ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്. രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടാകില്ലെന്ന സൂചന ഗതാഗത മന്ത്രി നല്‍കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.













