കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. സാങ്കേതിക പ്രായോഗികതയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഡിപിആറില്‍ നല്‍കിയിട്ടില്ല. വിദേശവായ്പയെടുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കും. ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ട് ലഭിച്ചാലേ അറിയാന്‍ കഴിയൂവെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടി കേരളം നല്‍കിയ ഡിപിആറില്‍ മതിയായ സാങ്കേതിക വിവരങ്ങളില്ലെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് എന്‍ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി. റെയില്‍വേ ബോര്‍ഡിനാണ് കേരളം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. അലൈന്‍മന്‍റ് പ്ലാന്‍, ഏറ്റെടുക്കേണ്ട റെയില്‍വേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, റെയില്‍വേ ആസ്തി എത്ര വേണ്ടിവരുമെന്ന സോണല്‍ റെയില്‍വേയുടെ റിപ്പോര്‍ട്ട്, നിലവിലെ റെയില്‍വേ ലൈനുകളിലുള്ള ക്രോസിങ് എന്നിവയുടെ വിവരങ്ങള്‍ കേരളം നല്‍കണം. സാമൂഹിക ആഘാതപഠനത്തിന് കേരളം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായാല്‍ മാത്രമേ ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടെത്താനാകൂ. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 530.6 കിലോ മീറ്റര്‍ അര്‍ധ അതിവേഗ പാതയ്ക്ക് 63,941 കോടി രൂപയാണ് കെ റെയില്‍ ചെലവ് നിശ്ചയിച്ചിട്ടുള്ളത്.
33,700 കോടി രൂപ എഡിബി അടക്കം വിവിധ വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാന്‍ ധനകാര്യവകുപ്പിന്‍റെ അനുമതി തേടിയിട്ടുണ്ടെന്നും റെയില്‍വേമന്ത്രി വ്യക്തമാക്കി.സില്‍വര്‍ ലൈനിന്‍റെ പേരില്‍ നിര്‍ബന്ധിത ഭൂമിയേറ്റെടുക്കല്‍ നടക്കുകയാണെന്ന് വിഷയം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ പറഞ്ഞു. റെയില്‍വേ സഹമന്ത്രി മറുപടി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് യുഡിഎഫ് എംപിമാര്‍ ബഹളം വെച്ചു. സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത പരിശോധിച്ച ശേഷമേ പദ്ധതിക്ക് അനുമതി നല്‍കൂെവന്നും റെയില്‍ മന്ത്രി വ്യക്തമാക്കി.













