ത്രിപ്പൂണിത്തുറയില്‍ ആര്‍ക്കിയോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്‍ക്കിയോളജി, ഹെരിറ്റേജ്, ആര്‍ട്ട്, ഹിസ്റ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവര്‍ത്തനാവകശം നല്‍കല്‍ , തകഴിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ വീടും പരിസരവും ഏറ്റെടുത്ത് തകഴി സ്മാരക കേന്ദ്രം സ്ഥാപിക്കല്‍ ,കേരള കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലാ പദവി ലഭ്യമാക്കുന്ന നടപടി എന്നിവയില്‍ നിര്‍ണ്ണായകപങ്കു വഹിച്ചു.

മൃതദേഹം നാളെ (14-01-2022- വെള്ളി) രാവിലെ  എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയില്‍ എത്തിയ്ക്കും.11 ന് എറണാകുളം ടൗണ്‍ ഹാളില്‍ കൊണ്ടുവരും.

രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തിലാണ് സംസ്കാരം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px