അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന അഞ്ചു വയസുകാരനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചത് സ്വന്തം ജീവന്‍ മറന്നുളള ഓട്ടോ ഡ്രൈവറുടെ പരിശ്രമം. കുട്ടി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയിലാണ് മലപ്പുറം താനാളൂരിലെ ഓട്ടോ ഡ്രൈവര്‍.
ഓട്ടോറിക്ഷ അടുത്തെത്തിയപ്പോഴാണ അഞ്ചു വയസുകാരന്‍ ത്വാഹ യൂസഫ് റോഡ് മുറിച്ചു കടന്നത്. കുട്ടിയെ തട്ടുന്നത് ഒഴിവാക്കാന്‍ ഡ്രൈവര്‍ ഓണക്കാട് ചോലക്കല്‍ ശ്രീനിവാസന്‍ ഓട്ടോറിക്ഷ പരമാവധി വെട്ടിച്ചു മാറ്റി. ഒാട്ടോറിക്ഷ അടുത്തെത്തിയത് ശ്രദ്ധിക്കാതെ കുട്ടി മുന്നോട്ടു പോവാന്‍ ശ്രമിക്കുന്നതിനിടെ വലത്തോട്ട് വെട്ടിക്കുകയും ബ്രേക്ക് ചെയ്യുകയും ഒന്നിച്ചു ചെയ്തതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഞ്ചു വയസുകാരന്‍ ത്വാഹ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കുട്ടിയെ രക്ഷിക്കാന്‍ അവസാന നിമിഷം വരേയും പ്രയത്നിച്ച ശ്രീനിവാസന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. അപകടത്തില്‍ തോളെല്ലിനു സാരമായി പരുക്കേറ്റ ശ്രീനിവാസന്‍ വിശ്രമത്തിലാണ്.
ത്വാഹ യൂസഫിനൊപ്പം പിതാവ് അഷ്കറും കുടുംബവുമെല്ലാം ശ്രീനിവാസനെ നേരില്‍ കണ്ട് നന്ദി പറയാനെത്തിയിരുന്നു. ജില്ല പഞ്ചായത്ത്് അംഗം വി.കെ. എം. ഷാഫിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സ്നേഹമറിയിക്കാന്‍ എത്തിയിരുന്നു.













