യുഎഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്കു അടുത്തവർഷം ജൂൺ ഒന്നുമുതൽ ലാഭത്തിൻമേൽ നികുതി ഏർപ്പെടുത്തുന്നു. പ്രതിവർഷം 3,75,000 ദിര്‍ഹത്തിനു മുകളിലുള്ള ലാഭത്തിനായിരിക്കും ഒൻപതു ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്നത്. വ്യക്തിഗത വരുമാനത്തിനു നികുതി ബാധകമായിരിക്കില്ല.
യുഎഇയിൽ ഇതാദ്യമായാണ് ബിസിനസുകൾക്ക് ലാഭത്തിൻമേൽ നികുതി ഏർപ്പെടുത്തുന്നത്. വലിയവ്യവസായസംരംഭങ്ങൾക്കായിരിക്കും നികുതി ബാധകമാകുന്നത്. ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിന് 3,75,000 ദിർഹം അതായത് 75 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി ബാധകമാക്കിയിട്ടില്ല. 2023 ജൂൺ ഒന്നിന് ശേഷം ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിലാകും നിയമം നടപ്പാക്കി തുടങ്ങുക. ജോലിയിൽ നിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റ് ഇടപാട് ലാഭം തുടങ്ങി വ്യക്തികൾ വാണിജ്യാടിസ്ഥാനത്തിൽ നിന്നല്ലാതെ നേടുന്ന ലാഭത്തിനു നികുതി ബാധകമായിരിക്കില്ല.
ഓഹരി വിപണിയിൽ നിന്ന് നേടുന്ന മൂലധന നേട്ടത്തിനും നികുതിയുണ്ടാകില്ല. ഒന്നിലധികം കമ്പനികൾ ഉണ്ടെങ്കിൽ അവയുടെ ലാഭനഷ്ടങ്ങൾ ഒന്നായി കണക്കാക്കി നികുതി നൽകിയാൽ മതിയാകും. വർഷത്തിൽ ഒറ്റത്തവണ നികുതി അടവും റിട്ടേണും സമർപ്പിക്കാം. യുഎഇയിൽ ഇതുവരെ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും മാത്രമായിരുന്നു 20% നികുതി ബാധകമായിരുന്നത്. ചില എമിറേറ്റുകളിൽ എണ്ണ ഖനനം നടത്തുന്ന കമ്പനികൾക്കും കോർപറേറ്റ് നികുതി ബാധകമാക്കിയിരുന്നു. യുഎഇയിലെ സംരംഭങ്ങൾക്ക് യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും കമ്പനികളുമായി കൂടുതൽ സജീവമായി ഇടപാടുകൾ നടത്തുന്നതിനു പുതിയ തീരുമാനം ഗുണകരമാകുമെന്നാണു വിലയിരുത്തൽ.













