ബെയ്ജിങ് ശൈത്യകാല ഒളിംപിക്സിന്‍റെ ഉദ്ഘാടന,സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്ക്കരിക്കും. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികനെ ദീപശിഖയേന്താന്‍ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ നാല് സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂവെന്ന ചൈനയുടെ അവകാശവാദം ഓസ്ട്രേലിയന്‍ മാധ്യമം തള്ളി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ശൈത്യകാല ഒളിംപിക്സിന് ദീപശിഖയേന്തുമെന്ന് ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഈ സൈനികന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാലുതവണ ദേശീയ സ്കേറ്റിങ് ചാംപ്യനായിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. ഒളിംപിക്സിനെ ചൈന രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. ശൈത്യകാല ഒളിംപിക്സിന്‍റെ ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പങ്കെടുക്കില്ല.
ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യുവരിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് ചൈന പറഞ്ഞത്. എന്നാല്‍ ചൈനയുടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമമായ ദ് ക്ലാക്സണിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ചൈനയുടെ അവകാശവാദത്തിന്‍റെ ഒന്‍പത് ഇരട്ടിയാണ് മരണസംഖ്യയെന്ന് ദ് ക്ലാക്സണ്‍ പറയുന്നു. സൈനികരുടെ മൃതദേഹങ്ങള്‍ ഷിക്വാന്‍ഹെ രക്തസാക്ഷി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് സൈനികരുടെ സ്വദേശങ്ങളില്‍ മരണാനന്തരച്ചടങ്ങുകള്‍ നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.













