ബ്രസൽസ് ∙ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന ആശങ്ക ശക്തമായതോടെ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നു പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അറിയിച്ചു. കൂടുതൽ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും അയയ്ക്കും. ആക്രമണനീക്കമില്ലെന്നു വ്യക്തമാക്കിയ റഷ്യ, നാറ്റോയുടേതു സംഘർഷം വർധിപ്പിക്കുന്ന നടപടിയാണെന്നു കുറ്റപ്പെടുത്തി.
യുക്രെയ്നിലെ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോടു രാജ്യം വിടാൻ യുഎസ് നിർദേശിച്ചിരുന്നു. ഏതാനും എംബസി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും പിൻവലിക്കുകയാണെന്നു യുകെയും വ്യക്തമാക്കി. യുക്രെയ്ൻ അതിർത്തിയിൽ ആഴ്ചകളായി ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണു സജ്ജരായി നിൽക്കുന്നത്. മിസൈലുകളും ടാങ്കുകളും അടക്കം യുദ്ധസാമഗ്രികളും വിന്യസിച്ചിട്ടുണ്ട്. മുൻ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്നിനെ 2014ൽ ആക്രമിച്ച റഷ്യ ക്രൈമിയ പിടിച്ചെടുത്തിരുന്നു. യുക്രെയ്ൻ നാറ്റോ അംഗമല്ലെങ്കിലും അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, റുമേനിയ, സ്ലോവാക്യ എന്നിവ നാറ്റോ അംഗരാജ്യങ്ങളാണ്.
ഭീഷണി നേരിടാൻ കിഴക്കൻ യൂറോപ്പിലേക്ക് 5000 സൈനികരെ അയയ്ക്കാനുള്ള ശുപാർശ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. ഹംഗറിയുടെ ആണവനിലയ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിക്തോർ ഓർബാൻ അടുത്തയാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ഫ്രാൻസ്, ജർമനി, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ നാളെ പാരിസിൽ ചർച്ച നടത്തും.

അതിനിടെ, റഷ്യ പിടിച്ചെടുത്ത ക്രൈമിയ യുക്രെയ്നിനു തിരിച്ചുകിട്ടില്ലെന്നു പറഞ്ഞു വിവാദത്തിലായ ജർമനിയുടെ നാവികസേനാ മേധാവി വൈസ് അഡ്മിറൽ കയ് അചിം ഷോൻബാച് രാജിവച്ചു. പുടിന് അർഹമായ ആദരം നൽകണമെന്നും അദ്ദേഹം ന്യൂഡൽഹി സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. ഇത് യുക്രെയ്ൻ ഭരണകൂടത്തിനു കടുത്ത നീരസമുണ്ടാക്കിയ സാഹചര്യത്തിലാണു രാജി.

യുക്രെയ്ൻ ഉൾപ്പെടെ റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളെ ചേർത്ത് നാറ്റോ സൈനികസഖ്യം വികസിപ്പിക്കരുതെന്നാണ് പുടിൻ ആവശ്യപ്പെടുന്നത്. ഏതാനും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളെ സഖ്യത്തിൽ ചേർത്തത്, അമേരിക്ക നൽകിയ ഉറപ്പിനു വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.













