വിവാദമായ ലോകായുക്ത ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം നല്‍കിയ പരാതികള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം ആവശ്യമാണോ എന്ന് ആരിഫ് മുഹമ്മദ്ഖാന്‍ തീരുമാനമെടുക്കും. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്നതും സര്‍ക്കാരിന് ലോകായുക്ത വിധികളില്‍ അപ്പീല്‍പരിഗണിക്കാന്‍ അധികാരം നല്‍കുന്നതുമായ ഒാര്‍ഡിനന്‍സിലാണ് ഒപ്പുവെക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണരെ കണ്ടത് . ഒാര്‍ഡിനന്‍സ് നിലവില്‍വന്നാല്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതെയാകുമെന്നും വെറുമൊരു ഉപദേശ സംവിധാനമായി അതു ചുരുങ്ങുമെന്ന വിമര്‍ശനമാണ് യര്‍ന്നിട്ടുള്ളത്. മാത്രമല്ല ലോകായുക്ത വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ പരാമര്‍ശം വന്നാല്‍ അത് ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരെ വിധിപ്രസ്താവം ഉണ്ടായാല്‍ അത് മുഖ്യമന്ത്രിക്കും പുനപരിശോധിക്കാമെന്നും ഒാര്‍ഡിനന്‍സ് പറയുന്നു. ഒാര്‍ഡിനന്‍സിലെ ഈ വകുപ്പ് ചട്ടവിരുദ്ധവും നിയമവാഴ്ചക്ക് എതിരുമാണെന്ന വാദമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ലോകായുക്ത വിധി പുനപരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിക്ക് മാത്രമാണ്. ജുഡീഷ്യറിയുടെ അധികാരം കവരുന്നതാണ് ഒാര്‍ഡിനന്‍സെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
മാത്രമല്ലപ്രസിഡന്‍റിന്റെ അനുമതിയോടെ പാസാക്കിയ നിയമത്തില്‍ കാതലായ മാറ്റം വരുത്തുമ്പോള്‍ അതിനും പ്രസിഡന്‍റിന്‍റെ അനുവാദം വേണമെന്ന് പ്രതിപക്ഷം വാദിക്കുന്നു. പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളടെ പ്രതിനിധി സംഘവും എം.കെ.പ്രേമചന്ദ്രന്‍ എം.പിയുമാണ് ഒാര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവയുടെ പകര്‍പ്പ് ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കി. ഇവയുന്നയിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മറുപടി പരിഗണിച്ചശേഷം കൂടുതല്‍നിയമോപദേശം വേണ്ടതുണ്ടോ എന്ന് ഗവര്‍ തീരുമാനിക്കും.
അതേസമയം, ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് പരസ്യമാക്കിയ സി.പി.ഐയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി സി.പി.എം. കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസത്തിനകം കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും. അതേസമയം സി.പി.എം നിലപാടില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ലോകായുക്ത ഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ ന്യായീകരിച്ച് സി.പി.എം നിരുത്തുന്ന എല്ലാ വാദങ്ങളെയും തള്ളിക്കളയുന്നതാണ് കാനം രാജേന്ദ്രന്റെ പരസ്യപ്രതികരണങ്ങള്‍. പ്രതിപക്ഷം അത് ആയുധമാക്കുകയും ചെയ്തതോടെയാണ് മുന്നണിയിലെ ഭിന്നത ഒഴിവാക്കാനായി കാനത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിച്ചത്.
സി.പി.ഐയുടെ പരസ്യനിലപാടില്‍ സി.പി.എമ്മിന് കടുത്ത അതൃപ്തിയുണ്ട്. ഓര്‍ഡിനന്‍സ് രണ്ട് തവണ മന്ത്രിസഭയിലെത്തിയപ്പോളും സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിയിക്കാതിരുന്ന ശേഷം പരസ്യമായി എതിര്‍ക്കുന്നത് മുന്നണിമര്യാദ ലംഘനമെന്ന വികാരമാണ് സി.പി.എമ്മിനുള്ളത്. ഇതും ഒപ്പം ഭേദഗതിയുടെ സാഹചര്യവും കാനത്തോട് വിശദീകരിക്കുകയാണ് ചര്‍ച്ചയിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്. എന്നാല്‍ മന്ത്രിസഭയിലേക്ക് ഓര്‍ഡിനന്‍സ് വരും മുന്‍പ് മുന്നണിയില്‍ കൂടിയാലോചനയുണ്ടായില്ലെന്നും നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയെന്നുമാണ് കാനത്തിന്റെ നിലപാട്.
കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ലോകായുക്തയെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെന്നും കാനം ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും. എങ്കിലും ചര്‍ച്ചയിലൂടെ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമാകുമെന്ന് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നു. അതിനിടെ ലോകായുക്ത ഭേദഗതിയിലെ സര്‍ക്കാര്‍ നിലപാട് സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ വിരുദ്ധമായതിനാല്‍ പിന്മാറാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സി.പി.എം കേന്ദ്രനേതൃത്വം ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല.













