LIMA WORLD LIBRARY

കടൽ-ഒരാഹ്വാനം! – ചാക്കോ ഡി അന്തിക്കാട്

കടലിൽനിന്നും
അനേകായിരം
നെടുവീർപ്പുകൾ,
ആകാശത്തേയ്ക്കും വനാന്തരങ്ങളിലേയ്ക്കും,
മരുഭൂമിയിലേയ്ക്കും,
നാട്ടുനടപ്പുവഴികളിലേയ്ക്കും
പ്രയാണം തുടങ്ങി.

ആകാശം തൊട്ടവയെല്ലാം
കണ്ണീർമഴയായ്
കടലിന്റെ ദുഃഖഭാരം
ഇരട്ടിയാക്കി.

വനാന്തരങ്ങളിൽ
ഇരുട്ടിൽ
ചുറ്റി നടന്നവയെല്ലാം,
കാട്ടുക്കൊള്ളക്കാരെ
ഭയന്ന്
തൊട്ടടുത്ത
കൊക്കയിൽ
കാൽത്തെറ്റി വീണു!
ടൂറിസ്റ്റുകളെ ആകർഷിക്കും
‘ആത്മഹത്യാ മുനമ്പു’കൾക്ക്
പല ഭാഷകളിൽ
പുതിയ പേരുകൾ ലഭിച്ചു!…

മരുഭൂമികളിൽ
ഓടിത്തളർന്നവ,
മരുപ്പച്ചകളിൽ
പക്ഷിക്കൂടുകൾ കൂട്ടി,
ഒട്ടകങ്ങളെ കാത്തിരുന്നു.
അവയെ,
മണൽക്കാറ്റ് സ്വന്തമാക്കി!

നാട്ടുനടപ്പുവഴികളിൽ
ആവേശത്തോടെ
അലഞ്ഞു നടന്നവയിൽ
പലതും,
അതിജീവനത്തിന്റെ ഏറ്റിറക്കങ്ങൾക്കിടയിൽ,
വീണ്ടും
കടൽത്തീരത്തെത്തി.

പല വേഷങ്ങൾ…രൂപങ്ങൾ…
ഭാവങ്ങൾപ്പേറി തളർന്നിരുന്നു…
കുമ്പസാരിച്ചു…വെല്ലുവിളിച്ചു!

പട്ടിണി,
അധികാരമോഹം,
അഹന്ത,
ദുരഭിമാനം,
അക്രമവാസന,
പ്രണയ സാഫല്ല്യം,
പ്രണയനൈരാശ്യം,
വിപ്ലവസ്വപ്നം,
പ്രതിവിപ്ലവകുതന്ത്രം,
വർഗ്ഗീയത,
വംശീയത,
ആഗോളചൂഷണം…
രക്തസാക്ഷിത്വം!-
ആയിത്തീർന്നതെല്ലാം
സ്വയം വെളിപ്പെടുത്തി…

തിരകളെ സ്വന്തമാക്കിയ
ഓരോരുത്തരും,
പ്രത്യയശാസ്ത്ര മുദ്രകൾ അടിച്ചേൽപ്പിക്കാൻ നോക്കി!

തിരകൾ
വഴങ്ങുന്നില്ലെന്ന്
കണ്ടപ്പോൾ
കടലിനെ
മൊത്തം ശപിച്ചു…
തിരിച്ചു പോയി.

സ്വയം മറന്ന്,
അസ്തമയസൂര്യനെ
ഉൾക്കൊള്ളാൻ
കഴിയാത്തവരെ നോക്കി,
കട,ലലറി:

ആരും എന്നെ ജീവിതം
പഠിപ്പിക്കേണ്ട!
എന്നിൽനിന്നും
ആഹ്വാനമുൾക്കൊണ്ട്,
നീതിബോധമുള്ള,
നന്മ നിറഞ്ഞ മനുഷ്യരായി
ജീവിക്കാൻ പഠിക്കൂ…
പഠിപ്പിക്കൂ!…

കവികൾ മാത്രം
സ്വന്തം നെടുവീർപ്പുകൾ
കടലിനു തിരികെ നൽകി.

അന്ന് കടൽ
ശാന്തമായിരുന്നു…

അസമത്വം
കൊടികുത്തി വാഴുന്ന
ലോകക്രമത്തിനെതിരെയുള്ള, കവികളുടെ പ്രാർത്ഥനയും
വേവലാതിയും
കേട്ടിട്ടായിരിക്കണം…
അടുത്ത ദിവസം,
‘സുനാമി’യുമായി
കടൽ
തിരികെയെത്തിയത്!

കൊല്ലപ്പെട്ടവരിൽ
നല്ലതും ചീത്തയുമുണ്ടായിരുന്നു.
ഗുണവും ദോഷവുമുണ്ടായിരുന്നു.
ലാഭവും നഷ്ടവുമുണ്ടായിരുന്നു.

ഒരു വന്മരം വീഴുമ്പോൾ
മുകുളങ്ങളും
ചതഞ്ഞരയുമല്ലോ!-
അത് പ്രകൃതി നിയമം!

ഒന്നും പഠിക്കാത്ത,
എല്ലാ ആർത്തിപ്പണ്ടാരങ്ങളും
കടലിനെ
വീണ്ടും വെല്ലുവിളിച്ചു!

കടൽ പറഞ്ഞു :

ഞാൻ ആകാശത്തെ,
പ്രപഞ്ചത്തെ,
വെല്ലുവിളിക്കാറില്ല!
ആകാശം എന്നെയും!

എന്നെ
വെല്ലുവിളിക്കാനൊരുങ്ങുന്ന
കരയെ
ഒരു മുന്നറിയിപ്പിൽ
നിലയ്ക്കുനിർത്താനാണ്
ഞാനിടയ്ക്കിടെ
രൗദ്ര ഭാവമണിയുന്നത്!

എന്നെ അനുഭവിച്ചവർ
‘കിഴവനും കടലും’,
‘ഡോവർ ബീച്ച്’,
‘ചെമ്മീൻ’,
‘മൊബിഡിക്ക്’,
‘ടൈറ്റാനിക്ക്’
ഒക്കെ രചിച്ചു.

എന്നെ
ഉൾക്കൊള്ളാത്തവർ
ഇപ്പോഴും
ശാപവാക്കുകളുമായി വരുന്നു…പോകുന്നു…

ഒരിക്കലെങ്കിലും ശ്രദ്ധിക്കൂ…
അത്തരം ആളുകൾ
എന്നെ നോക്കുമ്പോൾ
തിരകൾക്ക്
അൽപ്പം
വീര്യം കൂടുന്നുണ്ട്!

കടലിനു ശവഗന്ധമാണെന്ന് പുലമ്പുന്നവർ അറിയുന്നില്ല-
സർഗ്ഗശേഷി വറ്റിയ,
അവരുടെയുള്ളിലെ
ശവഗന്ധമാണ്
എന്നിൽ
ആരോപിക്കുന്നത്!

കക്കകൾക്കോ,
കടൽക്കാക്കകൾക്കോ,
ഞണ്ടുകൾക്കോ
യാതൊരു പരാതിയുമില്ല!

സൂക്ഷിച്ചു നോക്കൂ…
തീരത്ത് ഒതുങ്ങിയിരിക്കുന്ന
തോണിയുടെ വിനയം
കണ്ടറിഞ്ഞാൽ പോരാ…

തോണിയിറക്കി,
നടുക്കടലിലെത്തണം.
അപ്പോഴറിയാം
തോണിയുടെ
അതിജീവന
സമരതൃഷ്ണ!

അതിനകത്തുള്ളവരുടെ
മുഖങ്ങൾ ഭയംകൊണ്ട്
വിരണ്ടു കറുക്കുമ്പോൾ,
അന്നത്തെ
അസ്തമയവും
പെട്ടെന്ന് കറുക്കും!

കവികളതിനെ
ജീവിതത്തിന്റെ
വിഷാദഭാവമായി
വർണ്ണിച്ചിട്ടുണ്ട്!
ഭയമുള്ളവരോടുള്ള
എന്റെ പ്രതിഷേധമാണത്!

അതിനൊരു പരിഹാരം
ഞാൻ ആറ്റിക്കുറുക്കി
കൊടുത്തിട്ടുണ്ട്!

അതാണ്
‘സാന്റിയാഗോ’
എന്ന കിഴവൻ,
സ്രാവിനെ നോക്കി
വിളിച്ചു കൂവിയത് :

“സ്രാവുകളെ,
നിങ്ങൾക്കെന്നെ കൊല്ലാം… തോൽപ്പിക്കാനാവില്ല!”…

അതിന്റെ അശരീരിയാണ്,
ദിവസങ്ങൾ
പട്ടിണികിടന്നും,
എന്നെ
അതിസാഹസികമായി
മുറിച്ചു കടന്നവർ,
ആത്മകഥാരൂപത്തിൽ,
എനിയ്ക്കായി
സമ്മാനിക്കുന്ന
സമാദരണങ്ങൾ!
സ്നേഹോപഹാരങ്ങൾ!

ഇനിയും കടലിന്റെ
പരപ്പ് നോക്കി
കണ്ണുകളടയ്ക്കുക…
അതിന്റെ ആഴം
ചുമ്മാ സങ്കൽപ്പിക്കുക!

അതിനെ തൊട്ടറിയാത്ത
ഭൂരിഭാഗം മനുഷ്യരും തീവ്രജീവിതാനുഭവത്തിന്റെ
ആഴവും പരപ്പും തൊട്ടറിഞ്ഞവരായിരിക്കും!

അതെന്താണെന്ന്
എനിക്കറിയില്ലല്ലോ!
അതിന്റെ നിരാശതയാണ്
ഞാൻ തിരകളിലൂടെ
ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നത്!

ആർക്കെങ്കിലും
എന്റെ വേവലാതി
മനസ്സിലായോ?
കവിഹൃദയത്തിനല്ലാതെ…

ഭൂമിയിൽ
ദുരിതം നിറയുമ്പോൾ
കടലിലെ
തിരകളുടെ
എണ്ണവും പെരുകുന്നുണ്ട്!

കടലെന്നാൽ,
അനന്തമായ,
അനശ്വരമായ,
ലോകാവസാനംവരെ
നീണ്ടുനിൽക്കുന്ന,
തിരകൾക്കൊണ്ടു
രചിക്കുന്ന
‘വിലാപകാവ്യ’ മാണെന്ന്
എത്ര പേർക്കറിയാം?…

അതിൽ
വിപ്ലവക്കവിതകൾ
കണ്ടെത്താൻ
കഴിയുന്നവരെയും,
ഞാൻ,
അനന്തമായി
കാത്തിരിക്കുന്നുണ്ട്!

ആ തകർന്ന
വഞ്ചിക്കൊമ്പത്തിരിക്കുന്ന
ഊമയായ കവിയും,
ഒരിക്കലും
നിശബ്ദമാകാനറിയാത്ത കടൽക്കാക്കകളുമൊഴികെ…
മറ്റുപലരും എന്നെ
നിരാശപ്പെടുത്തുന്നു!

അന്നത്തെ നിലാവിൽ
ബീഥോവന്റെ
സിംഫണിയുമായി
ഒരു കാറ്റ്,
പടിഞ്ഞാറുനിന്നും
കിഴക്കോട്ടു സഞ്ചരിച്ചു.

ആകാശത്തേയ്ക്കും
കടലിലേയ്ക്കും
മാറിമാറി നോക്കിയ,
ചിത്രകാരനായ
കുട്ടി വിളിച്ചു കൂവി :

മഴമേഘങ്ങൾക്കും
പാഞ്ഞടുക്കുന്ന
തിരകൾക്കും
ബീഥോവന്റെ
പ്രതിഛായ!…

അവൻ,
കടലിന്റെ
പശ്ചാത്തലത്തിൽ
സിംഫണിയെ
ഒരു ‘മാസ്റ്റർപ്പീസ്’
ചിത്രമാക്കാൻ തുടങ്ങി!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px